വീണ്ടും തെരുവ് നായകളുടെ വിളയാട്ടം; പത്തുപേര്‍ക്ക് പരുക്കേറ്റു
കായംകുളം: വിവിധ ഭാഗങ്ങളില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റു.കൊച്ചീടെ ജെട്ടി പുത്തന്‍പുരക്കല്‍ അപര്‍ണ്ണ (18),ആലപ്പുഴ ഉമ്മാപറമ്പില്‍ രതീഷ് (35),ഭഗവതിപ്പടി വേങ്ങാശ്ശേരില്‍ ശ്രീധരന്‍ (34),ഭരണിക്കാവ് അരുണില്‍ അമ്മിണി (65),പത്തിയൂര്‍ കാങ്കാലില്‍ ബഷീര്‍കുട്ടി (77),ചിറക്കടവം ചൂളയില്‍ പടീറ്റതില്‍ സദാനന്ദന്‍ (70),വലിപറമ്പില്‍ അന്‍സില്‍ (17),പുതുപ്പള്ളി ജോതിസില്‍ ജോതി (48),കാപ്പില്‍മേക്ക് പൊന്നൂസ് ഭവനം രവീന്ദ്രന്‍(47),രാമപുരം ആരോമല്‍ഭവനം കൃഷ്ണ(38) എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്.
വീട്ടില്‍ വളര്‍ത്തിയ പോത്ത് പട്ടിയുടെ കടിയേറ്റ് ചത്തതിനെ തുടര്‍ന്ന് ഉടമ പുല്ലുകുളങ്ങര തറക്കണ്ടത്തില്‍ പൊന്നി(33) യും കടിയേറ്റവരും താലൂക്കാശുപത്രിയില്‍ എത്തിച്ച് പ്രതിരോധ കുത്തിവെപ്പ് എടുത്തു.കെഎസ്ആര്‍ടിസി ജംഗ്ഷനില്‍കൂടി നടന്നുപോകുമ്പോള്‍ ശ്രീധരനേയും അപര്‍ണ്ണയേയും ബൈക്കില്‍ വരവെ രതീഷിനേയും പിന്നാലെ എത്തിയ നായ കാലില്‍ കടിക്കുകയായിരുന്നു.മറ്റുള്ളവര്‍ക്ക് വീടുകള്‍ക്ക് സമീപംവച്ചുമാണ് കടിയേറ്റത്. ഇന്നലെ ഉച്ചയോടെയാണ് കടിയേറ്റവര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.കഴിഞ്ഞ ദിവസം വെയര്‍ഹൗസിനു സമീപം തുണ്ടില്‍ പുത്തന്‍വീട്ടില്‍ അബ്ദുള്‍സത്താറിന്റെ മകന്‍ സാബിത്ത് (7) ന് വീടിനുസമീപമുള്ള കടയില്‍ സാധനങ്ങള്‍ വാങ്ങാനായി പോകുമ്പോള്‍ മുതുകില്‍ കടിയേറ്റിരുന്നു.
കെഎസ്ആര്‍ടിസി ജംഗ്ഷന്‍,കോടതിപരിസരം,മിനി സവില്‍സ്റ്റേഷന്‍, സ്‌കൂള്‍ പരിസരങ്ങള്‍,റെയില്‍വേസ്റ്റേഷന്‍,മാര്‍ക്കറ്റ്, ഐക്യജഗ്ഷന്‍, തുടങ്ങിയ നഗര പ്രദേശങ്ങളിലും പുള്ളിക്കണക്ക്,കൃഷ്ണപുരം,പത്തിയൂര്‍ ,ദേവികുളങ്ങര,കണ്ടല്ലൂര്‍,ചെട്ടികുളങ്ങര,ഭരണിക്കാവ് തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കയാണ്.കൂട്ടത്തോടെ ഇവ കറങ്ങിനടക്കുന്നതുകാരണം സ്‌കൂള്‍കുട്ടികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ ഭീതിയിലാണ്.റോഡിലൂടെ അലക്ഷ്യമായി നായ്ക്കള്‍ ഓടുന്നതുകാരണം ഇരുചക്ര വാഹനങ്ങളില്‍ എത്തുന്നവര്‍ അപകടത്തില്‍ പെടുന്നതും സാധാരണമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."