കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരുക്കേറ്റു: നായയെ പ്രതിയാക്കി കാറുടമ തടിയൂരി
കൊട്ടിയം: കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരുക്കേറ്റു. എന്നാല്‍ കാറുടമ കേസില്‍ പട്ടിയെ പ്രതിയാക്കി അതിവിദഗ്ധമായി തടിയൂരി.
അപകടത്തില്‍ പരുക്കേറ്റ കണ്ണനല്ലൂര്‍ ആനാട് വീട്ടില്‍ സലാഹുദ്ദീന് (36) ഒരാഴ്ചയിലേറെയായി ചികിത്സയിലാണ്. കഴിഞ്ഞ 25 ന് ഉച്ചയ്ക്ക് ഒന്നിന് തഴുത്തല വാലിമുക്കിന് സമീപത്തായിരുന്നു അപകടം.
പാരലല്‍ കോളജിലെ അധ്യാപകനായ സലാഹുദ്ദീന് ക്ലാസ് കഴിഞ്ഞ ശേഷം കൊട്ടിയം ഭാഗത്തുനിന്ന് കണ്ണനല്ലൂരിലെ വീട്ടിലേയ്ക്ക് വരുന്നതിനിടെയായിരുന്നു അപകടം. ഇടിയെ തുടര്‍ന്ന് റോഡിലേക്കു തെറിച്ചു വീണയുടനെ സലാഹുദ്ദീന്റെ ബോധം നഷ്ടമായതിനാല്‍ അപകടകാരണത്തെ കുറിച്ച് വ്യക്തത ലഭിച്ചിരുന്നില്ല.
അപകട സ്ഥലത്തെത്തിയ നാട്ടുകാരോട് സംസാരിച്ച കാറുടമ, ബൈക്കിന് കുറുകെ പട്ടി ചാടിയതിനെ തുടര്‍ന്നാണ് അപകടമെന്നു പറഞ്ഞ് കാറുമായി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് സലാഹുദ്ദീനെ നാട്ടുകാര്‍ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൈയുടെ എല്ലിന് പൊട്ടലും മുഖത്ത് പരുക്കുമേറ്റ സലാഹുദ്ദീന് ക്ലാസെടുക്കാന്‍ പോകാനാവാത്ത അവസ്ഥയിലാണ്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ അശ്രദ്ധമായി റോഡിലേക്കു ഓടിച്ചുകയറ്റിയപ്പോഴായിരുന്നു അപകടമുണ്ടായത്. അപകടം റിപ്പോര്‍ട്ട് ചെയ്തെങ്കിലും വാഹന നമ്പര്‍ ഇല്ലാത്തതിനാല്‍ കേസെടുക്കാനാകാതെ കുഴയുകയാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."