2026 ടി-20 ലോകകപ്പ് ഞാൻ ഇന്ത്യക്കായി നേടിക്കൊടുക്കും: പ്രവചനവുമായി സൂപ്പർതാരം
2025 ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന് വേണ്ടി മിന്നും പ്രകടനം നടത്തിയ താരമാണ് ശശാങ്ക് സിങ്. കഴിഞ്ഞ രണ്ട് വർഷത്തോളമായി പഞ്ചാബ് ജേഴ്സിയിൽ സ്ഥിരതയാർന്ന പ്രകടനമാണ് ശശാങ്ക് സിങ് പുറത്തെടുക്കുന്നത്. എന്നാൽ ഇതുവരെ ശശാങ്കിന് ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം ലഭിച്ചിട്ടില്ല. ഇപ്പോൾ അടുത്ത വർഷം നടക്കാൻ പോകുന്ന ടി-20 ലോകകപ്പിൽ ഇന്ത്യക്കായി താൻ പ്രതിനിധീകരിക്കുമെന്ന് പ്രവചനം നടത്തിയിരിക്കുകയാണ് ശശാങ്ക് സിങ്.
2026 ടി-20 ലോകകപ്പ് ഇന്ത്യക്കായി നേടിക്കൊടുക്കുമെന്നും താരം പറഞ്ഞു. സൂര്യകുമാർ യാദവ് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കുമ്പോൾ 30 വയസ്സായിരുന്നു പ്രായമെന്നും അതുപോലെ തനിക്കും ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധിക്കുമെന്നും പഞ്ചാബ് താരം വ്യക്തമാക്കി. ഇഎസ്പിഎൻ ക്രിക് ഇന്ഫോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പഞ്ചാബ് താരം.
"ഞാനൊരു പ്രവചനം നടത്തുകയാണ്. അത് ഇന്ത്യയിൽ നടക്കാൻ പോവുന്ന ലോകകപ്പിൽ ഞാൻ കളിക്കും എന്നതാണ്. ഇന്ത്യക്കായി ഞാൻ മത്സരങ്ങൾ വിജയിപ്പിക്കും. ലോകകപ്പ് നേടിക്കൊടുക്കും. അത് എങ്ങനെ സംഭവിക്കും എന്ന് എനിക്ക് അറിയില്ല. പക്ഷേ അത് തീർച്ചയായും നടക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സൂര്യകുമാർ യാദവ് ഇന്ത്യക്കായുള്ള തന്റെ ആദ്യ മത്സരത്തിൽ ജോഫ്ര ആർച്ചർക്കെതിരെ ആറ് റൺസ് നേടി. ഇപ്പോൾ അദ്ദേഹം ഇന്ത്യൻ ടീമിന്റെ നായകനാണ്. പിന്നെ പ്രവീൺ താംമ്പെ എന്നൊരു താരമുണ്ട്. അദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. പക്ഷേ 41ാം വയസ്സിൽ അദ്ദേഹം ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചു. ഇതെല്ലം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ?'' ശശാങ്ക് സിങ് പറഞ്ഞു.
പഞ്ചാബിനൊപ്പമുള്ള ആദ്യ സീസണിൽ 14 മത്സരങ്ങളിൽ നിന്നും 354 റൺസായിരുന്നു ശശാങ്ക് അടിച്ചെടുത്തത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ 2025 ഐപിഎൽ മെഗാ ലേലത്തിൽ താരത്തെ പഞ്ചാബ് നിലനിർത്തുകയും ചെയ്തിരുന്നു. 2025 സീസണിൽ 17 മത്സരങ്ങളിൽ നിന്നും 350 റൺസായിരുന്നു താരം അടിച്ചെടുത്തത്.
ഈ സീസണിൽ പഞ്ചാബ് റണ്ണേഴ്‌സ് അപ്പായാണ് ഫിനിഷ് ചെയ്‍തത്. പോരാട്ടത്തിൽ പഞ്ചാബിന് കിരീടം നഷ്ടമാവുകയായിരുന്നു. നീണ്ട 18 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിച്ചുകൊണ്ട് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് ഐപിഎൽ കിരീടം ചൂടിയത്. ഫൈനൽ പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെ ആറ് റൺസിന് വീഴ്ത്തിയാണ് ആർസിബി കിരീടം നേടിയത്.
Shashank Singh has predicted that he will represent India in the T20 World Cup to be held next year. The player also said that he will win the 2026 T20 World Cup for India.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."