മർവാൻ ബർഗൂത്തിയെ മോചിപ്പിക്കാൻ വിസമ്മതിച്ച് ഇസ്‌റാഈൽ; ആരാണ് സയണിസ്റ്റുകൾ ഭയപ്പെടുന്ന 'ഫലസ്തീന്റെ നെൽസൺ മണ്ടേല'?
ഗസ്സ: ഗസ്സയിലെ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസ് തടവിലാക്കിയ ബന്ദികളെ വിട്ടയക്കുന്നതിന് പകരമായി, ഫലസ്തീൻ ജനതയുടെ പ്രിയനേതാവ് മർവാൻ ബർഗൂത്തിയെ മോചിപ്പിക്കണമെന്ന ഹമാസിന്റെ ആവശ്യത്തോട് മുഖംതിരിച്ച് ഇസ്റാഈൽ. 2004 മുതൽ ഇസ്റാഈൽ ചുമത്തിയ കുറ്റങ്ങളെ തുടർന്ന് ജീവപര്യന്ത തടവ് അനുഭവിക്കുകയാണ് ബർഗൂത്തി. തങ്ങളുടെ സ്വാതന്ത്യ പോരാട്ടത്തിലെ ഏറ്റവും ശക്തനായ നേതാവായാണ് ബർഗൂത്തിയെ ഫലസ്തീൻ ജനത കണക്കാക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ അവകാശപ്പോരാട്ടങ്ങൾക്ക് നടുനായകത്വം വഹിച്ച നെൽസൺ മണ്ടേലയോടാണ് ബർഗൂത്തിയെ ഉപമിക്കാറുള്ളത്.
ബർഗൂത്തിയെയും മറ്റു പ്രമുഖ ഫലസ്തീൻ തടവുകാരെയും മോചിപ്പിക്കണമെന്ന് ഹമാസ് മധ്യസ്ഥരുമായുള്ള ചർച്ചകളിൽ ആവശ്യപ്പെട്ടിരുന്നതായി ഹമാസിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ മൂസ അബു മർസൂഖ് അൽ ജസീറ ടിവി നെറ്റ്‌വർക്കിനോട് പറഞ്ഞു. എന്നാൽ, 2011-ൽ ഹമാസ് നേതാവ് യഹ്‌യ സിൻവാറിനെ മോചിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് ഇസ്റാഈൽ ബർഗൂത്തിയെ മോചിപ്പിക്കാൻ വിസമ്മതിക്കുന്നത്.
ബർഗൂത്തിയെ മോചിപ്പിക്കാനുള്ള ആവശ്യം ഹമാസ് ദീർഘകാലമായി ഉന്നയിക്കുന്നുണ്ട്. എന്നാൽ ഇസ്റാഈൽ സർക്കാർ ഇത് നിരസിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച ഇസ്റാഈൽ സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ 250 തടവുകാരുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നെങ്കിലും ഇതിൽ ബർഗൂത്തിയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല.
മർവാൻ ബർഗൂത്തി: ഫലസ്തീന്റെ 'നെൽസൺ മണ്ടേല'
1959-ൽ വെസ്റ്റ് ബാങ്കിലെ കോബാർ ഗ്രാമത്തിൽ ജനിച്ച ബർഗൂത്തി, ബിർ സെയ്ത് സർവകലാശാലയിൽ ചരിത്രവും രാഷ്ട്രീയവും പഠിക്കുന്ന കാലത്തു തന്നെ ഇസ്റാഈൽ അധിനിവേശത്തിനെതിരെ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. 1987-ലെ ആദ്യ ഇന്റിഫാദയിൽ (ഫലസ്തീൻ പ്രക്ഷോഭം) പ്രധാന സംഘാടകനായി അദ്ദേഹം ഉയർന്നുവന്നു. ഇസ്റാഈൽ അദ്ദേഹത്തെ ജോർദാനിലേക്ക് നാടുകടത്തിയെങ്കിലും, 1990-കളിൽ ഇടക്കാല സമാധാന കരാറുകളുടെ ഭാഗമായി വെസ്റ്റ് ബാങ്കിലേക്ക് മടങ്ങിവന്നു.
“ഞാൻ ഒരു തീവ്രവാദിയല്ല, പക്ഷേ ഒരു സമാധാനവാദിയുമല്ല,” 2002-ൽ ദി വാഷിംഗ്ടൺ പോസ്റ്റിന്റെ എഡിറ്റോറിയലിൽ ബർഗൂത്തി എഴുതി. ദ്വിരാഷ്ട്ര പരിഹാരത്തിന്റെ വക്താവായ അദ്ദേഹം, ഫലസ്തീൻ ജനതയുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന നേതാവായാണ് അറിയപ്പെടുന്നത്. 2021-ൽ, ഫലസ്തീൻ പാർലമെന്റ് തിരഞ്ഞെടുപ്പിനായി സ്വന്തം പട്ടിക രജിസ്റ്റർ ചെയ്തെങ്കിലും പിന്നീട് പിൻവലിച്ചു. ഇസ്റാഈൽ ജയിലുകളിലെ തടവുകാരുടെ അവകാശങ്ങൾക്കായി 1,500-ലധികം തടവുകാരെ അണിനിരത്തി 40 ദിവസത്തെ നിരാഹാര സമരവും അദ്ദേഹം നയിക്കുകയുണ്ടായി.
ഫലസ്തീനിലെ ജനപ്രിയ നേതാവ്
66-ാം വയസ്സിൽ, ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ പിൻഗാമിയായി ബർഗൂത്തി വരുമെന്ന് വലിയൊരു ശതമാനം ഫലസ്തീൻ ജനത കരുതുന്നുണ്ട്. വോട്ടെടുപ്പുകളിൽ സ്ഥിരമായി ഏറ്റവും ജനപ്രിയ നേതാവായി അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നു.
israel rejects hamas's demand to release marwan barghouti in gaza ceasefire talks. learn about the iconic palestinian leader, dubbed the 'nelson mandela' of palestine, and why zionists fear his influence.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."