സൗദി: പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് കര്‍ശന നിയന്ത്രണം, കടകളില്‍ സിസിടിവി വേണം, കസ്റ്റമേഴ്‌സിനോട് പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെടാം
റിയാദ്: രാജ്യത്ത് പുകയില ഉല്‍പന്നങ്ങളുടെ വില്‍പനയ്ക്ക് കര്‍ശന നിയന്ത്രണങ്ങളും വ്യവസ്ഥകളും നടപ്പാക്കി സൗദി അറേബ്യ. പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുക, രാജ്യത്തുടനീളം ചിട്ടയായ വാണിജ്യ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നടപടികളെന്ന് സൗദി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. മസ്ജിദുകള്‍, വിദ്യാലയങ്ങള്‍ എന്നിവയില്‍ നിന്ന് കുറഞ്ഞത് 500 മീറ്റര്‍ അകലെ മാത്രമേ പുകയില വില്‍പ്പന നടത്തുന്ന ഷോപ്പുകള്‍ പാടുള്ളൂ. മാത്രമല്ല ഇത്തരം വസ്തുക്കള്‍ നില്‍പ്പന നടത്തുന്ന കടകള്‍ നഗരപ്രദേശത്തെ വാണിജ്യ കെട്ടിടത്തിനുള്ളില്‍ സ്ഥിതി ചെയ്യണം. കുറഞ്ഞത് 36 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണം ഉണ്ടായിരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
അലാറം, മതിയായ അഗ്‌നിശമന സംവിധാനങ്ങള്‍, സൗദി ബില്‍ഡിങ് കോഡ് പ്രകാരമുള്ള ലൈറ്റിങ് സംവിധാനം, വെന്റിലേഷന്‍ എന്നിവയും നിര്‍ബന്ധമാണെന്നും പ്രസ്താവനയില്‍ പറയുന്നു. കടകളില്‍ പുകയില വില്‍ക്കുന്നത് സംബന്ധിച്ച പുതുക്കിയ നിയന്ത്രണ മാനദണ്ഡങ്ങള്‍ സൗദി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം അംഗീകരിച്ചു. സിഗരറ്റുകള്‍, പുകയില, ഇസിഗരറ്റുകള്‍, ഹുക്കകള്‍, അനുബന്ധ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമാണ്.
മറ്റ് പ്രധാനവ്യവസ്ഥകള്‍:
* പുകയില ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കുക, സമ്മാനങ്ങളായോ സൗജന്യ സാമ്പിളുകളായോ ഓഫര്‍ ചെയ്യുക, പരസ്യം ഉള്‍ക്കൊള്ളുന്ന ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുക എന്നിവയും നിരോധിച്ചു.
* വ്യാപാരസ്ഥാപനങ്ങളില്‍ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിരിക്കണം.
* 18 വയസ്സിന് താഴെയുള്ളവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് കര്‍ശനമായി നിരോധിച്ചു.
* വാങ്ങാന്‍ വരുമ്പോള്‍ പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെടാം.
* വെന്‍ഡിങ് മെഷീനുകള്‍ വഴി പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും പ്രദര്‍ശിപ്പിക്കാനും പാടില്ല.
* സിഗരറ്റുകള്‍ സീല്‍ ചെയ്ത പാക്കേജുകളില്‍ വില്‍ക്കണം, ഒറ്റ യൂണിറ്റ് വില്‍പ്പന നിരോധിച്ചു
* ഉറവിടം അജ്ഞാതമായതോ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ അടങ്ങിയതുമായ ഉല്‍പ്പന്നങ്ങള്‍ കൈവശം വയ്ക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിച്ചു.
* സ്ഥാപനത്തിന് പുറത്ത് ലോഗോകളോ പ്രമോഷണല്‍ മെറ്റീരിയലുകളോ സ്ഥാപിക്കാന്‍ പാടില്ല.
* പുകവലിയുടെ അപകടങ്ങളെക്കുറിച്ചുള്ള അവബോധം ഉള്‍ക്കൊള്ളുന്ന മുന്നറിയിപ്പ് കടകളില്‍ സ്ഥാപിക്കണം
* ലൈസന്‍സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങുന്ന ക്യൂആര്‍ കോഡ് മുമ്പില്‍ പ്രദര്‍ശിപ്പിക്കണം.
* വ്യവസ്ഥകള്‍ നടപ്പാക്കുന്നത് മുനിസിപ്പല്‍ അധികാരികള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുകയും ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തുകയും ചെയ്യും.
* ഉല്‍പ്പന്നങ്ങളുടെ മിക്‌സിംഗ് അല്ലെങ്കില്‍ റീപാക്കേജിംഗ് ഇല്ല
* സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്.എഫ്.ഡി.എ) മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉല്‍പ്പന്നങ്ങള്‍ മാത്രമേ വില്‍ക്കാന്‍ കഴിയൂ.
Saudi Arabia has imposed a ban on running tobacco shops within 500 meters of mosques and schools, following approval of regulatory measures by the Ministry of Municipalities and Housing. The new rules aim to promote public health, ensure regulatory compliance, and create a safe, orderly commercial environment across the Kingdom.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."