നെടുമങ്ങാട്ടെ പീഡനക്കേസുകള്‍:
ഒരാളെപ്പോലും പിടിക്കാനാകാതെ പൊലിസ്
നെടുമങ്ങാട്: സ്‌കൂളിലേക്ക് പോവുകയായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതടക്കമുള്ള
കേസുകളില്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും പൊലിസ് ഇരുട്ടില്‍ തപ്പുന്നു. ഒരാളെ പോലും പിടികൂടിയിട്ടില്ല.
സ്‌കൂളിലേക്കു പോവുകയായിരുന്ന പെണ്‍കുട്ടിയെ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലും മഞ്ച ജെ.ടി.എസ് ജങ്ഷനില്‍ ബ്യൂട്ടി പാര്‍ലറും റെഡിമേഡ് ഷോപ്പും നടത്തുന്ന സ്ത്രീയെ പട്ടാപ്പകല്‍ കടന്നുപിടിച്ച
കേസിലും പ്രതികള്‍ പിടിയിലായിട്ടില്ല.
ഓഗസ്റ്റ് ഒന്നിനായിരുന്നു നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവമുണ്ടായത്. അന്നു തന്നെ കുട്ടിയുടെ രക്ഷിതാക്കള്‍ അരുവിക്കര പൊലിസില്‍ പരാതി നല്‍കിയെങ്കിലും അവര്‍ നടപടിയെടുത്തിരുന്നില്ല. പിന്നീട് ഓഗസ്റ്റ് മൂന്നിന് റൂറല്‍ എസ്പിയെ കണ്ട് പരാതിപ്പെട്ട ശേഷമായിരുന്നു നെടുമങ്ങാട് സി.ഐ ഇടപെട്ട് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തത്.
എന്നാല്‍ മാസം ഒന്ന് കഴിഞ്ഞിട്ടും പ്രതിയേയും ഓട്ടോക്കാരനേയും കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ മറ്റു രണ്ടു കേസുകളിലേയും പ്രതികളെ വ്യക്തമായി അറിയാമായിരുന്നിട്ടും അവരെ പിടികൂടുന്നതില്‍ പൊലിസ് കുറ്റകരമായ അനാസ്ഥ കാണിക്കുകയാണ്.
ഓഗസറ്റ് എട്ടിന് നെടുമങ്ങാട് ഡിപ്പോയില്‍ നിന്നും സ്‌കൂളിലേക്ക് ബസിന്റെ പിന്നിലെ സീറ്റില്‍ ഇരുന്നു പോവുകയായിരുന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് കണ്ടക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ഡിപ്പോയിലെ എംപാനല്‍ കണ്ടക്ടര്‍ മൂഴി സ്വദേശി ഗിരീഷിനെ പ്രതിയാക്കി പൊലിസ് കേസെടുത്തിരുന്നു. എന്നാല്‍ ഇയാളെയും ഇതുവരെയും പിടികൂടിയിട്ടില്ല. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലിസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
മുള്ളന്‍പന്നിയെ വിരട്ടി;
വളര്‍ത്തു പട്ടിക്കു പണി കിട്ടി
കിളിമാനൂര്‍ : തന്റെ അധികാര പരിധിയില്‍ അതിക്രമിച്ചു കടന്ന മുള്ളന്‍ പന്നിയെ വിരട്ടാന്‍ നോക്കിയ വളര്‍ത്തു നായക്കു പണി കിട്ടി. പട്ടിയുടെ കഴുത്തില്‍ മൂന്നു മുള്ളുകളാണ് തറച്ചത്.
പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം നാരായണന്റെ വളര്‍ത്തു പട്ടിക്കാണ് മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റത് .ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. പട്ടിയുടെ ബഹളം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു നോക്കുമ്പോഴാണ് കഴുത്തില്‍ മുള്ളു തറച്ച നിലയില്‍ പട്ടിയേയും ഓടിപ്പോകുന്ന മുള്ളന്‍പന്നിയേയും കണ്ടത്. കിളിമാനൂര്‍ മേഖലയില്‍ പലയിടത്തും മുള്ളന്‍ പന്നികളുടെയും കുരങ്ങന്മാരുടെയും ശല്യം രൂക്ഷമാണ്.
ക്രിമിനല്‍ കേസ് പ്രതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടു പേര്‍കൂടി അറസ്റ്റില്‍
കഠിനംകുളം: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടു പേര്‍ കൂടി പിടിയിലായി. കുന്നു കുഴി ബാര്‍ട്ടന്‍ഹില്‍ കോളനിയിലെ സ്വര്‍ണ പല്ലന്‍ എന്നുവിളിക്കുന്ന വിഷ്ണു (37) ബാര്‍ട്ടന്‍ ഹില്‍ കോളനിയില്‍ ഗര്‍ഭിണി ഷൈജു എന്നുവിളിക്കുന്ന ഷൈജു (33) എന്നിവരെയാണ് കഴക്കൂട്ടം പൊലിസ് അറസ്റ്റുചെയ്തത്. കേസില്‍ കുടുക്ക രതീഷ്, വിജു, മിഥുന്‍ എന്നീ പ്രതികളെ പൊലിസ് അറസ്റ്റുചെയ്തിരുന്നു. ഇവര്‍ക്ക് ഒളിവില്‍ താമസിക്കുന്നതിന് സഹായം ചെയ്തു നല്‍കിയതിനാണ് വിഷ്ണുവും ഷൈജുവും പിടിയിലായത്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ബൈക്കില്‍ വരികയായിരുന്ന പോങ്ങറ പുതുവല്‍ പുത്തന്‍വീട്ടില്‍ അരുണ്‍ദാസിനെ ഇവര്‍ തടഞ്ഞു നിര്‍ത്തി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ആറ്റിങ്ങല്‍ നഗരസഭയുടെ ഓണം-ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കു ഇന്നു തുടക്കം
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭയുടെയും പൗരാവലിയുടെയും സംയുക്താഭിമുഖ്യത്തിലുള്ള ഓണം ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കു ഇന്നു തുടക്കമാകും. ടൂറിസം വാരാഘോഷവും കുടുംബശ്രീ മേളയും ആറ്റിങ്ങല്‍ ഫെസ്റ്റും കോര്‍ത്തിണക്കിയാണ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്ന് രാവിലെ 10.30ന് മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ഓഫീസ് വളപ്പില്‍ നടക്കുന്ന യോഗത്തില്‍ അഡ്വ.ബി.സത്യന്‍ എം.എല്‍.എ. അധ്യക്ഷനാകും.നാളെ ഉച്ചക്ക് 12ന് ഓണസദ്യ. തുടര്‍ന്ന് മുനിസിപ്പല്‍ ഓഫീസ് വളപ്പില്‍ കലാകായിക മേള. വൈകുന്നേരം ഡോ.എ.സമ്പത്ത് എം.പി. വൈദ്യുത ദീപാലങ്കാരം ഉദ്ഘാടനം ചെയ്യും. ചെയര്‍മാന്‍ എം.പ്രദീപ് അധ്യക്ഷനാകും.
രാത്രി 7ന് തിരുവനന്തപുരം മൊഴിഫോക്ക് ബാന്റ് അവതരിപ്പിക്കുന്ന മൊഴിയാട്ടം. 10ന് രാവിലെ 10ന് മുനിസിപ്പല്‍ ഓഫീസ് വളപ്പില്‍ പായസമേള. തുടര്‍ന്ന് ശ്രീപാദം സ്‌റ്റേഡിയത്തില്‍ സംസ്ഥാനതല ജൂനിയര്‍ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ് മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പ്രദീപ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5ന് മുനിസിപ്പല്‍ ഓഫീസ് വളപ്പില്‍ മിസ്റ്റര്‍ ആറ്റിങ്ങല്‍ മത്സരം. 7ന് യുവകലാകാരന്‍ തിരുവനന്തപുരം അഖില്‍.ജെ.പ്രസാദ് അവതരിപ്പിക്കുന്ന ഭരതനാട്യം, കുച്ചിപ്പുടി. 11ന് രാവിലെ 10 മുതല്‍ ആറ്റിങ്ങല്‍ ഡയറ്റില്‍ അത്തപ്പൂക്കള മത്സരം. ശ്രീപാദം സ്‌റ്റേഡിയത്തില്‍ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ് സമാപനം. സമ്മാനദാനം അഡ്വ.ബി.സത്യന്‍ എം.എല്‍.എ. നിര്‍വഹിക്കും. വൈകുന്നേരം 4ന് വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ പാലിയേറ്റീവ് കുടുംബസംഗമം .അഡ്വ.ബി.സത്യന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5ന് മുനിസിപ്പല്‍ ഓഫീസ് അങ്കണത്തില്‍ റസിഡന്റ്‌സ് അസ്സോസിയേഷന്‍ കുടുംബശ്രീ കലാപരിപാടികള്‍. തുടര്‍ന്ന് ആറ്റിങ്ങല്‍ ശ്രീമൂകാംബിക കലാപീഠം അവതരിപ്പിക്കുന്ന താളംമേളം തിരുവോണം.
12ന് വൈകുന്നേരം 6.30ന് തിരുവനന്തപുരം ഏക അവതരിപ്പിക്കുന്ന മ്യൂസിക് ബാന്റ്. 13ന് വൈകുന്നേരം 5ന് ആലംകോട് ജങ്ഷനില്‍ സാംസ്‌കാരിക സമ്മേളനം. 14ന് വിവിധ കേന്ദ്രങ്ങളില്‍ കലാപരിപാടികള്‍.
15ന് രാവിലെ 7ന് ക്രോസ്‌കണ്‍ട്രി മത്സരം ആലംകോട് നിന്നുമാരംഭിക്കും. വൈകുന്നേരം 3.30ന് ഉറിയടി മത്സരം മാമം ജംഗ്ഷനില്‍. 16ന് വൈകുന്നേരം 4ന് നാടന്‍ പന്തുകളി മത്സരം മാമ്പഴക്കോണം ക്ഷേത്ര മൈതാനിയില്‍. 6.30ന് ടി.ബി.ജങ്ഷന്‍ വയലാര്‍ രാമവര്‍മ്മ സ്‌ക്വയറില്‍ തിരുവനന്തപുരം മെലഡി വേവ്‌സ് ഓര്‍ക്കസ്ട്രായുടെ ഗാനമേള. മുനിസിപ്പല്‍ ഓഫീസ് അങ്കണത്തില്‍ പ്രൊഫഷണല്‍ നാടകോത്സവം ഉദ്ഘാടനം. രാത്രി 7ന് നാടകം പറയാന്‍ മറന്ന ജീവിതം. 17ന് രാത്രി 7ന് നാടകം ജീവിതം ബാക്കി വെച്ചത്, 18ന് രാത്രി 7ന് നാടകം മധുരനൊമ്പരപ്പൊട്ട്, 19ന് രാത്രി 7ന് നാടകം കഥപറയും കാറ്റ്, 20ന് രാത്രി 7ന് നാടകം ഉത്തരം ശരിയാണ്, 21ന് രാത്രി 7ന് നാടകം നിങ്ങള്‍ നിരീക്ഷണത്തിലാണ്.
22ന് വൈകുന്നേരം 3.30ന് സാംസ്‌കാരിക ഘോഷയാത്ര ഐ.ടി.ഐ. ജങ്ഷനില്‍ നിന്നാരംഭിക്കും. 6ന് സാംസ്‌ക്കാരിക സമ്മേളനം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ മന്ത്രി കടകംപള്ളിസുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ.ബി.സത്യന്‍ എം.എല്‍.എ. അധ്യക്ഷനാകും.
അപകടത്തില്‍ മരിച്ച യുവാവിന്റെ
ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍
ആറ്റിങ്ങല്‍: അപകടത്തില്‍ മരിച്ച യുവാവിന്റെ ബൈക്ക് ആലംകോട് ജുമുആ മസ്ജിദിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍. ഇക്കഴിഞ്ഞ 28ന് രാത്രി വാഹനപരിശോധനക്ക് പൊലിസ് കൈകാണിച്ചപ്പോള്‍ മുന്‍പില്‍ പോയ ലോറി പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് ലോറിയിലേക്ക് ബൈക്ക് ഇടിച്ചു കയറിയാണ് വര്‍ക്കല മുട്ടപ്പലം ഹരിജന്‍കോളനിയില്‍ ഗിരിജയുടെ മകന്‍ ഷാന്‍ (33) മരിച്ചത്.
റോഡില്‍ വീണ് പരുക്കേറ്റ ഷാനെ പൊലിസ് വാഹനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സാധാരണ അപകടങ്ങളില്‍പെടുന്ന വാഹനങ്ങള്‍ പൊലിസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കാറാണ് പതിവ്.
എന്നാല്‍ ഈ സംഭവത്തില്‍ അപകടത്തില്‍ പെട്ട ബൈക്ക് പാതയോരത്ത് ഉപേക്ഷിച്ചതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
പെന്‍ഷന്‍ വിതരണത്തില്‍ അപാകതയെന്ന്:
ബാങ്ക് സെക്രട്ടറിയെ ഉപരോധിച്ചു
കിളിമാനൂര്‍ : സാമൂഹികസുരക്ഷാപെന്‍ഷനുകള്‍ ഗുണഭോക്താക്കളുടെ വീടുകളില്‍ എത്തിക്കുന്നത് വൈകുന്നുവെന്നാരോപിച്ച് നഗരൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് സെക്രട്ടറിയെ നഗരൂര്‍ പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍ ഉപരോധിച്ചു.
തുടര്‍ന്ന് ആറ്റിങ്ങലില്‍ നിന്നും അസിസ്റ്റന്റ് രജിസ്ട്രാര്‍ എത്തി ബാങ്ക് അധികൃതരുമായി ചര്‍ച്ചനടത്തി പത്തിനു മുന്‍പ്‌പെന്‍ഷന്‍തുക വിതരണം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിച്ചത്.
കുടുംബശ്രീയെ കൊണ്ട് സമയബന്ധിതമായി സര്‍വ്വേനടത്തി പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ലിസ്റ്റ് പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറിയിട്ടും സഹകരണസ്ഥാപനം വേണ്ടത്ര ജാഗ്രതകാട്ടിയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം രഘു ആരോപിച്ചു.എന്നാല്‍ അലോട്ട്‌മെന്റ് ബാങ്കിന് ലഭിച്ചതില്‍ വന്ന കാലതാമസമാണ് പെന്‍ഷന്‍ വിതരണം വൈകാന്‍ കാരണമായതെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. 4200 ഗുണഭോക്താക്കള്‍ക്കാണ് നഗരൂര്‍ പഞ്ചായത്തില്‍നിന്ന് പെന്‍ഷന്‍ ലഭിച്ചുവരുന്നത്.
ഉദ്ഘാടനം കാത്തുകിടക്കുന്ന
പൊലിസ് സ്റ്റേഷന്റെ ജനാലച്ചില്ലുകള്‍ തകര്‍ത്തു
കോവളം: പൂവാറില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം കാത്ത് കിടക്കുന്ന തീരദേശ പൊലിസ് സ്റ്റേഷന്റെ ജനാലച്ചില്ലുകള്‍ സാമൂഹ്യവിരുദ്ധര്‍ അടിച്ചു തകര്‍ത്തു.
സ്റ്റേഷന്റെ പിന്‍ഭാഗത്തെ രണ്ട് ജനാലകളിലെ ചില്ലുകളാണ് തകര്‍ത്തത്. നിര്‍മാണം പൂര്‍ത്തിയാക്കി മൂന്നു മാസത്തിലേറെ ആയിട്ടും തീരദേശ പൊലിസ് സ്റ്റേഷന്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. തീരദേശ പൊലിസ് സ്റ്റേഷനും സമീപ പ്രദേശങ്ങളും സാമൂഹ്യവിരുദ്ധര്‍ കൈയടക്കിയിരിക്കുകയാണ്.
കടലില്‍കാണാതായ യുവാവിനായുള്ള
തിരച്ചില്‍ നാലാം ദിനവും വിഫലം
വിഴിഞ്ഞം: കടലില്‍ കാണാതായ അജ്മല്‍ഖാനു വേണ്ടിയുളള തിരച്ചില്‍ നാലാം ദിവസവും വിഫലം.
കഴിഞ്ഞ ഞായറാഴ്ചയാണ് വിഴിഞ്ഞം ഇന്‍സ്‌പെക്ഷന്‍ ബംഗ്‌ളാവിന് സമീപത്തെ വലിയ മണല്‍ തീരത്ത് കടലില്‍ കാണാതായത്. നാട്ടുകാരും
മുങ്ങല്‍ തൊഴിലാളികളും ഫിഷറീസിന്റെ രണ്ടു ബോട്ടുകളും കോസ്റ്റല്‍ പൊലിസും തിരച്ചില്‍ തുടരുകയാണ്.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തീരസംരക്ഷണസേനയുടെ ഡോര്‍ണിയര്‍ വിമാനവും ഇന്നലെ തിരച്ചിലിനെത്തിയിരുന്നു.
പുരയിടത്തില്‍ കടന്നുകയറി
അക്രമമെന്ന് പരാതി
കാട്ടാക്കട: സാമൂഹ്യ വിരുദ്ധര്‍ പുരയിടത്തില്‍ കടന്നുകയറി അക്രമം കാണിച്ചതായി പരാതി.
പത്ര ഏജന്റ് ശിവജി നഗര്‍ പ്രസാദിന്റെ വസ്തുവിലാണ് ഒരു സംഘം അതിക്രമിച്ചു കയറിയത്. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെ പ്രസാദ് പത്രവിതരണത്തിന് പോയിരുന്ന സമയത്തായിരുന്നു സംഭവം. വീടിനോട് ചേര്‍ന്ന പുരയിടം ഇടിച്ചു നിരത്താനും ശ്രമിച്ചു. തടയാന്‍ ശ്രമിച്ച ഏജന്റിന്റെ ഭാര്യയേും മക്കളേയും സംഘം ഭീഷണിപ്പെടുത്തിയതായും കാട്ടാക്കട പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ 30 വര്‍ഷമായി പ്ലാവൂര്‍ പുത്തറത്തലനട കനാല്‍ പുറംപോക്കിലാണ് പ്രസാദും കുടുംബവും താമസിക്കുന്നത്.
വൈഫൈ ഹോട്ട്‌സ്‌പോട്ട്
ഉദ്ഘാടനം ചെയ്തു
പേരൂര്‍ക്കട: ബി.എസ്.എന്‍.എല്‍ ക്വാഡ്ജനുമായി സഹകരിച്ച് തിരുവനന്തപുരം കോര്‍പറേഷന്‍ നടപ്പാക്കുന്ന വൈഫൈ ഹോട്ട്‌സ്‌പോട്ടിന്റെ ഉദ്ഘാടനം കോര്‍പറേഷന്‍ ഓഫീസില്‍ മേയര്‍ വി.കെ പ്രശാന്ത് നിര്‍വ്വഹിച്ചു.
ഡപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ബി.എസ്.എന്‍.എല്‍ കേരളാ സി.ജി.എം ആര്‍. മണി, പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ എസ്.എസ് തമ്പി എന്നിവര്‍ പങ്കെടുത്തു. തുടക്കത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ സോണല്‍ ഓഫീസുകളിലും ഹെല്‍ത്ത് സര്‍ക്കിള്‍ ഓഫീസുകളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫീസ്, പാളയം, നന്തന്‍കോട്, ശ്രീകണേ്ഠശ്വരം, കണ്ണമ്മൂല, ശാസ്തമംഗലം തുടങ്ങിയ ഹെല്‍ത്ത് സര്‍ക്കിള്‍ ഓഫീസുകളും വട്ടിയൂര്‍ക്കാവ്, ആറ്റിപ്ര, കഴക്കൂട്ടം, നേമം, വിഴിഞ്ഞം, എസ്.എം.വി സ്‌കൂളിനു സമീപം, മെഡിക്കല്‍കോളജിന് സമീപത്തെ ഉത്തരായണം ഗസ്റ്റ്ഹൗസ്
തുടങ്ങിയ കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസുകളും ഇതില്‍ ഉള്‍പ്പെടും.
കട കുത്തിത്തുറന്ന് കവര്‍ച്ച
കോവളം: ലൈറ്റ് ഹൗസ് ബീച്ചില്‍ കടകുത്തിത്തുറന്ന് 5000 രൂപയും 2000 രൂപ വിലവരുന്ന നവ രത്‌നങ്ങളും മോഷ്ടിച്ചു. ലൈറ്റ് ഹൗസിന് സമീപത്തെ സരസ്വതീ ആര്‍ട്‌സ് സെന്റര്‍ എന്ന സ്ഥാപനത്തിലാണ് ചൊവ്വാഴ്ച രാത്രിയില്‍ മോഷണം നടന്നത്.
ചിത്രങ്ങള്‍ വരച്ച് വിദേശികള്‍ക്ക് വിറ്റ് ഉപജീവനം നടത്തുന്ന രാജസ്ഥാന്‍ സ്വദേശി സോഹന്‍ ലാല്‍ കുംവാത്ത് എന്നയാളിന്റെതാണ് സ്ഥാപനം. കടയുടെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് ഒരു പ്‌ളാസ്റ്റിക്ക് കുപ്പിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പണവും മോതിരം ഉണ്ടാക്കാനായി പഴ്‌സില്‍ സൂക്ഷിച്ചിരുന്ന നവരത്‌നങ്ങളുമാണ് മോഷ്ടിച്ചത്. കോവളം പൊലിസില്‍ പരാതി നല്‍കി.
മൃഗശാലയിലെ ഹിമാലയന്‍ കരടി
മരണാസന്ന നിലയില്‍
എ.എസ്. അജയ്‌ദേവ്
തിരുവനന്തപുരം: മൃഗശാലയിലെ ഹിമാലയന്‍ കരടി ഭവാനി മരണാസന്ന നിലയില്‍.
ഒരു മാസത്തോളമായി ചികിത്സയും പരിചരണവുമില്ലാതെ മരണത്തോടു മല്ലടിച്ച് കഴിയുന്ന കരടിയെ ഇന്നു മൃഗശാലാ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇതിനായി കരടിയെ പാര്‍പ്പിച്ചിരിക്കുന്ന തുറന്ന കൂട്ടില്‍ പ്രത്യേകം തയ്യാറാക്കിയ ഇരുമ്പു കൂട് സ്ഥാപിച്ചു. കീപ്പര്‍മാര്‍ കരടിയെ ഇരുമ്പു കൂട്ടിലേക്ക് ഓടിച്ചു കയറ്റുകയാണ് ചെയ്യുന്നത്.
എന്നാല്‍, തീരെ അവശതയില്‍ കഴിയുന്ന കരടിയെ ഓടിച്ചു കൂട്ടില്‍ കയറ്റുന്നത്, കരടിയുടെ ജീവനുതന്നെ അപകടമുണ്ടാക്കുമെന്ന് കീപ്പര്‍മാര്‍ പറയുന്നു. ഏകദേശം 18 വയസ്സോളം പ്രായമുള്ള ഹിമാലയന്‍ കരടിക്ക് പ്രായാധിക്യം കൊണ്ടുള്ള അസുഖമാണുള്ളതെന്നാണ് അധികൃതരുടെ ഭാഷ്യം.
എന്നാല്‍, മൃഗശാലയിലെ നിരവധി മൃഗങ്ങള്‍ ഇത്തരത്തില്‍ കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതു മൂലം അവശതയില്‍ കഴിയുന്നുണ്ടെന്ന് കീപ്പര്‍മാര്‍ പറയുന്നു.
ഗുരുതരാവസ്ഥയിലായ സിംഹത്തിന് മാധ്യമങ്ങളുടെ ഇടപെടലിനെ തുടര്‍ന്നാണ് ചികിത്സ ലഭിച്ചത്. കുളമ്പുരോഗത്തിന് ചികിത്സ ലഭിക്കാതെ നിരവധി മാനുകള്‍ ഇതിനോടകം ചത്തു. വിദേശയിനം പക്ഷികളില്‍ പലതും ചത്തു. അധികൃതരുടെ ഗുരുതര അനാസ്ഥയാണ് പ്രധാന കാരണം. കൃത്യ സമയത്ത് ചികിത്സ നല്‍കുന്നതില്‍ കടുത്ത അലംഭാവമാണ് മൃഗശാല ഡോക്ടറടക്കമുള്ളവര്‍ കാണിക്കുന്നത്.
മൃഗശാലയില്‍ ആകെ ഒരു ഹിമാലയന്‍ കരടി മാത്രമാണുള്ളത്. ഇതിന് എന്തുതരം രോഗമാണ് പിടിപെട്ടതെന്നോ, ഏതു മരുന്നാണ് കൊടുക്കേണ്ടതെന്നോ ഡോക്ടര്‍ക്കറിയില്ല. തുറന്ന കൂട്ടില്‍ കഴിയുന്ന കരടി സന്ദര്‍ശകര്‍ക്കു മുന്നില്‍വെച്ച് ചത്തു പോയാല്‍, അത് അധികൃതര്‍ക്ക് ദോഷം ചെയ്യുമെന്നു കണ്ടാണ് ഇപ്പോള്‍ ആശുപത്രിയിലേക്കു മാറ്റുന്നത്. ആശുപത്രിയിലെത്തിച്ചാലും കരടിക്ക് മരുന്നു നല്‍കാന്‍ സാധ്യതയില്ലെന്നാണ് കീപ്പര്‍മാര്‍ പറയുന്നത്. ഇവിടെ കിടന്നു ചത്താല്‍ പുറംലോകമറിയാതെ, പോസ്റ്റുമോര്‍ട്ടം പോലും നടത്താതെ മറവു ചെയ്യാമെന്ന രഹസ്യ അജണ്ടയാണത്രേ അധികൃതര്‍ക്കുള്ളത്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."