'ദുബൈയെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം': ഗതാഗതക്കുരുക്കിനോട് 'നോ' പറയാൻ ഒരുങ്ങി ദുബൈ; ട്രാക്ക്ലെസ് ട്രാം സർവീസ് ആരംഭിക്കുന്നു
ദുബൈ: എമിറേറ്റിലെ ഭാവി ഗതാഗത സംവിധാനത്തെ കരുത്തോടെ മുന്നോട്ട് നയിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നായ ട്രാക്ക്ലെസ് ട്രാം പദ്ധതിക്ക് തുടക്കം കുറിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA).
സ്ഥിരമായ ട്രാക്കുകളില്ലാതെ പ്രവർത്തിക്കുന്ന അടുത്ത തലമുറ ട്രാം, കൃത്യതയോടെ വെർച്വൽ റൂട്ടുകൾ പിന്തുടരുന്നതിന് ഒപ്റ്റിക്കൽ നാവിഗേഷൻ (optical navigation), ജിപിഎസ് (GPS), ലിഡാർ (LiDAR) എന്നീ സാങ്കേതികവിദ്യകളാകും ഉപയോഗിക്കുക.
എഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രാം മുന്നിലുള്ള തടസ്സങ്ങൾ സ്വയം കണ്ടെത്തി അതിന്റെ പാത ക്രമീകരിക്കും. പരമ്പരാഗത റെയിൽ സംവിധാനങ്ങൾക്ക് പകരം വഴക്കമുള്ളതും സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ ഒരു ബദൽ മാർഗമാകും വരാനിരിക്കുന്ന ട്രാക്ക്ലെസ് ട്രാം.
ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ ഡ്രൈവറില്ലാ മെട്രോ ശൃംഖലകളിലൊന്നായ ദുബൈ മെട്രോയും, യൂറോപ്പിന് പുറത്തുള്ള ആദ്യത്തെ ഭൂഗർഭ വൈദ്യുതി വിതരണ സംവിധാനമായ ദുബൈ ട്രാമും ഉൾപ്പെടുന്ന ദുബൈയുടെ നൂതന പൊതുഗതാഗത സംവിധാനത്തിന് ട്രാക്ക്‌ലെസ് ട്രാം ഒരു പുതിയ മാനം നൽകും. സുസ്ഥിരവും ബന്ധിതവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ഒരു ഭാവിയെക്കുറിച്ചുള്ള ദുബൈയുടെ കാഴ്ചപ്പാടിനൊപ്പം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സ്മാർട്ട്, സംയോജിത മൊബിലിറ്റി നെറ്റ്‌വർക്കിന്റെ നട്ടെല്ലാണ് ഈ സംവിധാനങ്ങൾ.
സ്മാർട്ട്, സുസ്ഥിര പൊതുഗതാഗതത്തിൽ ലോകത്തെ നയിക്കാനുള്ള ദുബൈയുടെ അഭിലാഷമാണ് ട്രാക്ക്‌ലെസ് ട്രാം ഉൾക്കൊള്ളുന്നതെന്ന് ആർടിഎയുടെ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മതർ അൽ തായർ പറഞ്ഞു. ദുബൈയിലെ ട്രാക്ക്‌ലെസ് ട്രാം പദ്ധതിയുടെ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കും.
"ട്രാക്ക്‌ലെസ് ട്രാം മുതൽ ഏരിയൽ ടാക്സികൾ വരെ, സാങ്കേതികവിദ്യ ആവശ്യങ്ങൾ മുൻകൂട്ടി കാണുകയും സുരക്ഷ വർദ്ധിപ്പിക്കുകയും സുസ്ഥിരമായ യാത്രാനുഭവം നൽകുകയും ചെയ്യുന്ന ഒരു പരസ്പരബന്ധിതമായ ആവാസവ്യവസ്ഥയാണ് ഞങ്ങൾ നിർമിക്കുന്നത്," അദ്ദേഹം പറഞ്ഞു.
"ഈ നവീകരണം ഗതാഗത മേഖലയിലെ ഗുണപരമായ ഒരു കുതിച്ചുചാട്ടത്തെയാകും അടയാളപ്പെടുത്തുക. മികച്ചതും സന്തോഷകരവും കൂടുതൽ സുസ്ഥിരവുമായ ദുബൈയെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതിനൊപ്പം തടസ്സമില്ലാത്ത ഗതാഗതത്തിനുള്ള ഒരു പരിഹാര മാർഗം കൂടിയാകും ഇത്," അദ്ദേഹം പറഞ്ഞു.
ദുബൈയിലെ എട്ട് സ്ഥലങ്ങളിൽ ട്രാക്കില്ലാത്ത ട്രാം വിന്യസിക്കുമെന്ന് ആർടിഎ അറിയിച്ചു. നിലവിലുള്ള ട്രാക്കുകളിൽ പ്രവർത്തിക്കുന്ന ട്രാം സംവിധാനത്തിൽ നിന്ന് വ്യത്യസ്തമായി, ഈ സെൽഫ്-ഡ്രൈവിംഗ് ട്രാം സിസ്റ്റം വെർച്വൽ ട്രാക്കുകളിലാകും പ്രവർത്തിക്കുക. പ്രത്യേക പാതകളിലെ പെയിന്റ് ചെയ്ത വരകളെ പിന്തുടരുന്ന ക്യാമറകളെ അടിസ്ഥാനമാക്കി ആയിരിക്കും ട്രാമുകൾ സഞ്ചരിക്കുക. വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇത് പരമ്പരാഗത ട്രാമുകളെ അപേക്ഷിച്ച് കുറഞ്ഞ ചെലവും വേഗത്തിലുള്ള നിർമ്മാണ സമയക്രമവുമുള്ള കൂടുതൽ സുസ്ഥിരമായ ഒരു ബദൽ വാഗ്ദാനം ചെയ്യുന്നു.
പ്രധാന സവിശേഷതകൾ
- ഓരോ ട്രാമിലും മൂന്ന് ബോഗികൾ ഉണ്ടായിരിക്കും.
- ഇതിന് 300 യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ കഴിയും.
- ഇത് മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും.
- വേഗത മണിക്കൂറിൽ 25 മുതൽ 60 കിലോമീറ്റർ വരെ.
- ഒറ്റ ചാർജിൽ ട്രാമിന് 100 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയും.
"ദുബൈ നഗരത്തെ ലോകത്തിലെ ഏറ്റവും സ്മാർട്ടും സന്തോഷവുമുള്ള നഗരമാക്കി മാറ്റുക എന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദർശനമാണ് ഞങ്ങളുടെ പദ്ധതികളിൽ പ്രതിഫലിക്കുന്നത്," അൽ തായർ പറഞ്ഞു.
dubai rta unveils ai-powered trackless tram at gitex 2025 to tackle congestion. this rail-free autonomous system uses gps, lidar and optical navigation for efficient urban travel, boosting smart mobility.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."