സഊദി: വാടക കൂടുന്നത് തടയാനുറച്ച് ഭരണകൂടം; വര്‍ധനവ് മരവിപ്പിക്കല്‍ രാജ്യവ്യാപകമാക്കും; ജുമുഅ ഖുതുബയിലും വിഷയമാകും | Saudi Rent Increase
റിയാദ്: വിഷന്‍ 2023ന്റെ ഭാഗമായുള്ള കുതിച്ചു ചാട്ടത്തിലാണ് സഊദി അറേബ്യ. അതിനാല്‍ വമ്പന്‍ വ്യവസായികള്‍ ഉള്‍പ്പെടെ സഊദി അറേബ്യയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഇക്കാരണത്താല്‍ രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ ഉണര്‍വ് ഉണ്ടായി. ആളുകള്‍ ഒഴുകിത്തുടങ്ങുമെന്ന് കണ്ടതോടെ തക്കംനോക്കി തലസ്ഥാനമായ റിയാദിലും പ്രധാന നഗരമായ ജിദ്ദയിലും വലിയ തോതിലാണ് വാടക വര്‍ധനവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ റിയാദിലും ജിദ്ദയിലും ഏകദേശം 280 ശതമാനത്തോളം വാടക കൂട്ടിയതായാണ് റിപ്പോര്‍ട്ട്.
വിദേശ കമ്പനികളെ ആകര്‍ഷിപ്പിക്കാനുള്ള പദ്ധതികളാണ് പ്രധാനമായും സഊദി അറേബ്യയിലേക്കുള്ള ഒഴുക്കിനിടയാക്കിയത്. ഒപ്പം പ്രഫഷണലുകള്‍ കുടുംബത്തോടൊപ്പം വരാനും തുടങ്ങിയതോടെ കണ്ണായ സ്ഥലങ്ങളിലെ എ ക്ലാസ് (A Class) ബിള്‍ഡിങ്ങുകള്‍ നിറഞ്ഞു. ഇതു മുതലെടുത്താണ് വാടക നിരക്ക് കുത്തനെ കൂട്ടിയത്. എന്നാല്‍, കെട്ടിട ഉടമകള്‍ക്കെതിരേ പരാതി വ്യാപകമായതോടെ സൗദി ഭരണകൂടം ഇടപെട്ടു. ഇതുപ്രകാരം കുടിയേറ്റക്കാരുടെയും ഭൂവുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി റിയാദില്‍ അഞ്ചു വര്‍ഷത്തേക്ക് വാടക വര്‍ധനവ് മരവിപ്പിച്ചു. റിയാദിലെ വാടക വില സ്ഥിരപ്പെടുത്തുന്നതിനായി സൗദി അറേബ്യ വിപുലമായ പുതിയ നിയന്ത്രണങ്ങളും നടപ്പാക്കി. ഇതില്‍ റെസിഡന്‍ഷ്യല്‍, വാണിജ്യ സ്വത്തുക്കളുടെ വാടക വില വര്‍ധനവിന് അഞ്ച് വര്‍ഷത്തെ മരവിപ്പിക്കല്‍ എന്നിവയും ഉള്‍പ്പെടുന്നു. സെപ്റ്റംബര്‍ 25 മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമം അനുസരിച്ച് റിയാദിന്റെ നഗര അതിര്‍ത്തിക്കുള്ളിലെ നിലവിലുള്ളതോ പുതിയതോ ആയ കരാറുകളില്‍ അഞ്ച് വര്‍ഷത്തേക്ക് വാടക മൂല്യം വര്‍ധിപ്പിക്കാന്‍ ഭൂവുടമകള്‍ക്ക് അനുവാദമില്ല.
വാടക വര്‍ധനവ് മരവിപ്പിക്കല്‍ എല്ലാ നഗരങ്ങളിലേക്കും
റിയാദിലെ വാടക വര്‍ധനവ് സംബന്ധിച്ച് ഓഗസ്റ്റില്‍ ഇറങ്ങിയ രാജകീയ ഉത്തരവില്‍ മറ്റ് നഗരങ്ങളിലും വാടക വര്‍ധനവ് മരവിപ്പിക്കല്‍ വ്യാപിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. സാമ്പത്തിക വികസന കാര്യ കൗണ്‍സിലിന്റെ അംഗീകാരത്തോടെ മറ്റ് നഗരങ്ങളിലേക്കോ പ്രദേശങ്ങളിലേക്കോ വാടക വര്‍ധനവ് മരവിപ്പിക്കല്‍ നീട്ടാന്‍ ജനറല്‍ റിയല്‍ എസ്റ്റേറ്റ് അതോറിറ്റിക്ക് അധികാരമുണ്ടായിരിക്കുമെന്നും അറിയിക്കുകയുണ്ടായി. അതും നടപ്പാക്കാനാണ് ഇപ്പോള്‍ സൗദി ഭരണകൂടത്തിന്റെ തീരുമാനം.
സൗദി നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് സൂചകങ്ങള്‍ നിരീക്ഷിക്കുന്നത് അതോറിറ്റി തുടരുകയാണെന്നും വിപണി മാനദണ്ഡങ്ങള്‍ക്കും ഓരോ നഗരത്തിന്റെയും നിരീക്ഷണത്തിന്റെ ഫലങ്ങള്‍ക്കും അനുസൃതമായി നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്നും സൗദി റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി വക്താവ് തെയ്‌സീര്‍ അല്‍ മുഫറജ് പറഞ്ഞു. ശേഷിക്കുന്ന സിറ്റികളുടെ പ്രാന്തപ്രദേശത്ത് ഒഴിഞ്ഞുകിടക്കുന്ന പാര്‍പ്പിട, വാണിജ്യ സ്വത്ത് പാട്ടത്തിനുള്ള മൊത്തം വാടക മൂല്യം അതനുസരിച്ച് സ്ഥിരപ്പെടുത്തും. റിയല്‍ എസ്റ്റേറ്റ് നിരീക്ഷണ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ ഭൂവുടമകളും കുടിയാന്മാരും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുന്നതിനുള്ള വഴികളും അതോറിറ്റി പഠിക്കുന്നുണ്ട്.
ജുമുഅ ഖുതുബയിലും വാടക വിഷയം
അനധികൃതമായും, അന്യായമായും വാടക കൂട്ടുന്നത് തടയാനുള്ള കാംപയിനിലാണ് സൗദി ഭരണകൂടം. ഒരേസമയം, നിയമപരമായും ധാര്‍മിക ഉദ്‌ബോധനത്തിലൂടെയും ഇത് നടപ്പാകാനാണ് തീരുമാനം. തലസ്ഥാനത്തെ വാടക വര്‍ധനവ് നിരോധനം രാജ്യ വ്യാപകമാക്കാനുള്ള നീക്കത്തിന് പിന്നാലെ, അടുത്ത വെള്ളിയാഴ്ച ഈ വിഷയം ജുമുഅ ഖുതുബയില്‍ ഉള്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. കെട്ടിട ഉമടകളോട് അമിത വാടക വാങ്ങുന്നതിന്റെ ഭവിഷ്യത്തും അതിലെ അധാര്‍മികതയുമാകും ഖതീബുമാര്‍ ചൂണ്ടിക്കാട്ടുക.
നിലവില്‍ ഈജാര്‍ എന്ന പ്ലാറ്റ്‌ഫോം വഴിയാണ് കെട്ടിട ഉടമകളും വാടകക്കാരും തമ്മിലുള്ള കരാര്‍. നേരത്തെ ഇതില്‍ ഉടമസ്ഥന് തോന്നുംവിധം ഒഴിപ്പിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വാടകക്കാരന് കൂടി അവകാശം നല്‍കുന്ന നിയമങ്ങളുണ്ട്. ഒരാളെ കെട്ടിട ഉടമയ്ക്ക് തോന്നും പോലെ ഒഴിവാക്കാനാകില്ല.
The Saudi Real Estate General Authority unveiled its plans to carry out studies on expanding the implementation of the regulations with regard to freezing rent increase to encompass all regions across the Kingdom for a period of five years. Tayseer Al-Mufarrej, spokesman of the authority, said that the authority continues to monitor real estate indicators in the Saudi cities and the regulations will be implemented in accordance with market standards and the outcome of monitoring of each city.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."