ഗസ്സ സമാധാനത്തിലേക്ക് തിരികെ വരുന്നു, ഇനി മണിക്കൂറുകള്‍ മാത്രം; വെടിനിർത്തൽ അംഗീകരിച്ച് ഹമാസും ഇസ്‌റാഈലും
ഷറമുശ്ശൈഖ് (ഈജിപ്ത്): രണ്ടുവർഷം നീണ്ട ഇസ്റാഈൽ ആക്രമണത്തിനൊടുവിൽ ഗസ്സയിൽ വെടിനിർത്തൽ. ഹമാസും ഇസ്റാഈലും വെടിനിർത്തലിനു സമ്മതിച്ചതായും ആദ്യഘട്ട കരാർ പ്രാബല്യത്തിൽവന്നതായും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. എന്നാൽ മന്ത്രിസഭ അംഗീകരിച്ച് 24 മണിക്കൂറിനകമാണ് കരാർ പ്രാബല്യത്തിലാവുകയെന്ന് ഇസ്റാഈൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി.
ഹമാസുമായി ആദ്യഘട്ട വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചതായി ഇസ്റാഈൽ വക്താവ് ഷോഷ് ബെഡ്രോസിയാൻ മാധ്യമങ്ങളോട് പറഞ്ഞു. മൂന്നു ദിവസം നടന്ന ചർച്ചകൾക്കൊടുവിൽ ഇന്നലെ പുലർച്ചെ ഈജിപ്തിലെ ഷറമുശ്ശൈഖിൽ വച്ചാണ് ഇരു ഭാഗവും കരാറിലൊപ്പുവച്ചത്.
കരാർ പ്രകാരം ഗസ്സയിൽ ശേഷിക്കുന്ന 20 ഇസ്റാഈൽ ബന്ദികളെ ഹമാസ് 72 മണിക്കൂറിനകം മോചിപ്പിക്കും. കൊല്ലപ്പെട്ട 28 ബന്ദികളുടെ മൃതദേഹവും കൈമാറും.
ഫലസ്തീൻ തടവുകാരെ ഇസ്റാഈൽ വിട്ടയക്കും. ഭക്ഷണ സാധനങ്ങളുൾപ്പെടെ അവശ്യ വസ്തുക്കളുമായി കാത്തുനിൽക്കുന്ന ട്രക്കുകളെ ഗസ്സയിലേക്കു കടത്തിവിടും.അധിനിവേശ സൈനികർ നിർദിഷ്ട പ്രദേശത്തേക്കു പിൻമാറും. ഇസ്റാഈൽ മന്ത്രിസഭ കരാർ അംഗീകരിച്ചാൽ 24 മണിക്കൂറിനകം കരാർ നിലവിൽവരും. തുടർന്ന് ബന്ദിമോചനം ആരംഭിക്കും.
കരാർ പ്രകാരം സൈന്യം പിന്മാറിയാലും ഗസ്സയുടെ പകുതിയിലേറെ ഭാഗവും ഇസ്റാഈലിന്റെ നിയന്ത്രണത്തിലായിരിക്കും.
ഫലസ്തീൻ നേതാവ് മർവാൻ ബെർഗൂത്തിയെ ആദ്യഘട്ടത്തിൽ മോചിപ്പിക്കില്ലെന്ന് ഇസ്റാഈൽ വ്യക്തമാക്കി. രണ്ടാംഘട്ട കരാർ പ്രാബല്യത്തിലാകുന്നതോടെ ഇസ്റാഈൽ സേന പൂർണമായും ഗസ്സയിൽനിന്ന് പിന്മാറും. ഹമാസ് ആയുധമുപേക്ഷിക്കുന്നതും പുതിയ സർക്കാരിനു ഭരണം കൈമാറുന്നതും രണ്ടാംഘട്ടത്തിലാണ് നടപ്പാവുക.
ഗസ്സയിൽനിന്ന് അവസാന സൈനികനും പിന്മാറിയ ശേഷമേ മുഴുവൻ ബന്ദികളെയും വിട്ടയക്കൂവെന്ന നിലപാടിൽ അവസാന നിമിഷമാണ് ഹമാസ് അയവുവരുത്തിയത്. ഇതാണ് കരാർ യാഥാർഥ്യമാക്കിയത്.ഈജിപ്ത് - ഗസ്സ അതിർത്തിയിൽ പ്രത്യേക സുരക്ഷിത മേഖലയും ഫിലാഡൽഫിയ ഇടനാഴിയും ഉണ്ടായിരിക്കും. അവിടെ ഇസ്റാഈൽ സൈനികർ ക്യാംപ് ചെയ്യും. ഹമാസ് പൂർണമായി നിരായുധീകരിക്കപ്പെടുന്നതുവരെ ഇസ്റാഈൽ ഈ പ്രദേശങ്ങളുടെ നിയന്ത്രണം വിട്ടുകൊടുക്കില്ല.
ട്രംപ് മുന്നോട്ടുവച്ച 20 ഇന സമാധാന പദ്ധതിയാണ് തിരുത്തുകളോടെ പ്രാബല്യത്തിലാകുന്നത്. 2007 മുതൽ ഗസ്സ ഭരിക്കുന്നത് ഹമാസാണ്.
ആദ്യഘട്ട കരാറാണ് നിലവിൽ വന്നതെങ്കിലും ഗസ്സയിലും ഇസ്റാഈലിലും ജനങ്ങൾ ആഘോഷം തുടങ്ങിക്കഴിഞ്ഞു. ബന്ദികളുടെ ബന്ധുക്കൾ തെൽഅവീവിലെ ചത്വരത്തിൽ ആനന്ദ നൃത്തം ചെയ്യുന്ന വിഡിയോകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഗസ്സക്കാർ ആശങ്കയിലാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കു നടുവിൽ താമസിക്കാൻ അവർക്ക് ഇടമില്ല. എങ്കിലും ശുദ്ധജലവും ഭക്ഷ്യവസ്തുക്കളും ട്രക്കുകളിൽ എത്തുമെന്ന സന്തോഷം അവർക്കുണ്ട്.
രണ്ടുവർഷത്തിനിടെ 67,000ത്തിലേറെ ഫലസ്തീനികളാണ് ഇസ്റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കെട്ടിടങ്ങളിൽ 80 ശതമാനവും അടിസ്ഥാന സൗകര്യങ്ങളും തകർത്തു. വെടിനിർത്തലിനെ യു.എന്നും ഇന്ത്യ ഉൾപ്പെടെ ലോകരാജ്യങ്ങളും സ്വാഗതം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."