UAE Weather: യു.എ.ഇയില്‍ അസ്ഥിര കാലാവസ്ഥ; മഴയും ആലിപ്പഴവര്‍ഷവും പ്രതീക്ഷിക്കാം; ഒപ്പം കാറ്റും പൊടിപടലങ്ങളും
ദുബൈ: യു.എ.ഇയില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ തുടരുന്ന അസ്ഥിര കാലാവസ്ഥ അടുത്ത ആഴ്ച പകുതി വരെ നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആയതിനാല്‍ താമസക്കാര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. മഴ മേഘങ്ങള്‍ രൂപപ്പെടാമെന്നും കനത്ത മഴ പെയ്യാനും ഇടയ്ക്കിടെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും നാഷണല്‍ സെന്റര്‍ ഓഫ് മീറ്റിയറോളജി (എന്‍.സി.എം) പ്രസ്താവനയില്‍ പറഞ്ഞു.
കാറ്റടിക്കുന്നത് പൊടിയും മണലും ഇളക്കി വിടുകയും ചില പ്രദേശങ്ങളില്‍, പ്രത്യേകിച്ചും കിഴക്കന്‍തെക്കന്‍ പ്രദേശങ്ങളില്‍ തിരശ്ചീന ദൃശ്യപരത കുറയ്ക്കുകയും ചെയ്യും. ഇന്നലെ ഉച്ച 2.30 മുതല്‍ രാത്രി 10 വരെ കാറ്റിന്റെ സ്പീഡ് മണിക്കൂറില്‍ 45 കിലോ മീറ്റര്‍ വരെ ആയിരുന്നു.
ഇന്നലെ രാവിലെ 4.45ന് റാസല്‍ഖൈമ ജൈസ് പര്‍വതത്തില്‍ താപനില 17.4ത്ഥ സെല്‍ഷ്യസ് ആയി കുറഞ്ഞു. ഇന്നലെ ഇതേ സമയം അബൂദബിയിലെ പല പ്രദേശങ്ങളിലും മൂടല്‍മഞ്ഞും കുറഞ്ഞ ദൃശ്യപരതയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അബൂദബി പൊലിസം എന്‍.സി.എമ്മും ഇതേതുടര്‍ന്ന് മുന്നറിയിപ്പുകളിറക്കി. അപകടങ്ങള്‍ ഒഴിവാക്കാന്‍ ഡ്രൈവര്‍മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും, എല്ലാ സുരക്ഷാ നിര്‍ദേശങ്ങളും പാലിക്കണമെന്നും എന്‍.സി.എം അറിയിച്ചു.
കാലാവസ്ഥാ വ്യതിയാനങ്ങള്‍ കണക്കിലെടുത്ത് എന്‍.സി.എം, യു.എ.ഇ ആഭ്യന്തര മന്ത്രാലയം, മറ്റ് പങ്കാളി സ്ഥാപനങ്ങള്‍ എന്നിവയുമായി ഏകോപിപ്പിച്ച് ദേശീയ അടിയന്തര പ്രതിസന്ധി, ദുരന്ത നിവാരണ അതോറിറ്റി (എന്‍.സി.ഇ.എം.എ) വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്ന കാലാവസ്ഥ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.
ബന്ധപ്പെട്ട എല്ലാ അധികാരികളും അതീവ ജാഗ്രതയിലാണെന്നും, പൂര്‍ണമായും സന്നദ്ധമാണെന്നും എന്‍.സി.ഇ.എം.എ സ്ഥിരീകരിച്ചു, പൊതുജനങ്ങള്‍ ഔദ്യോഗിക ബുള്ളറ്റിനുകള്‍ പാലിക്കാനും, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങള്‍ ഒഴിവാക്കാനും, സുരക്ഷയ്ക്കായി മുന്‍കരുതലുകള്‍ സ്വീകരിക്കാനും അധികൃതര്‍ നിര്‍ദേശിച്ചു.
യു.എ.ഇയുടെ വാരാന്ത്യ കാലാവസ്ഥയെ തെക്ക് നിന്നുള്ള ഉപരിതല ന്യൂനമര്‍ദ സംവിധാനവും, ഉയര്‍ന്ന തലത്തിലുള്ള ന്യൂന മര്‍ദവും ചേര്‍ന്ന് തണുപ്പും ഈര്‍പ്പവും നിറഞ്ഞ വായുവും സ്വാധീനിക്കും. ഇത് ഇന്ന് വരെ അസ്ഥിര അവസ്ഥയ്ക്ക് കാരണമാകും. താപനില ശ്രദ്ധേയമായി കുറയുകയും ചെയ്യും.
താപനില
ഇന്ന് ദുബൈയില്‍ കൂടിയ താപനില 36.7° സെല്‍ഷ്യസാണ്. കുറഞ്ഞ താപനില 28.3° സെല്‍ഷ്യസ്. ഇന്നലെ കൂടിയ താപനില 35.6°, കുറഞ്ഞത് 27.2° സെല്‍ഷ്യസ് എന്നിങ്ങനെ ആയിരുന്നു.
ഇന്ന് അബൂദബിയില്‍ കൂടിയ താപനില 36.1° സെല്‍ഷ്യസും, കുറഞ്ഞത് 27.8° സെല്‍ഷ്യസുമാണ്.
ഇന്നലെ കൂടിയ താപനില 36.1° സെല്‍ഷ്യസ്, കുറഞ്ഞ താപനില 26.1° സെല്‍ഷ്യസ്.
Summary: Authorities have urged residents to remain vigilant as the unstable weather conditions in the UAE, which have been ongoing since last Friday, are expected to persist until the middle of next week.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."