സമാധാന നൊബേൽ ആർക്ക്? അവകാശവാദങ്ങളുമായി ട്രംപ്, 338 നാമനിർദേശങ്ങൾക്കിടയിൽ ആകാംക്ഷ
നൊബേൽ സമാധാന പുരസ്കാരം 2025: ട്രംപിന്റെ അവകാശവാദം അനിശ്ചിതത്വത്തിൽ; വെള്ളിയാഴ്ച പ്രഖ്യാപനം,
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമാധാന നൊബേൽ പുരസ്കാരത്തിന് തന്റെയത്ര അർഹത മറ്റാർക്കുമില്ലെന്ന വാദം നിരന്തരം ആവർത്തിക്കുമ്പോഴും, ലോകം ആരാണ് ഈ ബഹുമാനാർഹ പുരസ്കാരത്തിന് അർഹനാകുന്നതെന്ന ആകാംക്ഷയിലാണ്. ഇന്ന് നോർവേയിലെ ഓസ്ലോയിൽ നടക്കുന്ന പ്രഖ്യാപനത്തിനായി ലോകം കാത്തിരിക്കുന്നു. 244 വ്യക്തികളും 94 സംഘടനകളുമടങ്ങുന്ന 338 നാമനിർദേശങ്ങൾക്കിടയിൽ ട്രംപിന്റെ സാധ്യതകൾ വിവാദമായി തുടരുന്നു.
ട്രംപിന്റെ നാമനിർദേശങ്ങൾക്ക് പിന്നാലെ വിദേശനയത്തിലെ ഇടപെടലുകളും വിവാദപരമായ നിലപാടുകളും കണക്കിലെടുക്കുമ്പോൾ, അദ്ദേഹത്തിന് പുരസ്കാരം ലഭിക്കാനുള്ള സാധ്യത വിദൂരമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ദീർഘകാല സമാധാനവും അന്താരാഷ്ട്ര സഹോദര്യവും ലക്ഷ്യമിട്ട പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയാണ് നൊബേൽ സമിതി സാധാരണയായി മുൻഗണന നൽകാറ്. ലോകാരോഗ്യസംഘടന (WHO) പോലുള്ള അന്താരാഷ്ട്ര ഏജൻസികളെ അവഗണിക്കുന്നതും, കാലാവസ്ഥാ പ്രശ്നങ്ങളിലെ അവഹേളനവുമടക്കം ട്രംപിന്റെ നയങ്ങൾ പുരസ്കാരത്തിനുള്ള വഴിയിൽ തടസ്സമാകുമെന്നാണ് വിശകലനം.
യുഎസ് പ്രസിഡന്റുമാരിൽ തിയഡോർ റൂസ്‌വെൽറ്റ് (1906), വുഡ്രോ വിൽസൺ (1919), ജിമ്മി കാർട്ടർ (2002), ബരാക് ഒബാമ (2009) എന്നിവരാണ് സമാധാന നൊബേൽ നേടിയവർ. ട്രംപിന്റെ അവകാശവാദങ്ങൾക്കിടയിൽ, 2025ലെ പ്രഖ്യാപനം ട്രംപിന്റെ നിഴലിൽ തന്നെ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
ട്രംപിന്റെ അവകാശവാദം: 'ഏഴ് യുദ്ധങ്ങൾ പരിഹരിച്ചു'
അധികാരത്തിലേറിയ ഏഴ് മാസത്തിനകം ഇന്ത്യ-പാകിസ്ഥാൻ, കംബോഡിയ-തായ്‌ലൻഡ്, കോസോവോ-സെർബിയ, കോംഗോ-റുവാൻഡ, ഇസ്റാഈൽ-ഇറാൻ, ഈജിപ്ത്-എത്യോപ്യ, അർമേനിയ-അസർബൈജാൻ തുടങ്ങിയ ഏഴ് അന്താരാഷ്ട്ര സംഘർഷങ്ങൾ/യുദ്ധങ്ങൾ താൻ പരിഹരിച്ചുവെന്നാണ് ട്രംപിന്റെ പ്രധാന വാദം. "സമ്മാനം തരാതിരിക്കാൻ അവർ കാരണം കണ്ടെത്തും, എന്നാൽ കിട്ടിയില്ലെങ്കിൽ അത് അമേരിക്കയ്ക്ക് അപമാനമാകും" എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇസ്റാഈൽ, പാകിസ്ഥാൻ, കംബോഡിയ തുടങ്ങിയ രാജ്യങ്ങൾ ട്രംപിനെ നാമനിർദേശം ചെയ്തിട്ടുണ്ട്. യുഎസ് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളായ റിപ്രസന്റേറ്റീവ് ബഡ്ഡി കാർട്ടറും ആന പൗലീന ലൂണയും ട്രംപിനെ ഔദ്യോഗികമായി നാമനിർദേശം ചെയ്തു, പ്രത്യേകിച്ച് ഗസ്സ-ഇസ്റാഈൽ-ഹമാസ് സമാധാനചർച്ചകൾക്ക് വേണ്ടി.
വൈറ്റ് ഹൗസ് ട്രംപിനെ "സമാധാനത്തിന്റെ പ്രസിഡന്റ്" എന്ന് വിശേഷിപ്പിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. 2018-ലും ട്രംപ് സമാന അവകാശവാദം ഉന്നയിച്ചിരുന്നു. നൊബേൽ പ്രഖ്യാപനത്തിന് മുൻപ് ഗസ്സയിലെ ഇസ്റാഈൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ട്രംപിന്റെ 20-ഇന ഗസ്സ സമാധാനപദ്ധതിയെക്കുറിച്ച് കായ്‌റോയിൽ മാരത്തൺ ചർച്ചകൾ നടക്കുന്നു. ഗസ്സ യുദ്ധം, യുക്രൈൻ-റഷ്യ യുദ്ധം തുടങ്ങിയവ പരിഹരിക്കാൻ ബന്ധപ്പെട്ട രാജ്യങ്ങളിൽ ട്രംപ് സമ്മർദം ചെലുത്തിയെങ്കിലും, യുക്രൈൻ വിഷയത്തിൽ വലിയ പുരോഗതി ഉണ്ടായില്ല. "യുക്രൈൻ യുദ്ധം തീർത്താൽ നൊബേൽ തരാമെന്ന് അവർ പറഞ്ഞു, എന്നാൽ അത് തീർക്കാൻ കഴിഞ്ഞില്ല" എന്ന് ട്രംപ് സമീപകാല സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
എതിരാളികൾ: വിവിധ മുന്നണികളിൽ നിന്നുള്ള നാമനിർദേശങ്ങൾ
സമാധാന നൊബേലിനായി നാമനിർദേശം ചെയ്യപ്പെട്ടവരുടെ ലിസ്റ്റിൽ ട്രംപിന് ശക്തരായ എതിരാളികളുമുണ്ട്. കാലംചെയ്ത പോപ്പ് ഫ്രാൻസിസ് (മരണാനന്തരം ആർക്കും ഇതുവരെ പുരസ്കാരം ലഭിച്ചിട്ടില്ല), ജയിലിലടച്ച പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ടെസ്‌ല സിഇഒ ഇലോൺ മസ്ക്, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ ഭാര്യ യൂലിയ നവാൽന, യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ് തുടങ്ങിയവരാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളിലൂടെ പരാമർശിക്കപ്പെട്ടത്. ഈ നാമനിർദേശങ്ങൾ സമാധാന പ്രവർത്തനങ്ങൾ, മനുഷ്യാവകാശങ്ങൾ, അന്താരാഷ്ട്ര സഹകരണം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്.
നൊബേൽ സമിതിയുടെ നയം കാരണം പൂർണ ലിസ്റ്റ് പുറത്തുവരുന്നില്ല, എന്നാൽ ട്രംപിന്റെ നാമനിർദേശങ്ങൾക്ക് ഏറെ ശ്രദ്ധയാണ് ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."