5 വർഷത്തേക്ക് വാടക വർധനവിന് വിലക്ക്; റിയാദ് മോഡൽ രാജ്യമാകെ വ്യാപിപ്പിക്കാൻ ഒരുങ്ങി സഊദി
റിയാദ്: അഞ്ച് വർഷത്തേക്ക് വാടക വർധിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ റിയാദ് മോഡൽ രാജ്യമാകെ വ്യപിപ്പിക്കാൻ ഒരുങ്ങി റിയൽ എസ്റ്റേറ്റ് അതോറിറ്റി. കൊമേഴ്‌സ്യൽ, റെസിഡൻഷ്യൽ കെട്ടിടങ്ങൾക്കും പുതിയ നിയമം ബാധകമാകും.
ഇതുസംബന്ധിച്ച് കാലതാമസം കൂടാതെ തീരുമാനം ഉണ്ടാകുമെന്ന് റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി വക്താവ് തൈസീർ അൽ മുഫറജ് വ്യക്തമാക്കി. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലെ വാടകനിരക്ക് അതി സൂക്ഷ്മമായി പരിശോധിച്ച ശേഷമാകും തീരുമാനം ഉണ്ടാകുക.
അടുത്തിടെയാണ് റിയാദിലെ വാടക നിരക്ക് സ്ഥിരപ്പെടുത്തുന്നതിനായി സഊദി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ പ്രോപ്പർട്ടികളുടെ വാടക വർദ്ധനവ് അഞ്ച് വർഷത്തേക്ക് മരവിപ്പിക്കാൻ അധികൃതർ തീരുമാനിച്ചിരുന്നു.
തലസ്ഥാനത്തെ കുതിച്ചുയരുന്ന വാടക പരിഹരിക്കുന്നതിനും സ്വത്ത് വിപണിയിലെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനുമായാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.
നിയമം സെപ്റ്റംബർ 25 മുതൽ പ്രാബല്യത്തിലുണ്ട്. ഇനിമുതൽ റിയാദിന്റെ നഗര അതിർത്തിക്കുള്ളിൽ നിലവിലുള്ളതോ പുതിയതോ ആയ കരാറുകളിൽ അഞ്ച് വർഷത്തേക്ക് വാടക മൂല്യം വർദ്ധിപ്പിക്കാൻ വീട്ടുടമസ്ഥർക്ക് അനുവാദമുണ്ടാകില്ല.
റിയാദിലെ സുസ്ഥിര നഗര വികസനത്തെ പിന്തുണയ്ക്കുന്നതിനൊപ്പം, വാടകക്കാരുടെയും ഭൂവുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, സുതാര്യത ശക്തിപ്പെടുത്തുന്നതിനും, വാടക വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുന്നതിനുമുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനാണ് നിയന്ത്രണങ്ങൾ നിർദേശിച്ചതെന്ന് സഊദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
പുതിയ ചട്ടക്കൂടിന് കീഴിൽ, മുമ്പ് പാട്ടത്തിനെടുത്ത ഒഴിവുള്ള യൂണിറ്റുകളുടെ വാടക അവസാനമായി രജിസ്റ്റർ ചെയ്ത കരാറിന്റെ മൂല്യത്തിൽ നിശ്ചയിക്കും. അതേസമയം ഒരിക്കലും പാട്ടത്തിന് നൽകിയിട്ടില്ലാത്ത പ്രോപ്പർട്ടികളുടെ വാടക ഭൂവുടമയും വാടകക്കാരനും തമ്മിലുള്ള കരാർ പ്രകാരം നിർണ്ണയിക്കുന്നത് തുടരും.
എല്ലാ പാട്ടക്കരാറുകളും സർക്കാരിന്റെ എജാർ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിരിക്കണം, കൂടാതെ വീട്ടുടമസ്ഥർക്കും വാടകക്കാർക്കും രജിസ്ട്രേഷനായി കരാറുകൾ സമർപ്പിക്കാൻ അർഹതയുണ്ട്. കരാർ നിയമപരമായി സാധുതയുള്ളതായി കണക്കാക്കുന്നതിന് മുമ്പ് എതിർ കക്ഷിക്ക് എതിർപ്പ് അറിയിക്കാൻ 60 ദിവസത്തെ സമയമുണ്ട്.
നിയമലംഘനം സ്ഥിരീകരിച്ച വിവരങ്ങൾ നൽകിയാൽ വിസിൽബ്ലോവർമാർക്ക് പിഴയുടെ 20 ശതമാനം വരെ ലഭിക്കും. അതോറിറ്റിയുടെ വിതരണ നിയമങ്ങൾക്കനുസൃതമായിട്ടായിരിക്കും ഇവർക്കിത് ലഭിക്കുക. പുതിയ നിയന്ത്രണങ്ങൾ വ്യക്തമായ മാർഗ്ഗനിർദ്ദേശം നൽകുന്നില്ലെങ്കിൽ, സിവിൽ ഇടപാട് നിയമത്തിലെ വ്യവസ്ഥകൾ ബാധകമാകും.
സാമ്പത്തിക വികസന കാര്യ കൗൺസിലിന്റെ ശുപാർശകളുടെയും ജനറൽ റിയൽ എസ്റ്റേറ്റ് അതോറിറ്റിയുടെ ഭാവി റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ നിയമങ്ങൾ ഭേദഗതി ചെയ്യാനുള്ള അവകാശം മന്ത്രിസഭയ്ക്കുണ്ടാകും.
പുതിയ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുക, വിശദീകരണങ്ങൾ പ്രസിദ്ധീകരിക്കുക, പൊതുജനങ്ങൾക്ക് പുതിയ നിയമങ്ങൾ സംബന്ധിച്ച് അവബോധം നൽകുക എന്നിവയാണ് അതോറിറ്റിയുടെ ചുമതലകൾ.
saudi arabia is preparing to implement a groundbreaking 5-year freeze on residential rent hikes nationwide, building on the successful riyadh model to ease housing costs and stabilize the market for tenants.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."