ഇസ്‌റാഈൽ ബന്ദികളുടെ മോചനം തുടങ്ങി; ഹമാസ് 20 ബന്ദികളെ റെഡ് ക്രോസിന് കൈമാറി
ഗസ്സ സിറ്റി: രണ്ട് വർഷം പൂർത്തിയാക്കിയ യുദ്ധത്തിനൊടുവിൽ ബന്ദി കൈമാറ്റ നടപടികൾക്ക് തുടക്കമായി. ഹമാസിന്റെ കസ്റ്റഡിയിൽ ജീവനോടെയുള്ള 20 പേരെ ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റിക്ക് (ഐസിആർസി) കൈമാറി. ഇസ്‌റാഈലിലെ ജയിലുകളിൽ നിന്ന് ഏകദേശം 2,000 പേരുടെ മോചനത്തിനായി പലസ്തീനികൾ കാത്തിരിക്കുന്ന ഘട്ടത്തിലാണ് ഹമാസ് സമാധാനത്തിനായുള്ള ആദ്യ ചുവട് വെച്ചത്.
ഗാസയിലെ യുദ്ധം അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. മിഡിൽ ഈസ്റ്റിലേക്ക് എത്തിയ അദ്ദേഹം ഇന്ന് നാല് മണിക്കൂർ ഇസ്‌റാഈലിൽ ഉണ്ടാകും. അവിടെ പാർലമെന്റിനെ അഭിസംബോധന ചെയ്യുകയും മോചിപ്പിക്കപ്പെട്ട ബന്ദികളെ കാണുകയും ചെയ്യും. പിന്നാലെ, ഇസ്രാഈലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഈജിപ്തിൽ നടക്കുന്ന ഉച്ചകോടിയിൽ ഈജിപ്ത്തിനൊപ്പം സഹ-അധ്യക്ഷത വഹിക്കുകയും ചെയ്യും.
യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഏതാനും നിമിഷങ്ങൾക്ക് മുൻപ് ഇസ്‌റാഈലിൽ എത്തിയതായാണ് വിവരം. ഇസ്‌റാഈൽ ബന്ദികളെ മോചിപ്പിക്കപ്പെട്ടതിന് പിന്നാലെ ഫലസ്തീൻ ബന്ദികളെയും ഇന്ന് തന്നെ മോചിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇസ്‌റാഈൽ മോചിപ്പിക്കുമെന്ന് പറഞ്ഞ 1,900ലധികം ഫലസ്തീൻ തടവുകാരുടെ പേരുകൾ ഹമാസ് പുറത്തുവിട്ടിട്ടുണ്ട്. റെഡ് ക്രോസ് തന്നെയാകും ഈ മോചനത്തിനും മേൽനോട്ടം വഹിക്കുക. ഫലസ്തീൻ തടവുകാരെ ഗസ്സയിലേക്കോ അധിനിവേശ വെസ്റ്റ് ബാങ്കിലേക്കോ തിരികെ കൊണ്ടുപോകുന്നതിനായി നിരവധി വാഹനങ്ങൾ ഒരുങ്ങി നിൽക്കുന്നുണ്ട്.
അതേസമയം, വടക്കൻ ഗസ്സയിലെ തങ്ങളുടെ വീടുകളിൽ അവശേഷിക്കുന്ന സ്ഥലങ്ങളിലേക്ക് ഫലസ്തീനികൾ മടങ്ങിവരുന്നത് തുടരുകയാണ്, അത്യാവശ്യമായ മാനുഷിക സഹായം ഒഴുകിയെത്താൻ തുടങ്ങിയിട്ടുണ്ടെന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഭക്ഷണം, മരുന്ന്, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ ലഭ്യത ഇപ്പോഴും വളരെ കുറവാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഇതിനിടെ, സ്സയുടെ പുനർനിർമാണം, ഭരണസംവിധാനം തുടങ്ങിയവ ചർച്ച ചെയ്യാൻ ഈജിപ്തിന്റെ അധ്യക്ഷതയിൽ യു.എസ് നേതൃത്വത്തിലുള്ള ഉച്ചകോടി ഇന്ന്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പദ്ധതി വിശദീകരിക്കുകയും മറ്റു രാഷ്ട്രനേതാക്കളുമായി ചർച്ച ചെയ്ത് തീരുമാനം കൈക്കൊള്ളുകയും ചെയ്യും. 20ലേറെ രാജ്യങ്ങളിലെ നേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുക്കുക. ഇന്ത്യയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രംപ് ക്ഷണിച്ചെങ്കിലും പകരം പ്രതിനിധിയെ അയക്കും.
ഈജിപ്തിലെ തെക്കൻ സിനായ് പ്രവിശ്യയിലെ ചരിത്ര നഗരമായ ഷറം അൽ ഷെയ്ഖിലാണ് ഉച്ചകോടി. ഇസ്‌റാഈൽ ഹമാസ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെയാണ് ഉച്ചകോടി. ഇന്നാണ് ഹമാസ് ബന്ദികളെ വിട്ടയക്കേണ്ട അവസാന സമയം. പ്രാദേശികസമയം ഉച്ചയ്ക്ക് 12ന് ബന്ദികളെ വിട്ടയക്കണമെന്നാണ് വെടിനിർത്തൽ ഉടമ്പടിയിലെ വ്യവസ്ഥ. ഗസ്സ ചർച്ചകളിലെ പ്രധാന മധ്യസ്ഥരാണ് ഈജിപ്തും ഖത്തറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."