അസമിൽ ബിജെപിക്ക് കനത്ത തിരിച്ചടി; മുൻകേന്ദ്രമന്ത്രിയും പാർട്ടിയുടെ മുഖവുമായ നേതാവുൾപ്പെടെ 17 പേർ രാജിവെച്ചു
ഗുവാഹത്തി: അസമിൽ ബിജെപിക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവും മുൻ കേന്ദ്ര റെയിൽവേ സഹമന്ത്രിയുമായ രാജൻ ഗൊഹെയ്ൻ ബിജെപിയിൽ നിന്ന് രാജിവച്ചു. അസമിൽ ബിജെപി അധികാരത്തിൽ വന്നതിനുശേഷം ഉണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്. ഗുവാഹത്തിയിലെ പാർട്ടി ആസ്ഥാനത്ത് എത്തി തന്റെ 17 അനുയായികളോടൊപ്പമാണ് രാജി വെച്ചത്.
അസം ബിജെപി മുൻ പ്രസിഡന്റും നാല് തവണ നാഗോൺ മണ്ഡലത്തിലെ എംപിയുമായ വ്യക്തിയാണ് രാജൻ ഗൊഹെയ്ൻ. മൂന്ന് പതിറ്റാണ്ടിലേറെയായി ബിജെപിയുടെ ഭാഗമായിരുന്ന ഗൊഹെയ്ൻ. 1999 മുതൽ 2019 വരെ നാഗോണിനെ പ്രതിനിധീകരിച്ച ഗൊഹെയ്ൻ, 2016 ൽ മോദി മന്ത്രിസഭയിൽ കേന്ദ്ര സഹമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. അവസാനമായി എംപിയായിരുന്നപ്പോൾ അദ്ദേഹം മന്ത്രിസഭയിൽ അംഗമായിരുന്നു. പിന്നെ പാർട്ടിയിൽ ഉടലെടുത്ത ഭിന്നതയെ തുടർന്ന് രാജിവെക്കുകയായിരുന്നു.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാഗോണിൽ നിന്ന് അദ്ദേഹത്തിന് സീറ്റ് നിഷേധിക്കപ്പെട്ടു. 2024 ലും സീറ്റ് നൽകിയില്ല. ഈ രണ്ട് തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ആണ് ഈ സീറ്റിൽ വിജയിച്ചത്.
''നിലവിൽ അധികാരത്തിലിരിക്കുന്നവർക്ക് വേണ്ടിയല്ല ഞങ്ങൾ ബിജെപിയിൽ ചേർന്നത്. അടൽ ബിഹാരി വാജ്‌പേയി, എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, മറ്റ് മുതിർന്ന നേതാക്കൾ എന്നിവരുടെ പ്രചോദനം ഉൾക്കൊണ്ടാണ് ഞങ്ങൾ പാർട്ടിയിൽ ചേർന്നത്. എന്നാൽ (ഇപ്പോൾ) ബിജെപിക്ക് ജീവൻ നൽകിയ മുതിർന്ന ആളുകളെ പാർട്ടി മാറ്റിനിർത്തുന്നു" ഗൊഹെയ്ൻ പറഞ്ഞു.
ബിജെപി ഇപ്പോൾ "ആസാമീസ് ജനതയുടെ ഏറ്റവും വലിയ ശത്രു" ആണെന്നും അദ്ദേഹം ആരോപിച്ചു. ആറ് മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന അസം തെരഞ്ഞെടുപ്പിൽ ഗൊഹെയ്‌നിന്റെ രാജി സ്വാധീനം ചെലുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."