മ്യൂസിയത്തില്‍ നവീകരിച്ച ആര്‍ട്ട് ഗാലറിയും കുട്ടികളുടെ പാര്‍ക്കും സന്ദര്‍ശകര്‍ക്കായി തുറന്നു
തിരുവനന്തപുരം: മ്യൂസിയത്ത് നവീകരിച്ച ശ്രീ ചിത്തിര ആര്‍ട്ട് ഗ്യാലറി, കുട്ടികളുടെ പാര്‍ക്ക്, ഗാര്‍ഡന്‍ ഓഫീസ് എന്നിവ സന്ദര്‍ശകര്‍ക്കായി ഇന്നലെ തുറന്നു കൊടുത്തു. വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം നിര്‍വഹിച്ചു.
നാല് കോടിരൂപയാണ് ഇതിനായി ചെലവിട്ടത്. രാജാരവിവര്‍മ്മയുടെ 43 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഈ ആര്‍ട്ട് ഗ്യാലറിയിലാണ്. കൂടാതെ വിദേശികളും, സ്വദേശികളുമായ നിരവധി ചിത്രകാരന്‍മാര്‍ വരച്ച 1050 ചിത്രങ്ങളും ഇവിടെയുണ്ട്. മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലായിരുന്നു ആര്‍ട്ട് ഗ്യാലറി കെട്ടിടം. പഴയ കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന പുരാതനവും, വിലമതിക്കാനാവാത്തതുമായ നിരവധി പെയിന്റിങുകള്‍ നശിച്ചു പോയിരുന്നു. തുടര്‍ന്നാണ് ഗാലറി നവീകരണത്തിന് അധികൃതര്‍ നടപടിയെടുത്തത്.
കുട്ടികളുടെ പാര്‍ക്കിലെ റൈഡുകള്‍ തുരുമ്പിച്ച് അപകടാവസ്ഥയിലായിരുന്നു.നിരവധി കുട്ടികള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പഴയ പാര്‍ക്കിനു സമീപത്തായി പുതിയത് നിര്‍മ്മിച്ചത്. ആധുനിക രീതിയിലുള്ള 25 ഓളം റൈഡുകള്‍ ഇതിലുണ്ട്. മ്യൂസിയത്തിന്റെ നവീകരണത്തിനാവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതില്‍ കുറവു വരുത്തില്ലെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷനായി. മേയര്‍ വി.കെ. പ്രശാന്ത്, വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്‍, വകുപ്പു സെക്രട്ടറി റാണി ജോര്‍ജ്, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജി. പ്രേംകുമാര്‍, മ്യൂസിയം മൃഗശാലാ ഡയറക്ടര്‍ കെ. ഗംഗാധരന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."