പ്രതിരോധത്തിന് ഇനി പെപ്പര്‍ സ്‌പ്രേ; ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണങ്ങളെ ചെറുക്കാന്‍ നടപടിയുമായി ഐ.എം.എ
പാലക്കാട്: ആക്രമണങ്ങളെ ചെറുക്കാന്‍ ഡോക്ടര്‍മാര്‍ക്ക് പെപ്പര്‍ സ്‌പ്രേ വിതരണം ചെയ്ത് പാലക്കാട് ഐ.എം.എ. ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ ഭീഷണി നേരിടുന്ന സാഹചര്യങ്ങളില്‍ സ്വയം പ്രതിരോധത്തിനായാണ് കുരുമുളക് സ്‌പ്രേ നല്‍കുന്നതെന്ന് ഐ.എം.എ ജില്ല പ്രസിഡന്റ് ഡോ സത്യജിത്ത് പറഞ്ഞു. കേരളത്തില്‍ ആദ്യമായാണ് ഡോക്ടര്‍മാരുടെ സംഘടന ഇത് നടപ്പാക്കുന്നതെന്നം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്തയാഴ്ച്ച മുതല്‍ ബ്രാഞ്ച് ഓഫീസില്‍ നിന്ന് എല്ലാ അംഗങ്ങള്‍ക്കും കുരുമുളക് സ്‌പ്രേ യൂണിറ്റുകള്‍ വിതരണം ചെയ്യാനാണ് തീരുമാനം. നടപടി രാജ്യവ്യാപക ചര്‍ച്ചക്ക് തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക മുന്നൊരുക്കവുമായി ഐ.എം.എ രംഗത്തെത്തിയത്.
അതേസമയം താമരശ്ശേരിയിലെ ഒൻപതുവയസ്സുകാരി അനയയുടെ മരണം അമീബിക് മസ്തിഷ്കജ്വരം ബാധിച്ചതിനെത്തുടർന്നാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ (ഡിഎംഒ) റിപ്പോർട്ട് സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം സമയത്ത് കുട്ടിയുടെ നട്ടെല്ലിൽനിന്ന് ശേഖരിച്ച സ്രവത്തിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, മരണകാരണം അമീബിക് മസ്തിഷ്കജ്വരമല്ലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ചാണ് അനയയുടെ പിതാവ് സനൂപ് കഴിഞ്ഞ ദിവസം ഡോക്ടർ പി.ടി. വിപിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഓഗസ്റ്റ് 14-നാണ് അനയ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. പനി മൂർച്ഛിച്ചതിനെത്തുടർന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും, നില വഷളായതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ചികിത്സാപിഴവാണ് മകളുടെ മരണത്തിന് കാരണമെന്ന് ആരോപിച്ചാണ് സനൂപ് ഡോക്ടർ വിപിനെ ആക്രമിച്ചത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഡോക്ടർ വിപിന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്. രണ്ട് ദിവസത്തിനകം ആശുപത്രി വിടുമെന്നാണ് വിവരം.
അതേസമയം ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) പ്രഖ്യാപിച്ച അനിശ്ചിതകാല സമരം തുടരുകയാണ്. അത്യാഹിത വിഭാഗവും ഒപിയും ഉൾപ്പെടെ ആശുപത്രിയിലെ എല്ലാ സേവനങ്ങളും സ്തംഭിപ്പിച്ചാണ് സമരം. അതീവ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളെ മാത്രമാണ് ഇപ്പോൾ കാഷ്വാലിറ്റി വിഭാഗത്തിൽ പരിശോധിക്കുന്നത്.
ആശുപത്രി പരിസരം സേഫ് സോൺ ആയി പ്രഖ്യാപിക്കുക, കാഷ്വാലിറ്റിയിൽ കൃത്യമായ ട്രയാജ് സംവിധാനം നടപ്പാക്കുക, പൊലിസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കുക, സിസിടിവി, സെക്യൂരിറ്റി സംവിധാനങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സർക്കാർ ആശുപത്രികളിലെ സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടി കെജിഎംഒഎ സംസ്ഥാനവ്യാപകമായി പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
Palakkad IMA distributes pepper spray to doctors for self-defense against attacks.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."