ശബരിമല സ്വർണപാളിയിൽ തിരിമറി നടന്നു; വിശദ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ സ്വർണ്ണത്തിൽ നഷ്ടമുണ്ടായതായി വ്യക്തമാക്കി ഹൈക്കോടതി. സംഭവത്തിൽ തട്ടിപ്പ് നടന്നത് വ്യക്തമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘം കേസിൽ അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടു. പൊലിസ് മേധാവിയെ കേസിൽ കക്ഷി ചേർത്തു. പ്രത്യേക അന്വേഷണ സംഘത്തിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് ഡിവൈഎസ്പിമാരും സംഘത്തിലുണ്ട്.
ശബരിമല സ്വർണപ്പാളിയിൽ 475 ഗ്രാമോളം നഷ്ടമായെന്ന് ഹൈക്കോടതി പറഞ്ഞു. നിഷ്പക്ഷ അന്വേഷണം വേണം. ദേവസ്വം ചീഫ് വിജിലൻസ് ഓഫീസർ റിപ്പോർട്ട് ഡിജിപിക്ക് കൈമാറണം. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. ഒന്നരമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശം നൽകി.
ദേവസ്വം വിജിലൻസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് കോടതി കേസിൽ നടപടി എടുത്തത്. ശബരിമല ശ്രീകോവിലിലെ ദ്വാരപാലകശില്പങ്ങളിലെ സ്വർണപ്പാളികൾ 2019-ൽ വൻതുകയ്ക്ക് മറിച്ചുവിറ്റപ്പെട്ടുവെന്ന നിഗമനത്തിലേക്ക് ദേവസ്വം വിജിലൻസ് നേരത്തെ എത്തിയിരുന്നു. ഈ തിരിമറിക്ക് പിന്നിൽ ഉണ്ണികൃഷ്ണൻപോറ്റിയാണെന്ന ആരോപണവുമായി ദേവസ്വം ബോർഡ് സംസ്ഥാന പൊലിസ് മേധാവിക്ക് പരാതി നൽകാനും പോകുന്നു.
കേരളത്തിന് പുറത്ത് ആർക്കെങ്കിലും സ്വർണപ്പാളികൾ നൽകിയെന്നാണ് പ്രധാന സൂചന. പാളിയുടെയോ സ്വർണത്തിന്റെയോ വിപണിവിലയല്ല ഇതിന്റെ സത്ത; ശബരിമല ശ്രീകോവിലിന്റെ ഭിത്തിയിലെ ശില്പങ്ങളുടെ ഭാഗമായി അമൂല്യമായ ഒരു വസ്തുവാണിത്. ഇത്തരം വസ്തുക്കൾക്ക് വിശ്വാസമൂല്യം കൂടുതലായതിനാൽ, എന്ത് വിലയും നൽകി വാങ്ങി വീട്ടിൽ സൂക്ഷിക്കുന്നവരുണ്ട്. അത്തരം വിശ്വാസികളിൽ നിന്ന് വൻതുക വാങ്ങി ഉണ്ണികൃഷ്ണൻപോറ്റി പാളികൾ കൈമാറിയിരിക്കാമെന്നാണ് വിജിലൻസിന്റെ നിഗമനം.
ക്ഷേത്ര ശ്രീകോവിലിൽ വർഷങ്ങളോളം സൂക്ഷിച്ചിരുന്ന സ്വർണരൂപം 'ശനിദോഷം അകറ്റാനും ഐശ്വര്യവർധനയ്ക്കും' ഉപകരിക്കുമെന്ന പ്രചാരണത്തോടെ വിറ്റുപോയെന്നാണ് വിലയിരുത്തൽ. പാളി പുതുതായി സ്വർണം പൂശണമെങ്കിൽത്തന്നെ അത് സന്നിധാനത്തുവെച്ച് തന്നെ ചെയ്യാവുന്നതാണെന്ന് ശബരിമലയിലെ വിഗ്രഹം നിർമിച്ച ശില്പികുടുംബാംഗമായ തട്ടാവിള മഹേഷ് പണിക്കർ പറയുന്നു. പുറത്തേക്ക് കൊണ്ടുപോകേണ്ട ആവശ്യമില്ലാത്ത ഈ പ്രക്രിയയിൽ പാളികൾ പുറത്തെടുത്തത് കടത്തിനുവേണ്ടിയാണെന്ന് ഇത് വ്യക്തമാക്കുന്നു.
പരിശോധനയിൽ തെളിഞ്ഞത്
ചെന്നൈയിലെ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ഒക്ടോബർ 17-ന് ദ്വാരപാലകശില്പങ്ങളിൽ ചേർക്കാൻ സന്നിധാനത്തെ ലോക്കർ റൂമിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണപ്പാളികളിൽ ദേവസ്വം വിജിലൻസ് കഴിഞ്ഞ ദിവസം വിശദ പരിശോധന നടത്തി. 2019-ന് മുൻപുള്ള ചിത്രങ്ങളും ഇപ്പോഴത്തെ പാളികളും താരതമ്യം ചെയ്തതോടെ, പാളികൾ മാറ്റിവച്ചതായി വ്യക്തമായി. പുതിയ പാളികളുടെ അളവിൽ പഴയതുമായി ചില വ്യത്യാസങ്ങൾ കാണപ്പെട്ടത് സംശയത്തിന് കൂടുതൽ ബലം നൽകി.
സ്വർണപ്പാളി ചെമ്പായി മാറിയത്
2019 ജൂലായ് 20: സ്വർണം പൊതിഞ്ഞ പാളികൾ 'സ്വർണം പൂശാനായി' സന്നിധാനത്ത് നിന്ന് അഴിച്ചെടുക്കുന്നു. അന്ന് 14 ഭാഗങ്ങളായിരുന്നു പാളികൾ. കടത്തിന്റെ സൂചന: ഈ പാളികൾ ചെന്നൈയിലെ ചില വീടുകളിലേക്കും പിന്നീട് ഹൈദരാബാദിലേക്കും കൊണ്ടുപോയെന്നാണ് സൂചന. വിശ്വാസമൂല്യം മുതലെടുത്ത് അവിടെ വൻതുകയ്ക്ക് വിറ്റുപോയെന്ന് കരുതുന്നു. മൊത്തത്തിൽ കച്ചവടം ചെയ്യാനുള്ള സാധ്യത കുറവായതിനാൽ, പ്രത്യേകം മാറ്റി എടുക്കാവുന്ന രീതിയിൽ 'വീതംവെപ്പ്' (ഭാഗംഭാഗമായി) വിൽപ്പന നടന്നിരിക്കാമെന്നാണ് വിലയിരുത്തൽ.
39 ദിവസത്തെ കാലതാമസം: സന്നിധാനത്ത് നിന്ന് അഴിച്ചെടുത്ത് 39 ദിവസം കഴിഞ്ഞാണ് പാളികൾ 'സ്വർണം പൂശാനായി' ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് എത്തിക്കുന്നത്. ചെന്നൈയിലെത്തിയത് പൂർണമായും ചെമ്പായിരുന്നെന്ന് സ്മാർട്ട് ക്രിയേഷൻസിന്റെ എംഡിയും അഭിഭാഷകനും സ്ഥിരീകരിച്ചത് പാളി മാറ്റിയെന്ന നിഗമനത്തെ ബലപ്പെടുത്തുന്നു. ഈ കാലതാമസത്തിന് ഉണ്ണികൃഷ്ണൻപോറ്റിക്കോ അന്നത്തെ ദേവസ്വം അധികാരികൾക്കോ വിശദീകരണമില്ല.
പകർപ്പ് നിർമാണം: 39 ദിവസത്തിനിടെ എവിടെ വെച്ചെങ്കിലും പുതിയ ചെമ്പുപാളികൾ തയ്യാറാക്കിയിരിക്കാനാണ് സാധ്യത. പഴയ പാളിയുടെ പകർപ്പിൽ മൂൾപ്പടം തയ്യാറാക്കി, അതേപോലെ പുതിയ ചെമ്പുപാളി നിർമിച്ച് സ്വർണം പൂശി മാറ്റിവച്ചെന്നാണ് വിജിലൻസിന്റെ നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."