മര്‍വാന്‍ ബര്‍ഗൂത്തി, അഹ്‌മദ് സാദത്ത്...ഹമാസ് അക്കമിട്ട് നിരത്തിയ നിര്‍ദ്ദേശങ്ങളില്‍ ഒന്ന് ഈ ആറ് പോരാളികളുടെ മോചനമാണ്
ഷറം അല്‍ ഷെയ്ഖ് (ഈജിപ്ത്): ഗസ്സയില്‍ സമാധാനം കൊണ്ടുവരാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച പദ്ധതിയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ മുന്നോട്ടുവച്ച് ഹമാസ്. ഈജിപതിലെ ഷറം അല്‍ ഷെയ്ഖില്‍ നടക്കുന്ന രണ്ടാം ദിവസത്തെ ചര്‍ച്ചയിലാണ് ഹമാസ് ആവശ്യങ്ങളുന്നയിച്ചത്. ഗസ്സയില്‍നിന്ന് ഇസ്‌റാഈല്‍ സൈന്യം പൂര്‍ണമായി പിന്‍വാങ്ങുക, സ്ഥിരം വെടിനിര്‍ത്തല്‍, ഗസ്സയിലേക്ക് മനുഷ്യത്വ സഹായവും ദുരിതാശ്വാസ വസ്തുക്കളും നിയന്ത്രണമില്ലാതെ കടത്തിവിടുക, പലായനം ചെയ്യപ്പെട്ട ആളുകളെ അവരവരുടെ നാട്ടില്‍ തിരികെയെത്താന്‍ അനുവദിക്കുക, ഗസ്സയുടെ പൂര്‍ണമായ പുനര്‍നിര്‍മാണം എത്രയും വേഗം തുടങ്ങുക, പുനര്‍നിര്‍മാണത്തിന് ടെക്‌നോക്രാറ്റുകളുടെ ഫലസ്തീന്‍ ദേശീയ ബോഡി മേല്‍നോട്ടം വഹിക്കുക, തടവുകാരെ കൈമാറുക എന്നിവയാണ് ഹമാസ് മുന്നോട്ടുവച്ച ആവശ്യങ്ങള്‍.
ഹമാസ് വക്താവ് ഫൗസി ബര്‍ഹൗം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗസ്സയിലെ തങ്ങളുടെ ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന പദ്ധതികള്‍ അംഗീകരിക്കാതെ കരാറില്‍ ഏര്‍പ്പെടാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ ഇസ്‌റാഈല്‍ സേനയുടെ ഗസ്സയില്‍നിന്നുള്ള പൂര്‍ണ പിന്‍മാറ്റം, ബന്ദികളെ മോചിപ്പിക്കല്‍, സ്ഥിരം വെടിനിര്‍ത്തല്‍, പുനര്‍നിര്‍മാണം, തടവുകാരുടെ കൈമാറ്റം തുടങ്ങിയവ യു.എസ് പ്രസിഡന്റിന്റെ പദ്ധതിയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴത്തെ വട്ടമേശ ചര്‍ച്ച തടസപ്പെടുത്താന്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ശ്രമിക്കുന്നുണ്ടെന്ന് ഫൗസി ബര്‍ഹൗം ആരോപിച്ചു. അമേരിക്കയുടെ പൂര്‍ണ പങ്കാളിത്തത്തോടെയാണ് ഗസ്സയിലെ ആക്രമണമെന്നും ക്രൂരമായ സൈനിക നടപടിയാണ് ഗസ്സയില്‍ നടക്കുന്നതെന്നും ഹമാസ് വക്താവ് പറഞ്ഞു. ഇതിന് യു.എസ് പരിധിയില്ലാത്ത പിന്തുണ നല്‍കുന്നുണ്ടെന്നും ഹമാസ് വക്താവ് പറഞ്ഞു.
ഷറം അല്‍ ഷെയ്ഖില്‍ നടന്ന ചര്‍ച്ചയെ കുറിച്ച് ഇസ്‌റാഈല്‍ പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിലാണ് തങ്ങള്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് യു.എസ് സംഘം പറഞ്ഞു. വിഷയത്തില്‍ ഈജിപ്ത് പ്രതികരിച്ചിട്ടില്ലെങ്കിലും നിരവധി കാര്യങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും പെട്ടെന്നൊരു കരാറുണ്ടാക്കുക പ്രയാസമാണെന്നും മധ്യസ്ഥരായ ഖത്തര്‍ പറഞ്ഞു.
കൂടാതെ ചര്‍ച്ചയില്‍ ഹമാസ് മുന്നോട്ട് വെച്ച ആവശ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ആറ് പേരുടെ മോചനം. ആ ആറ് പേര്‍ ആരൊക്കെ എന്നറിയാം.
മര്‍വാന്‍ ബര്‍ഗൂത്തി- ഫലസ്തീനികളുടെ മണ്ടേല. ഹമാസിന്റെ ലിസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട ആള്‍. ഫതഹിന്റെ നേതാവായിരുന്നു. പിന്നീട് അല്‍ അഖ്‌സ ബ്രിഗേഡ് സ്ഥാപിച്ചു. അധിനിവേശ ശക്തിയുടെ സേനാ തലവനെതിരെ നടത്തിയ വധശ്രമം പരാജയപ്പെട്ടെങ്കിലും സയണിസ്റ്റുകളെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു. രണ്ടാം ഇന്‍തിഫാദയില്‍ പ്രധാന പങ്കുവഹിച്ചു. കഴിഞ്ഞ ആഴ്ചയും ഏറ്റവും ക്രൂരനായ സയണിസ്റ്റ് തീവ്രവാദി ബെന്‍ഗവിര്‍ ഇദ്ദേഹത്തെ ജയിലില്‍ പോയി നേരിട്ട് ആക്ഷേപിക്കുന്ന വീഡിയോ അധിനിവേശ ഭീകരര്‍ പുറത്ത് വിട്ടിരുന്നു. ജയിലില്‍ വര്‍ഷങ്ങളായിട്ടും അധിനിവേശ ഭീകരര്‍ ഭയപ്പെടുന്നവരില്‍ ഒരാണ് അദ്ദേഹം. 2002 ഏപ്രിലില്‍ അധിനിവേശ സേന തട്ടിക്കൊണ്ട് പോയി തടങ്കലിലാക്കി. അഞ്ച് കൊലക്കുറ്റങ്ങളാണ് പിന്നീട് അദ്ദേഹത്തിന് മേല്‍ സയണിസ്റ്റ് കോടതി ചുമത്തിയത്. നിരവധി വധശ്രമങ്ങളെ അദ്ദേഹം അതിജീവിച്ചിട്ടുണ്ട്.
അഹ്‌മദ് സാദത്ത് - 2001 മുതല്‍ ഫലസ്തീന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം. അദ്ദേഹത്തെ മുന്‍ഗാമി അബു അലി മുസ്തഫ കൊല്ലപ്പെട്ട ശേഷമാണ് അദ്ദേഹം ഈ സ്ഥാനത്തെത്തുന്നത്. ഫലസ്തീന്‍ പോപ്പുലര്‍ ഫ്രണ്ട് ഒരു മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പ്രസ്ഥാനമാണ്. 2002 ല്‍ അധിനിവേശ ശക്തിയുടെ നേതാവായിരുന്ന റഹാവം സെഅവിയെ വധിച്ചതിന് നേതൃത്വം നല്‍കിയെന്ന് ആരോപിച്ചാണ് ഇദ്ദേഹത്തെ തടവിലാക്കുന്നത്. അധിനിവേശ ഭരണകൂടവുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ഫലസ്തീന്‍ അതോറിറ്റിയുടെ പൊലിസ് തന്നെയാണ് പാര്‍പ്പിടത്തില്‍ നിന്നും പിടിച്ച് അധിനിവേശ ശക്തികള്‍ക്ക് കൈമാറിയത്.
ഇബ്രാഹിം ഹമ്മാദ് - വെസ്റ്റ് ബാങ്കിലെ ഹമാസിന്റെ മുഖമാണ് അദ്ദേഹം. ജൂദിയയിലെയും സമരിയയിലെയും ഹമാസ് സേനയുടെ കമാന്‍ഡര്‍ ഇന്‍ ചീഫ്. 2006 ല്‍ അധിനിവേശ ശക്തികള്‍ തടങ്കലിലാക്കി. 2001 ല്‍ ജറൂസലേമിലെ സിയോണ്‍ സ്വക്വയറില്‍ നിരവധി സയണിസ്റ്റുകള്‍ മരണപ്പെട്ട ബോംബ് പൊട്ടലിലും, ജറൂസലേമിലെ തന്നെ കഫേ മൊമന്റില്‍ ബോംബ് പൊട്ടി അമ്പതോളം സയണിസ്റ്റുകള്‍ മരിച്ചു പോയതിലും പങ്കുണ്ടെന്ന് പറഞ്ഞാണ് അറസ്റ്റ് ചെയ്തത്.
അബ്ദുല്ലാ ബര്‍ഗൂത്തി - ഹമാസിന്റെ രൂപീകരണ ശേഷം ഫലസ്തീനിലെ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം ബ്രിഗേഡിന്റെ എഞ്ചിനീയര്‍. രണ്ടാം ഇന്‍തിഫാദയിലെ ഏറ്റവും വലിയ മാരക പ്രഹരശേഷിയുള്ള ആയുധമായിരുന്ന ആത്മഹത്യാ സ്‌ക്വാഡുകള്‍ക്ക് വേണ്ടി പ്രത്യേകതരം ബോംബുകള്‍ നിര്‍മിച്ച് നല്‍കിയ അതിവിദഗ്ധനായ എഞ്ചിനീയറാണ് ബര്‍ഗൂതി. ഹമാസിന്റെ എഞ്ചിനീയറിംഗ് ഡിവിഷന്റെ തലവന്‍. ഹമാസിന്റെ രൂപീകരണത്തില്‍ പങ്കാളിയായ ജീവിച്ചിരിക്കുന്ന ഹൈ പ്രൊഫൈല്‍ നേതാക്കളില്‍ ഒരാള്‍ കൂടിയാണ് ബര്‍ഗൂതി. 2004 ല്‍ ഗസ്സയില്‍ നിന്നും അധിനിവേശ ഭീകരര്‍ തട്ടിക്കൊണ്ട് പോയി തടങ്കലിലാക്കി.
5. അബ്ബാസ് അസ്സയ്യിദ് - ഹമാസിന്റെ പ്രധാന നേതാക്കളില്‍ ഒരാളാണ് ശൈഖ് സയ്യിദ് അബ്ബാസ് ബിന്‍ മുഹമ്മദ്. ദുല്‍ഖറമിലെ ഹമാസ് കമാന്‍ഡര്‍ ഇന്‍ ചീഫ്. നെതന്യാ പാര്‍ക്ക് ഹോട്ടലില്‍ ബോംബ് വീണ് 30 ഓളം സയണിസ്റ്റുകള്‍ മരിക്കുകയും നൂറോളം സയണിസ്റ്റ് തീവ്രവാദികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയത സംഭവത്തില്‍ പങ്കാളിയായെന്നും, 2000 മുതല്‍ 2006 വരെ രണ്ടാം ഇന്‍തിഫാദയുടെ കാലത്ത് നടന്ന് ആത്മഹത്യാ സ്‌ക്വാഡുകളെ പരിശീലിപ്പിക്കുന്നതില്‍ പ്രധാനിയെന്നും ആരോപിച്ച് അധിനിവേശ ഭീകരര്‍ 2006 ല്‍ തട്ടിക്കൊണ്ട് പോയി തടങ്കലിലാക്കി.
6. ഹസ്സന്‍ സലാമ - ഇസ്സുദ്ദീന്‍ ഖസ്സാം ബ്രിഗേഡിന്റെ ആംഡ് വിംഗിന്റെ സീനിയര്‍ ഓപ്പറേഷന്‍സ് കമാന്‍ഡര്‍. ഗസ്സയിലെ ഖാന്‍ യൂനിസ് സ്വദേശി. ജറൂസലേമും ഹെബ്രോണും കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം നടത്തിയിരുന്നത്. ഹമാസിലേക്ക് പുതിയ സ്വാതന്ത്ര സമര പോരാളികളെ തെരഞ്ഞെടുത്ത് പരീശീലനം നല്‍കുന്നതിലായിരുന്നു പൂര്‍ണ സമയവും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. 96 മുതല്‍ അധിനിവേശ ശക്തികളുടെ അനധികൃത തടങ്കലിലാണ് ശൈഖ് സലാമ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."