താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടിയ സംഭവം: ഡോക്ടർ ആശുപത്രി വിട്ടു; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് തലയ്ക്ക് വെട്ടേറ്റ ഡോക്ടർ വിപിൻ വി ടി ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഡോക്ടർ ഇന്ന് ഉച്ചയോടെയാണ് വീട്ടിലേക്ക് മടങ്ങിയത്. തലയിൽ എട്ട് സെന്റീമീറ്റർ ആഴത്തിലാണ് മുറിവേറ്റത്. ആക്രമണം നടന്ന ദിവസം തന്നെ ഇദ്ദേഹത്തിനെ വിദ്ഗധ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഡോക്ടർക്ക് പൂർണമായ വിശ്രമം നിർദേശിച്ചിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ചയാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച 9 വയസ്സുകാരി അനയയ്ക്ക് മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് പിതാവ് സനൂപ് ഡോക്ടറെ വെട്ടിപ്പരുക്കേൽപ്പിച്ചത്. സംഭവത്തിൽ അറസ്റ്റിലായ പ്രതി സനൂപിനെതിരെ വധശ്രമത്തിന് പൊലിസ് കേസെടുത്തിട്ടുണ്ട്. കൂടാതെ, അതിക്രമിച്ച് കയറി ആക്രമിക്കൽ, ആശുപത്രി സംരക്ഷണ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
അതേസമയം ആക്രമണത്തിൽ പ്രതിഷേധിച്ച് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാർ നടത്തിവന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെയും കളക്ടറുടെയും നേതൃത്വത്തിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് ഡോക്ടർമാർ നടത്തിവന്ന സമരം പിൻവലിക്കുന്നതായി അറിയിച്ചത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പൊലിസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കുന്നതുവരെ സുരക്ഷയ്ക്കായി പൊലിസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും അധികൃതർ അറിയിച്ചു.
അനയയുടെ മരണം
ഓഗസ്റ്റ് 14-നാണ് അനയ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. പനി മൂർച്ഛിച്ചതിനെത്തുടർന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും, നില വഷളായതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിനിടെ കുട്ടിയുടെ നട്ടെല്ലിൽ നിന്ന് ശേഖരിച്ച സ്രവത്തിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ചികിത്സാപിഴവാണ് മകളുടെ മരണത്തിന് കാരണമെന്ന് ആരോപിച്ചാണ് സനൂപ് ഡോക്ടർ വിപിനെ ആക്രമിച്ചത്. അനയയുടെ മരണം അമീബിക് മസ്തിഷ്കജ്വരം മൂലമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.
പ്രതിയുടെ ഭാര്യയുടെ പ്രതികരണം
ഭർത്താവിന്റെ പ്രവൃത്തി ശരിയായില്ലെന്ന് സനൂപിന്റെ ഭാര്യ രംബീസ പ്രതികരിച്ചു. “നിയമപരമായി മുന്നോട്ട് പോകേണ്ടതായിരുന്നു. മകളെ നേരത്തെ മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷപ്പെട്ടേനെ എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. മകളുടെ മരണത്തിന് ശേഷം സനൂപ് ഡിപ്രെഷനിലായിരുന്നു. രാത്രി ഉറക്കമില്ലാതെ വീടിനു ചുറ്റും നടക്കുകയും, മക്കളെ കെട്ടിപ്പിടിച്ച് കരയുകയും ചെയ്തിരുന്നു, രംബീസ പറഞ്ഞു.
മകളുടെ മരണത്തിൽ നീതി ലഭിക്കണമെന്നും, അമീബിക് മസ്തിഷ്കജ്വരം മൂലമല്ല മരണമെന്ന് ആദ്യം ഡോക്ടർമാർ പറഞ്ഞിരുന്നതായും രംബീസ ആരോപിച്ചു. “പിന്നീടാണ് അവർ മൊഴി മാറ്റിയത്. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് മറച്ചുവെക്കുമോ എന്നും സംശയിക്കുന്നു. ഇനി ഒറ്റയ്ക്ക് നിയമപോരാട്ടം നടത്തും,” രംബീസ കൂട്ടിച്ചേർത്തു.
In Thamarassery Taluk Hospital, Dr. Vipin VT, who was attacked and injured on the head, has been discharged from a private hospital in Kozhikode after undergoing surgery for an 8 cm deep wound.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."