തിരികെ ജീവിതത്തിലേക്ക്; ഗസ്സ വെടിനിർത്തൽ പ്രാബല്യത്തിൽ, 250 തടവുകാരെ മോചിപ്പിക്കുമെന്ന് ഇസ്റാഈൽ; റഫ അതിർത്തി തുറക്കും
ഗസ്സ: യു.എസിന്റെ നേതൃത്വത്തിലുള്ള സമാധാന കരാറിന് ഇസ്റാഈൽ കാബിനറ്റും അംഗീകാരം നൽകിയതോടെ ഗസ്സയിൽ ആക്രമണം ഗണ്യമായി കുറച്ച് ഇസ്റാഈൽ. ഇന്നലെ ഉച്ച മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി ഇസ്റാഈൽ സൈന്യം അറിയിച്ചു. രാവിലെ ചില പ്രദേശങ്ങളിൽ ആക്രമണങ്ങൾ നടന്നിരുന്നു.
ഹമാസുമായുള്ള വെടിനിർത്തൽ ഇസ്റാഈൽ കാബിനറ്റ് ഇന്നലെ രാവിലെ അംഗീകരിച്ചിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഒന്നാംഘട്ട വെടിനിർത്തൽ ഉടമ്പടിക്കാണ് ഇസ്റാഈൽ കാബിനറ്റ് അംഗീകാരം നൽകിയത്. അടുത്ത 24 മണിക്കൂറിനകം സൈന്യത്തെ ഭാഗികമായി പിൻവലിക്കുമെന്ന് ഇസ്റാഈൽ അറിയിച്ചു. 250 രാഷ്ട്രീയത്തടവുകാരെ വിട്ടയക്കാൻ ഇസ്റാഈൽ നീതിന്യായ മന്ത്രാലയം തീരുമാനിച്ചു. ഇതിൽ ഫലസ്തീൻ ഇസ്്ലാമിക് ജിഹാദ് നേതാവ് ഇയാദ് അബു അൽ റൗബും ഉൾപ്പെടും. വിട്ടയക്കുന്നവരുടെ പട്ടിക ഇസ്റാഈൽ പുറത്തുവിട്ടു.
വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന് 72 മണിക്കൂറിനകമാണ് ഇസ്റാഈൽ ബന്ദികളെ ഹമാസ് വിട്ടുനൽകേണ്ടത്. തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12 വരെയാണ് ഹമാസിന് ബന്ദികളെ കൈമാറാനുള്ള സമയപരിധി. പകരം രാഷ്ട്രീയത്തടവുകാരായ ഫലസ്തീനികളെ ഇസ്റാഈലും മോചിപ്പിക്കണം. പ്രധാന പട്ടണങ്ങളിൽനിന്ന് ഇസ്റാഈൽ സൈന്യത്തെ പിൻവലിച്ചു. കരാർ നിലവിൽ വന്നശേഷം ഗസ്സയിലേക്ക് ഭക്ഷണവും മനുഷ്യ സഹായവും എത്തിക്കാൻ ഇസ്റാഈൽ അതിർത്തി തുറന്നു കൊടുക്കണം.
2023ൽ ആക്രമണം തുടങ്ങിയ ശേഷം അടച്ച ഈജിപ്തിൽനിന്ന് ഗസ്സയിലേക്കുള്ള റഫ അതിർത്തി തുറക്കാനും ഇസ്റാഈൽ തീരുമാനിച്ചു. ഇതുവഴി ഗസ്സയ്ക്കു പുറത്തുള്ള ഫലസ്തീനികളെ ഗസ്സയിലേക്ക് കടക്കാൻ അനുവദിക്കും. കഴിഞ്ഞ ജനുവരിയിലെ കരാറിൽ ഇക്കാര്യം പറഞ്ഞിരുന്നു. പിന്നീട് കരാർ ഇസ്റാഈൽ അട്ടിമറിക്കുകയായിരുന്നു. ഈ കരാർ പാലിക്കുമെന്നാണ് ഇപ്പോൾ ഇസ്റാഈൽ പറയുന്നത്. ഗസ്സയിൽനിന്ന് ഈജിപ്തിലേക്കു പോകാൻ യാതൊരു നിയന്ത്രണവുമുണ്ടാകില്ലെന്ന് ഇസ്റാഈൽ ആർമി റേഡിയോ റിപ്പോർട്ടു ചെയ്തു.
ജനുവരിയിൽ ഗസ്സയിൽ പരുക്കേറ്റവരെയും രോഗികളെയും ഈജിപ്ത് വഴി പുറത്തേക്ക് കൊണ്ടുപോകാൻ ഇസ്റാഈൽ അനുവദിച്ചിരുന്നു. പ്രതിദിനം 600 ട്രക്കുകൾ ഗസ്സയിലേക്ക് സഹായ വസ്തുക്കൾ കൊണ്ടുവരാൻ അനുവദിക്കും. ഭക്ഷണം, മെഡിക്കൽ ഉപകരണങ്ങൾ, ടെന്റുകൾ, ഇന്ധനം, പാചക വാതകം തുടങ്ങിയവ ഗസ്സയിൽ എത്തിക്കാൻ ഇതു സഹായിക്കും. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ ഹമാസിന്റെ പൊലിസ് വിഭാഗം ഗസ്സയിൽ ക്രമസമാധാന ചുമതലയേറ്റെടുത്തു. ഗസ്സയിൽ സായുധരായ പൊലിസിനെ വിവിധ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."