ആഡംബര കാർ ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച സംഭവം; അച്ഛൻ അറസ്റ്റിൽ
തിരുവനന്തപുരം: വഞ്ചിയൂരിൽ ആഡംബര കാർ ആവശ്യപ്പെട്ടുണ്ടായ തർക്കത്തിനിടെ മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിലായി. വഞ്ചിയൂർ സ്വദേശി വിജയാനന്ദൻ ആണ് പൊലിസ് പിടിയിലായത്. സംഭവത്തിനു ശേഷം മൂന്നു ദിവസം ഒളിവിലായിരുന്ന ഇയാളെ വഞ്ചിയൂർ പൊലിസാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒക്ടോബർ 10-നായിരുന്നു സംഭവം. മകൻ ഹൃത്വിക് (22) ആഡംബര കാർ വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടതാണ് തർക്കത്തിനു തുടക്കമിട്ടത്. അടുത്തിടെ 17 ലക്ഷം രൂപയ്ക്ക് മോട്ടോർബൈക്ക് വാങ്ങി നൽകിയിരുന്നെങ്കിലും മകൻ തൃപ്തനായിരുന്നില്ലെന്ന് അയൽവാസികളും ബന്ധുക്കളും പൊലിസിനോട് പറഞ്ഞു. ജോലിയില്ലാത്ത മകൻ പലപ്പോഴും ആഡംബര വസ്തുക്കൾ ആവശ്യപ്പെടുകയും ആവശ്യം നിരസിക്കപ്പെട്ടാൽ വീട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യാറുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്.
ദിവസവും വാഹനത്തെ ചൊല്ലി വീട്ടിൽ തർക്കം പതിവായിരുന്നു. സംഭവം നടന്ന ദിവസവും വാക്കുതർക്കം രൂക്ഷമായതോടെ മകൻ അച്ഛനെ ആക്രമിക്കുകയായിരുന്നു. പ്രകോപിതനായ അച്ഛൻ സമീപത്തുണ്ടായിരുന്ന കമ്പിപ്പാര കൊണ്ട് മകന്റെ തലയ്ക്കടിച്ചു. തലയ്ക്ക് ഗുരുതര പരുക്കേറ്റ ഹൃത്വിക്കിനെ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ചികിത്സയിലുള്ള മകന്റെ നില ഗുരുതരമായി തുടരുകയാണ്.
സംഭവത്തിനു ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽപ്പോയ അച്ഛനെതിരെ വഞ്ചിയൂർ പൊലിസ് ഭാരതീയ ന്യായ സംഹിത പ്രകാരം കൊലപാതകശ്രമത്തിന് കേസെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി അയൽവാസികളെയും ബന്ധുക്കളെയും ചോദ്യം ചെയ്തു. മൂന്നു ദിവസത്തെ തിരച്ചിലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതൽ വിശദാംശങ്ങൾ അന്വേഷണത്തിൽ വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചു.
In Thiruvananthapuram’s Vanchiyoor, a father, Vinod, was arrested for attacking his son, Hritwik, with an iron rod during a heated dispute over a luxury car. The incident occurred on October 10, following repeated arguments about the son’s demand for the car. Hritwik, seriously injured, is under treatment, while Vinod, who was absconding for three days, was apprehended by Vanchiyoor police.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."