'എനിക്ക് തരൂ എന്ന് പറഞ്ഞിട്ടില്ല, അവരെന്നെ വിളിച്ചു'; സമാധാന നൊബേലില്‍ പ്രതികരണവുമായി ട്രംപ്
വാഷിങ്ടണ്‍: സമാധാന നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചതിന് പിന്നാലെ മൗനം വെടിഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുരസ്‌കാരം ലഭിച്ചത് തീര്‍ത്തും അര്‍ഹയായ വ്യക്തിക്കാണെന്നും അവര്‍ തന്നെ വിളിച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു. അവാര്‍ഡ് ജേതാവായ വെനിസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്ക്ക് നിരവധി തവണ സഹായം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു ട്രംപ്.
''തന്നോടുള്ള ബഹുമാനാര്‍ത്ഥം പുരസ്‌കാരം സ്വീകരിക്കുന്നുവെന്നാണ് അവര്‍ പറഞ്ഞത്. പുരസ്‌കാരം എനിക്ക് നല്‍കണമെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. അത് അവര്‍ക്ക് അര്‍ഹതപ്പെട്ടതുതന്നെയാണ്. അവരുടെ യാത്രയില്‍ ഞാന്‍ ഒരുപാട് സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. വെനസ്വേലയില്‍ അവര്‍ക്ക് സഹായം ആവശ്യമായിരുന്നപ്പോഴെല്ലാം സഹായം നല്‍കിയിട്ടുണ്ട്. ദശലക്ഷക്കണക്കിന് ജീവന്‍ രക്ഷപ്പെടുത്തിയതില്‍ ഞാന്‍ സന്തോഷവാനാണ്.''- ട്രംപ് പറഞ്ഞു.
ഇന്നലെയാണ് 2025ലെ സമാധാന നോബേല്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സുഹൃത്തും വലതുപക്ഷ വാദിയുമായ വെനസ്വലയില്‍ നിന്നുള്ള മരിയ കൊരീന മച്ചാഡോക്ക് ലഭിച്ചത്. ഇവര്‍ ഇസ്റാഈല്‍ അനുകൂലിയാണ്. വെനസ്വലന്‍ പ്രതിപക്ഷ നേതാവും ജനാധിപത്യ മനുഷ്യാവകാശ പ്രവര്‍ത്തകയുമാണ് മരിയ.നിസഹായരായ ആളുകള്‍ക്ക് വേണ്ടി പോരാടിയ വനിത എന്നാണ് പുരസ്‌കാര ദാന ചടങ്ങില്‍ നൊബേല്‍ കമ്മിറ്റി മരിയയെ വിശേഷിപ്പിച്ചത്.
അതേസമയം നിക്കോളസ് മദ്യൂറോയുടെ സോഷ്യലിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന യുഎസ് ഏജന്റാണ് മരിയ എന്ന വിമര്‍ശനം ശക്തമാണ്. തീവ്ര വലതുപക്ഷ ചിന്താഗതിക്കാരിയായ ഇവര്‍ ഗസയിലെ ഇസ്രാഈല്‍ വംശഹത്യയെ പരസ്യമായി പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ഡോണാള്‍ഡ് ട്രംപിന്റെ പരസ്യ അവകാശവാദങ്ങള്‍ തള്ളിയപ്പോഴും വെനസ്വേലയിലെ അമേരിക്കന്‍ പാവയ്ക്ക് പുരസ്‌കാരം നല്‍കിയതിലൂടെ നൊബേല്‍ കമ്മിറ്റിയും കടുത്ത വിമര്‍ശനങ്ങളാണ് നേരിടുന്നത്.
കടുത്ത ഷാവേസ് വിരോധിയും മുതലാളിത്തത്തിന്റെ വക്താവുമായ മരിയ വെനസ്വേലന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്ക ഇടപെടണമെന്ന് പരസ്യമായി വാദിച്ചും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. നിലവില്‍ രാഷ്ട്രീയ ഒളിവ് ജീവിതം നയിക്കുന്ന ഇവര്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പുരസ്‌കാരത്തിന് അര്‍ഹയായത്.
English Summary: After the announcement of the 2025 Nobel Peace Prize, U.S. President Donald Trump broke his silence. He claimed that Venezuelan opposition leader María Corina Machado, the recipient of the award, called him and said she was accepting the Nobel “in honor of you” because he “really deserved it.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."