കോർപ്പറേറ്റുകളുടെ വായ്പകൾ എഴുതിത്തള്ളാൻ യാതൊരു മടിയുമില്ല; അർഹതപ്പെട്ടവർക്ക് കേന്ദ്രം ഒരു സഹായവും നൽകുന്നില്ല; വയനാട് വിഷയത്തിൽ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ വായ്പകൾ എഴുതിതള്ളാത്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതികരണവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. കേന്ദ്രത്തിന്റെ നടപടി ഞെട്ടിപ്പിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. കോർപ്പറേറ്റുകളുടെ വായ്പകൾ കണ്ണടച്ച് എഴുത്തുതിതള്ളാൻ യാതൊരു മടിയും കാണിക്കാത്ത കേന്ദ്ര സർക്കാരിന് അർഹമായവർക്ക് സഹായം പോലും ഉറപ്പാക്കാനാകുന്നില്ലെന്നും പ്രിയങ്ക പ്രതികരിച്ചു.
തങ്ങളുടേതല്ലാത്ത കാരണത്താൽ സങ്കൽപ്പിക്കാൻ പോലുമാകാത്ത വേദനയിലൂടെ കടന്നുപോയവരാണ് വയനാട് മുണ്ടക്കൈയിലെ ദുരിത ബാധിതർ. കോർപറേറ്റുകളുടെ വായ്പയുടെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറിയൊരു തുക മാത്രമാണ് ഇവരുടെ വായ്പയിനത്തിൽ ഒഴിവാക്കാൻ ഉള്ളത്. ജനങ്ങൾക്ക് എപ്പോഴാണോ സഹായം അത്യാവശ്യമായിരുന്നത്, ആ സാഹചര്യത്തിൽ കേന്ദ്രം അവരെ പരാജയപ്പെടുത്തി എന്ന കേരള ഹൈക്കോടതി നിരീക്ഷിച്ചത് ശരിയാണെന്നും പ്രിയങ്ക ഗാന്ധി എക്‌സിൽ കുറിച്ചു.
അതേസമയം, 2024 വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ വായ്പകൾ എഴുതിതള്ളാൻ കഴിയില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെ കേരള ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. വിഷയത്തിൽ കേന്ദ്രത്തിന്റെ മെല്ലെപ്പോക്ക് അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.
ബാങ്ക് വായ്പ എഴുതി തള്ളാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അക്കാര്യം തുറന്നു പറയാനുള്ള ആര്‍ജവം കാണിക്കണം. കേന്ദ്രത്തിന് അധികാരമില്ലെന്ന ന്യായമല്ല പറയേണ്ടത്. ഇതാണ് സമീപനമെങ്കില്‍ കോടതിക്ക് കടുത്ത നിലപാട് എടുക്കേണ്ടി വരുമെന്നും കോടതി അഭിപ്രായപ്പെട്ടു.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ വായ്പ തിരിച്ചുപിടിക്കല്‍ നടപടികള്‍ സ്റ്റേ ചെയ്യാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും കേരള ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."