'ഇത് നിങ്ങളുടെ ത്യാഗത്തിന്റെ ഫലമാണ്, രണ്ട് വര്‍ഷം ഒരു ജനതയെ വംശഹത്യ ചെയ്തിട്ടും നേടാന്‍ കഴിയാത്തത് ചര്‍ച്ചയിലൂടെ കരസ്ഥമാക്കാമെന്ന് അവര്‍ കരുതി, എന്നാല്‍ അവര്‍ ഇവിടേയും തോറ്റു' ഗസ്സന്‍ ജനതക്ക് ഹമാസിന്റെ സന്ദേശം
രണ്ട് വര്‍ഷം തുടര്‍ച്ചയായി ഒരു ജനതയെ വംശഹത്യ നടത്തിയിട്ടും...പിഞ്ചു കുഞ്ഞുങ്ങള്‍, വയോധികര്‍, ഗര്‍ഭിണികള്‍ ഉള്‍പെടെ പതിനായിരങ്ങളെ ആയുധത്താലും പട്ടിണിക്കിട്ടും കൊന്നൊടുക്കിയിട്ടും അവരുടെ എല്ലാ സന്തോഷങ്ങളേയും തകര്‍ത്തെറിഞ്ഞിട്ടും തുടങ്ങിയിടത്ത് തന്നെ നില്‍ക്കുകയാണ് ഇസ്‌റാഈല്‍. ലോകത്തെ അജയ്യ ശക്തിയെന്ന് അഹങ്കരിച്ചവരുടെ കയ്യില്‍ വട്ടപ്പൂജ്യമാണ്. നിരപരാധികളായ ഒരു പറ്റം മനുഷ്യരുടെ കണ്ണീരും ചോരയുമല്ലാതെ ഒന്നുമില്ല അവരുടെ അടുത്ത്. സ്വന്തം സൈനികരുടെ ജീവന്റെ ജനതയുടെ അവിശ്വാസത്തിന്റെ രൂക്ഷ വിമര്‍ശനങ്ങളുടെ....ഇങ്ങനെ നിരത്താന്‍ നഷ്ടക്കണക്കുകളല്ലാതെ ഒന്നുമില്ല നെതന്യാഹുവിനും സംഘത്തിനും കയ്യില്‍.
ചരിത്രപരമായ കരാറില്‍ ഒപ്പുവെച്ച ശേഷം ഹമാസ് ഫലസ്തീന്‍ ജനതക്കായി നല്‍കി സന്ദേശവും അങ്ങേഅറ്റം വൈകാരികമായിരുന്നു. നമ്മുടെ ജനങ്ങളുടെ മഹത്തായ ത്യാഗങ്ങളുടെയും, ഐതിഹാസികമായ ക്ഷമയുടെയും, ചെറുത്തുനില്‍പ്പിന്റെ ശക്തിയുടെയും ദൃഢതയുടെയും ഫലമാണ് ഈ വെടിനിര്‍ത്തല്‍. ഒക്ടോബര്‍ ഏഴാം തീയതി നമ്മുടെ ചെറുത്തുനില്‍പ്പിന്റെ നേട്ടത്തിന്റെ ഒരു പരിസമാപ്തിയില്‍ നിന്നുമാണ് ഈ കരാര്‍ ഉരുത്തിരിഞ്ഞത്.
ആക്രമണ വിരാമ കരാര്‍ ഒരു ദേശീയ നേട്ടമാണ്, അത് നമ്മുടെ ജനങ്ങളുടെ ഐക്യത്തെയും സയണിസ്റ്റ് അധിനിവേശത്തെ നേരിടാനുള്ള ചെറുത്തുനില്‍പ്പിനോടുള്ള അവരുടെ ഉറച്ച നിലപാടിനെയും ഉള്‍ക്കൊള്ളുന്നു.
ചര്‍ച്ചകളുടെ എല്ലാ ഘട്ടങ്ങളിലും, ഞങ്ങള്‍ ഗസ്സയിലെ ജനതയെ കുറിച്ചാണ് ചിന്തിച്ചത്. അവരിലേക്കാണ് ഉറ്റുനോക്കിയത്. അവരുടെ രക്തസാക്ഷിത്വത്തിനും മഹത്തായ ത്യാഗങ്ങള്‍ക്കും മോചനത്തിന്റെയും വിശ്വസ്തതയുടെയും ഒരു നിശ്ചയമുണ്ട്.
രണ്ട് വര്‍ഷക്കാലം വംശഹത്യയിലൂടെയും പട്ടിണിയിലൂടെയും അധിനിവേശകര്‍ക്ക് നേടിയെടുക്കാന്‍ കഴിയാത്തത്, ചര്‍ച്ചകളിലൂടെ നേടിയെടുക്കാമെന്ന് അവര്‍ വ്യാമോഹിച്ചു. എന്നാല്‍ ഇവിടേയും അവര്‍ പരാജയപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."