ഈജിപ്തിലെ വാഹനാപകടത്തിൽ ഖത്തർ നയതന്ത്രജ്ഞർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ്
ദുബൈ: ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഖത്തർ നയതന്ത്ര ഉദ്യോഗസ്ഥർ മരിച്ചതിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്. ഈജിപ്തിലെ ചെങ്കടൽ റിസോർട്ട് നഗരമായ ഷറമുഷെയ്ഖിന് സമീപം ഉണ്ടായ വാഹനാപകടത്തില്ലാണ് ഖത്തർ നയതന്ത്ര ഉദ്യോഗസ്ഥർ മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് നയതന്ത്ര ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചിരുന്നു.
ഗസ്സയിൽ ഇസ്‌റാഈലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ചർച്ചചെയ്യുന്ന ഉന്നതതല ഉച്ചകോടിക്ക് മുന്നോടിയായി നഗരത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഖത്തർ പ്രോട്ടോക്കോൾ ടീമിൽ നിന്നുള്ള നയതന്ത്രജ്ഞർ. ഖത്തർ, ഈജിപ്ത്, യു.എസ്, തുർക്കി എന്നിവയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ നടപ്പാക്കൽ ലക്ഷ്യമിട്ടുള്ള കരാറിന് അന്തിമരൂപം നൽകുന്നതിനായി ഷറം അൽഷെയ്ഖ് അന്താരാഷ്ട്ര സമാധാന ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയും 'ഷറം അൽഷെയ്ഖ് സമാധാന ഉച്ചകോടി' എന്ന പേരിൽ നടക്കുന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുമെന്ന് ഈജിപ്ഷ്യൻ പ്രസിഡൻസി പ്രസ്താവനയിൽ പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എന്നിവരുൾപ്പെടെ രണ്ട് ഡസനിലധികം ലോക നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.
നേരത്തെ, യുഎഇ വിദേശകാര്യ മന്ത്രാലയം ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും ഖത്തറിനും രാജ്യത്തെ നേതൃത്വത്തിനും സർക്കാരിനും അനുശോചനം അറിയിച്ചിരുന്നു. പരുക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പരുക്കേറ്റ രണ്ട് പേരുടെ അവസ്ഥ നിരീക്ഷിക്കുന്നതിനായി ഈജിപ്തിലെ അധികാരികളുമായി ബന്ധപ്പെടുന്നതായി ഖത്തർ എംബസി അറിയിച്ചിരുന്നു. പരുക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം നൽകിയ ശേഷം ദോഹയിലേക്ക് മാറ്റും. മരിച്ചവരുടെ മൃതദേഹങ്ങളും നാട്ടിലേക്ക് കൊണ്ടുപോകും.
uae president sheikh mohamed bin zayed al nahyan extended sincere condolences to qatar's emir sheikh tamim bin hamad al thani following the tragic car crash in sharm el-sheikh that killed three amiri diwan members.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."