ട്രംപിന്റെ ഇസ്‌റാഈൽ സന്ദർശനം നാളെ; 4 മണിക്കൂർ... പാർലമെന്റിൽ സംസാരിക്കും, നെതന്യാഹുവുമായി കൂടിക്കാഴ്ച, ബന്ദികളുടെ ബന്ധുക്കളെ കാണും
തെൽഅവീവ്: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇസ്‌റാഈൽ സന്ദർശനം നാളെ (തിങ്കളാഴ്ച). നാലുമണിക്കൂറോളം ആണ് യു.എസ് പ്രസിഡന്റ് ഇസ്‌റാഈലിൽ ചെലവഴിക്കുക. ഇസ്‌റാഈൽ പാർലമെന്റായ കെനേസത്തിൽ പ്രസംഗിക്കുന്നതുൾപെടെ പരിപാടികളാണ് പ്ലാൻ ചെയ്തിട്ടുള്ളത്.
രാവിലെ 9.20 ന് ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ ഇറങ്ങും. ഇസ്‌റാഈൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ കെനേസത്തിലെ ഓഫിസിൽ വെച്ച് കൂടിക്കാഴ്ച നടത്തും. തുടർന്ന് ഇരു നേതാക്കളും ചാഗൽ ഹാളിൽ ബന്ദികളുടെ കുടുംബങ്ങളുമായി സംസാരിക്കും.
2017ൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ആദ്യ അന്താരാഷ്ട്ര യാത്രയിൽ തന്നെ ട്രംപ് ഇസ്‌റാഈൽ സന്ദർശിച്ചിരുന്നു. രണ്ടാമത് അധികാരത്തിലേറിയ ശേഷമുള്ള ട്രംപിന്റെ ആദ്യ ഇസ്‌റാഈൽ സന്ദർശനമാണിത്.
ഉച്ചക്ക് ഒരുമണിക്ക് ഈജിപ്തിലേക്ക് സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ പോകും. ഈജിപ്തിലെ ഷറം അൽ ഷെയ്ഖിലെത്തി ഇസ്‌റാഈലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ ഒപ്പിടൽ ചടങ്ങിന്റെ വിലയിരുത്തൽ നടത്തും.
ഗസ്സയുടെ ഭാവി എന്താകുമെന്ന കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും അതിനായി ഈജിപ്തിൽ നിരവധി നേതാക്കളുമായി ചർച്ച നടത്തുമെന്നും ട്രംപ് പറഞ്ഞു. കൂടിക്കാഴ്ച തിങ്കളാഴ്ച കെയ്‌റോയിൽ നടക്കും. ഗസ്സയിലെ വെടിനിർത്തൽ ഗൾഫ് മേഖലയിലെ സമാധാനത്തെ സ്വാധീനിക്കുമെന്നും ചില പ്രദേശങ്ങളിൽ മാത്രമേ ഇപ്പോഴും പ്രശ്‌നമുള്ളൂവെന്നും അവ തീരെ ചെറുതാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപിന് പുറമെ ഇറ്റാലിയുടെയും സ്‌പെയിനിന്റെയും പ്രധാനമന്ത്രിമാർ ഉൾപ്പെടെ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ജോർഡൻ, തുർക്കി, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, പാകിസ്താൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികൾ ഉച്ചകോടിക്കെത്തുന്നുണ്ട്. ബിന്യമിൻ നെതന്യാഹു ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല.
ഹമാസ് ബന്ദികളാക്കിയ ഇസ്‌റാഈൽ പൗരന്മാരെ തിങ്കളാഴ്ച മോചിപ്പിക്കും. തൊട്ടടുത്ത ദിവസം, ഇസ്‌റാഈൽ തടവറയിലുള്ള ഹമാസിന്റെയും ഫതഹിന്റെയും നേതാക്കളടക്കം 250 പേരും മോചിതരാകും.
ഗസ്സയിലേക്ക് ഫലസ്തീനികളുടെ മടക്കയാത്ര തുടരുകയാണ്. ഇസ്‌റാഈൽ സൈന്യം തടഞ്ഞുവെച്ച ഭക്ഷ്യസഹായ വിതരണങ്ങൾ ഭാഗികമായി പുനരാരംഭിക്കാനായിട്ടുണ്ട്. ഗസ്സയിലേക്കുള്ള അഞ്ച് അതിർത്തികൾ തുറന്നു. 1.7 ലക്ഷം മെട്രിക് ടൺ ഭക്ഷ്യവസ്തുക്കൾ ശനിയാഴ്ചയോടെ യു.എന്നിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകൾ ഗസ്സയിലെത്തിക്കും. ഗസ്സക്ക് ആവശ്യമായ വൈദ്യസഹായവും ശനിയാഴ്ചയോടെ എത്തിക്കാനാകുമെന്നും യു.എൻ അറിയിച്ചു. കൂടുതൽ അതിർത്തികൾ തുറക്കണമെന്ന് യു.എൻ ആവശ്യപ്പെട്ടിട്ടുണ്ട്.
former us president donald trump to visit israel tomorrow for 4 hours; will speak in parliament, meet netanyahu, and visit hostage families.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."