'ഐ ലവ് മുഹമ്മദ്' പ്രക്ഷോഭകര്‍ക്കെതിരേ ഉണ്ടായത് തനി അഴിഞ്ഞാട്ടം; 4505 പേര്‍ക്കെതിരെ കേസ്, 265 പേര്‍ അറസ്റ്റില്‍, വ്യാപക ബുള്‍ഡോസര്‍ രാജും
ന്യൂഡല്‍ഹി: പ്രവാചകന്റെ ജന്മദിനത്തോടനുബന്ധിച്ച് 'ഐ ലവ് മുഹമ്മദ്' എന്ന ബാനറുകളും പോസ്റ്ററുകളും ഉയര്‍ത്തിയവര്‍ക്കെതിരായ യു.പി പൊലിസിന്റെ നടപടിയോടുള്ള പ്രതിഷേധസൂചകമായി നടന്ന പ്രക്ഷോഭകര്‍ക്ക് നേരെ നടന്നത് തനി അഴിഞ്ഞാട്ടം. 'ഐ ലവ് മുഹമ്മദ്' പോസ്റ്ററുകളുടെ പേരില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ 4505 മുസ്ലിംകള്‍ക്കെതിരേ കേസെടുത്തതായും 265 പേരെ അറസ്റ്റ്‌ചെയ്തതായും നിരവധി മുസ്ലിംകളുടെ സ്വത്തുക്കള്‍ തകര്‍ത്തതായും പൗരാവകാശ സംഘടന അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് (എ.പി.സി.ആര്‍) തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 30 ദിവസത്തിനുള്ളില്‍ 23 നഗരങ്ങളിലായി 45 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. ബറേലിയില്‍ മാത്രം 89 പേര്‍ അറസ്റ്റിലായി. ബറേലിയിലെ ബരാദാരി പ്രദേശത്ത് മുസ്ലിംകളെ വിവേചനരഹിതമായാണ് പിടികൂടുന്നത്. ക്രമസമാധാനം നിലനിര്‍ത്തുന്നതിനുപകരം അധികാരികളുടെ പ്രവര്‍ത്തനങ്ങള്‍ മുസ്ലിംകളെ ഒരു പാഠം പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണെന്ന് റിപ്പോര്‍ട്ട് പുറത്തിറക്കി മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പ്രശാന്ത് ടണ്ടന്‍ പറഞ്ഞു. ബറേലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് വെള്ളിയാഴ്ചയാണ് എ.പി.സി.ആര്‍ പുറത്തുവിട്ടത്.
പ്രക്ഷോഭകരെ ലക്ഷ്യംവച്ച് വ്യാപക ബുള്‍ഡോസര്‍ രാജും ഉണ്ടായി. ചുരുങ്ങിയത് 30 ഓളം വീടുകളാണ് തകര്‍ത്തത്. കൂടാതെ കൈയേറ്റം ആരോപിച്ച് വീട്ടുടമസ്ഥര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു. വീട് പൊളിക്കാനുള്ള ചെലവും ഇവരില്‍നിന്ന് ഈടാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പ്രക്ഷോഭമോ, 'ഐ ലവ് മുഹമ്മദ്' ബോര്‍ഡുകളുമായോ യാതൊരു ബന്ധവുമില്ലാത്തവര്‍ക്കെതിരേയും കേസെടുത്തതായും റിപ്പോര്‍ട്ടിലുണ്ട്.
മരണങ്ങളോ സായുധ കലാപങ്ങളോ ഇല്ലാതിരുന്നിട്ടും 132 (ഭരണകൂടത്തിനെതിരായ യുദ്ധം), 302 (കൊലപാതകം) തുടങ്ങിയ ഗുരുതരമായ വകുപ്പുകളും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്വേഷ പ്രസംഗത്തിന്റെ വ്യക്തമായ തെളിവുകളില്ലാതിരുന്നിട്ടും എഫ്.ഐ.ആറുകളില്‍ സെക്ഷന്‍ 196 വകുപ്പും പ്രയോഗിക്കുന്നു. ഒരേതരത്തിലുള്ളതും അവ്യക്തവുമായ എഫ്.ഐആറുകളാണ് യു.പിയിലെ വിവിധ പൊലിസ് സ്റ്റേഷനുകള്‍ വിഷയത്തില്‍ തയാറാക്കിയതെന്നും എ.പി.സി.ആര്‍ സംഘം കണ്ടെത്തി.
രാത്രി വൈകി എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും പകര്‍പ്പുകള്‍ അറസ്റ്റിലായവരുമായോ അവരുടെ കുടുംബങ്ങളുമായോ പങ്കിടാതിരിക്കുകയും ചെയ്തതിനാല്‍ എന്തിനാണ് അറസ്റ്റിലായതെന്ന് അറിയാനും കഴിഞ്ഞില്ല. വ്യാപക അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാവട് യാത്രികര്‍ക്ക് മേല്‍ പുഷ്പവൃഷ്ടി നടത്തിയ പൊലിസ് ആണ്, നബിദിനഘോഷയാത്ര നടത്തിയവരോട് ഇങ്ങനെ പെരുമാറിയതെന്ന് സംഘത്തിലെ നദീം ഖാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."