നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുന്നുവെന്ന് അമിത് ഷാ; യുപിക്കാരനല്ലാത്ത യോഗി ആദിത്യനാഥാണ് നുഴഞ്ഞുകയറ്റക്കാരൻ എന്ന് തിരിച്ചടിച്ച് അഖിലേഷ് യാദവ്
ലക്‌നൗ: ചില രാഷ്ട്രീയ പാർട്ടികൾ നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രതികരണത്തിന് കനത്ത തിരിച്ചടി നൽകി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എംപി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് നുഴഞ്ഞുകയറ്റക്കാരനെന്ന് അഖിലേഷ് യാദവ് തിരിച്ചടിച്ചു. യോഗി ഉത്തരപ്രദേശുകാരനല്ല, ഉത്തരാഖണ്ഡുകാരനാണെന്നും അദ്ദേഹത്തെ അവിടേക്ക് തിരിച്ചയക്കണമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ചില രാഷ്ട്രീയ പാർട്ടികൾ നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുന്നുവെന്നായിരുന്നു അമിത് ഷായുടെ പരാമർശം. ഗുജറാത്ത്, രാജസ്ഥാൻ അതിർത്തികളിൽ നുഴഞ്ഞുകയറ്റം എന്തുകൊണ്ട് നടക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചിരുന്നു. ഇതിനായിരുന്നു അഖിലേഷ് യാദവിന്റെ മറുപടി.
''പലായനം ചെയ്തവരുടെ സ്ഥിതിവിവരക്കണക്കുകൾ തിട്ടപ്പെടുത്താൻ തിരക്കുകൂട്ടുന്ന ബിജെപിയുടെ മുഖ്യമന്ത്രി ഉത്തരാഘണ്ഡുകാരനാണ്. അങ്ങനെയെങ്കിൽ, അയാളെയും സ്വന്തം സംസ്ഥാനത്തേക്ക് തിരിച്ചയക്കണം''- അഖിലേഷ് യാദവ് പറഞ്ഞു. ബിജെപിയുടെ കൈവശമുള്ളത് വ്യാജ സ്ഥിതി വിവര കണക്കുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
''മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കല്ലുവെച്ച നുണകൾ പറയുകയാണെന്നും നിരവധി പീഡനങ്ങളുൾപ്പെടെ ഗുരുതരമായ സംഭവങ്ങളാണ് യുപിയിൽ നടക്കുന്നത് എന്നും അഖിലേഷ് യാദവ് ലക്‌നൗവിലെ ലോഹ്യ പാർക്കിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അഴിമതിയുടെ എല്ലാ പരിധികളും ലംഘിച്ചു. എല്ലാ വകുപ്പുകളിലും അഴിമതിയുണ്ടെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.
അതേസമയം, അഖിലേഷ് യാദവിന്റെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ, പിന്നീട് പ്രതികരിക്കാമെന്നായിരുന്നു യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥകിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."