അല്‍ അഖ്‌സയില്‍ തീവ്ര സയണിസ്റ്റ് മന്ത്രിയുടെ അതിക്രമം; അപലപിച്ച് ഖത്തറും സഊദിയും
ദോഹ: അധിനിവേശ കിഴക്കന്‍ ജറുസലേമിലെ വിശുദ്ധ മസ്ജിദുല്‍ അഖ്‌സയില്‍ തീവ്ര സയണിസ്റ്റ് മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വീറും ജൂത കുടിയേറ്റക്കാരും അതിക്രമിച്ചു കയറിയതിനെ ഖത്തറും സഊദി അറേബ്യയും അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനവും ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതുമാണ് മന്ത്രിയുടെ നടപടിയെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞു.
ഫലസ്തീന്‍ ജനതയ്ക്കും അവരുടെ ഇസ്ലാമിക, ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങള്‍ക്കുമെതിരെ ഇത്തരം ലംഘനങ്ങള്‍ തുടരുന്നതിനെതിരെയും, അതിന്റെ ഫലമായി മേഖലയില്‍ അക്രമം വര്‍ദ്ധിക്കുന്നതിനെതിരെയും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. ജറുസലേമിനോടും അതിന്റെ പുണ്യസ്ഥലങ്ങളോടും അന്താരാഷ്ട്ര സമൂഹം അവരുടെ ധാര്‍മ്മികവും നിയമപരവുമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റേണ്ടതിന്റെ ആവശ്യകതയാണ് ഏറ്റവും പുതിയ അതിക്രമം വിരല്‍ചൂണ്ടുന്നതെന്നും ഖത്തര്‍ ഓര്‍മിപ്പിച്ചു.
അല്‍ അഖ്‌സാ പള്ളിയുടെ പവിത്രതയ്‌ക്കെതിരായ തുടര്‍ച്ചയായ ആക്രമണങ്ങളെ സൗദി ഭരണകൂടവും ശക്തമായി അപലപിച്ചു. ജറുസലേമിന്റെയും അതിന്റെ പുണ്യസ്ഥലങ്ങളുടെയും ചരിത്രപരവും നിയമപരവുമായ നിലയെ ദുര്‍ബലപ്പെടുത്തുന്ന എല്ലാ നടപടികളെയും തള്ളുന്നതായി സഊദി വിദേശകാര്യമന്ത്രാലയം പ്രസ്തവനയില്‍ പറഞ്ഞു. ഫലസ്തീനിലെ ഇസ്ലാമിക പുണ്യസ്ഥലങ്ങള്‍ക്കും നിരപരാധികളായ സാധാരണക്കാര്‍ക്കുമെതിരായ ആക്രമണങ്ങള്‍ക്ക് ഇസ്‌റാഈല്‍ അധിനിവേശ സൈന്യത്തെ ഉത്തരവാദികളാക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് സഊദി ആവശ്യപ്പെടുകയും ചെയ്തു.
ബെന്‍ഗ്വീറിന്റെ നുഴഞ്ഞുകയറ്റത്തെ 'അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും നഗ്‌നമായ ലംഘനം എന്നാണ് ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. ജറുസലേമിലും ഇസ്ലാമിക, ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങളിലും ഇസ്‌റാഈലിന് പരമാധികാരമില്ലെന്നും മന്ത്രാലയം അറിയിച്ചു.
Qatar and Saudi Arabia condemn extremist Zionist minister's violence in Al-Aqsa
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."