ദലിത് ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ: അന്ത്യശാസനയുമായി മഹാപഞ്ചായത്ത്; രാഹുല്‍ ഗാന്ധി ഇന്ന് വീട് സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: മേലുദ്യോഗസ്ഥരില്‍നിന്നുള്ള ജാതിവിവേചനത്തെത്തുടര്‍ന്ന് ദലിത് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ വൈ പുരണ്‍ കുമാര്‍ ജീവനൊടുക്കിയ കേസില്‍ ഹരിയാന സര്‍ക്കാരിനും ചണ്ഡിഗഡ് പൊലിസിനും 48 മണിക്കൂര്‍ അന്ത്യശാസനം നല്‍കി മഹാപഞ്ചായത്ത്. പുരണ്‍ കുമാറിന്റെ ആത്മഹത്യാ കുറിപ്പില്‍ പേരുള്ള ഹരിയാന ഡി.ജി.പി ശത്രുജീത് കപൂര്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അവരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ദലിത് മഹാപാഞ്ചായത്ത് ആവശ്യപ്പെട്ടു.
ഇവരെ സസ്‌പെന്‍ഡ് ചെയ്ത് അറസ്റ്റ് ചെയ്യുന്നതുവരെ പോസ്റ്റ്‌മോര്‍ട്ടമോ അന്ത്യകര്‍മങ്ങളോ അനുവദിക്കില്ലെന്നും ഷഹീദ് വൈ. പുരന്‍ കുമാര്‍ (ഐ.പി.എസ്) ന്യായ് സംഘര്‍ഷ് മോര്‍ച്ച സംഘടിപ്പിച്ച മഹാപഞ്ചായത്ത് പ്രഖ്യാപിച്ചു. 300ലധികം പേര്‍ പങ്കെടുത്ത സമ്മേളനത്തില്‍ പൂരന്‍ കുമാറിന്റെ കുടുംബത്തിന്റെ അഭ്യര്‍ത്ഥന വായിച്ചു. തുടര്‍ സമരത്തിന് നേതൃത്വം നല്‍കാന്‍ കുടുംബ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന 31 അംഗ സമിതി രൂപീകരിച്ചു. 48 മണിക്കൂറിനുള്ളില്‍ നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ ദലിത് സമൂഹം തെരുവിലിറങ്ങുമെന്ന് സമിതി മുന്നറിയിപ്പ് നല്‍കി.
ഓഫിസറുടെ കുറിപ്പില്‍ ശത്രുജിത് കപൂര്‍, ഐ.ജി ബിജര്‍നിയ എന്നിവരുള്‍പ്പെടെ എട്ട് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പേരുകളാണുള്ളത്. അവരാണ് മരണത്തിന് ഉത്തരവാദികളെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
അതേസമയം, ജാതിവിവേചനത്തിന്റെ ഇരയായ ദലിത് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ വൈ പുരണ്‍ കുമാറിന്റെ വീട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശിക്കും. ചാണ്ഡിഗഡിലെ കുമാറിന്റെ വീട്ടില്‍ വൈകിട്ട് അഞ്ചുമണിയോടെയാണ് രാഹുല്‍ എത്തുക. ദലിതര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ദേശീയതലത്തില്‍ ഇതുവഴി കോണ്‍ഗ്രസ് ചര്‍ച്ചയാക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."