പേരാമ്പ്ര സംഘര്‍ഷം; പൊലിസ് വാദം പൊളിയുന്നു; ഷാഫി പറമ്പിലിനെ ലാത്തികൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
കോഴിക്കോട്: പേരാമ്പ്രയിലുണ്ടായ സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിയെ പൊലിസ് ലാത്തികൊണ്ട് തലയ്ക്കടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പൊലിസുമായി സംസാരിക്കുന്നതിനിടെയാണ് ഷാഫി പറമ്പിലിന് ലാത്തികൊണ്ട് അടിയേറ്റത്. സംഭവസ്ഥലത്ത് ലാത്തിച്ചാര്‍ജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം ഇതോടെ പൊളിഞ്ഞു. പൊലിസ് ലാത്തി വീശിയില്ലെന്നും, പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകമാണ് പ്രയോഗിച്ചതെന്നുമായിരുന്നു ഇന്നലെ പൊലിസ് നല്‍കിയ വിശദീകരണം.
യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഉടലെടുത്ത പ്രതിഷേധത്തിനിടെ നടന്ന പൊലിസ് അതിക്രമത്തില്‍ ഷാഫിക്ക് മുഖത്തും മൂക്കിനും പരിക്കേറ്റിരുന്നു. കൂടാതെ നിരവധി കോണ്‍ഗ്രസ് പ്രവര്‍കരെ പൊലിസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി ഉയരുകയും ചെയ്തിട്ടുണ്ട്.
ഷാഫിക്കെതിരെ കേസ്
അതേസമയം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഷാഫി പറമ്പിൽ എംപിക്കെതിരെ പൊലിസ് കേസെടുത്തു. ഷാഫി പറമ്പിൽ, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ അടക്കം 692 കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലിസിനെ ആക്രമിച്ചുവെന്നാണ് പ്രധാന ആരോപണം. അതേസമയം, എൽഡിഎഫ് പ്രവർത്തകർക്കെതിരെയും പൊലിസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 492 എൽഡിഎഫ് പ്രവർത്തകർക്കെതിരെ, നിയമവിരുദ്ധമായി സംഘം ചേർന്നതിനും വാഹന ഗതാഗതം തടസ്സപ്പെടുത്തിയതിനും കേസ് രജിസ്റ്റർ ചെയ്തു.
പേരാമ്പ്രയിലെ സംഘർഷം കോൺഗ്രസിന്റെയും എൽഡിഎഫിന്റെയും പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് വഴിവെച്ചിരുന്നു, ഇത് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾക്ക് കാരണമായി.
സംസ്ഥാനവ്യാപക പ്രതിഷേധം
തലസ്ഥാന നഗരിയിൽ ഷാഫിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. ഇതിനിടെ പൊലിസുമായി ഉന്തും തള്ളും ഉണ്ടാവുകയും ലാത്തിചാർജ് നടക്കുകയും ചെയ്തു. കൊല്ലത്ത് രാത്രി വൈകിയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനവും ഉപരോധവും സംഘടിപ്പിച്ചു. ചവറയിൽ പൊലിസ് സ്റ്റേഷനും റോഡും ഉപരോധിച്ച പ്രവർത്തകരെ പൊലിസ് ബലം പ്രയോഗിച്ച് നീക്കി. കരുനാഗപ്പള്ളിയിൽ ദേശീയ പാത ഉപരോധിച്ചതിന് പിന്നാലെ പൊലിസ് ബലപ്രയോഗത്തിലൂടെ സമരക്കാരെ പിരിച്ചുവിട്ടു.
ആലപ്പുഴയിൽ രാത്രി പത്ത് മണി വരെ പ്രവർത്തകർ ദേശീയ പാതയിൽ പ്രതിഷേധിച്ചു. കളർകോട് ജംഗ്ഷനിൽ ദേശീയ പാത ഉപരോധിച്ചതിനെ തുടർന്ന് വാഹനങ്ങൾ തടഞ്ഞത് വാക്കേറ്റത്തിന് ഇടയാക്കി. ഹൈവേ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു. ഏകദേശം ഒരു മണിക്കൂർ നീണ്ട പ്രതിഷേധത്തിന് ശേഷം പൊലിസ് പ്രവർത്തകരെ ബലമായി അറസ്റ്റ് ചെയ്തു നീക്കി.
എറണാകുളത്ത് കളമശ്ശേരി എച്ച്എംടി ജംഗ്ഷനിലും ആലുവയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയ പാത ഉപരോധിക്കാൻ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി. എറണാകുളം നഗരത്തിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. പെരുമ്പാവൂരിൽ പന്തം കൊളുത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. തൊടുപുഴയിലും പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി.
തൃശ്ശൂരിൽ പ്രവർത്തകരും പൊലിസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പാലക്കാട് മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. വയനാട്ടിലെ മാനന്തവാടിയിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചു.
Perambra Clash: Police Version Falls Apart; Footage Emerges Showing Shafi Parambil Being Beaten with a Baton
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."