ദലിത് ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യക്ക് കാരണക്കാരനായ ഡി.ജി.പിയെ നിർബന്ധിത അവധിയിൽ വിട്ടു; അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തം, രാഹുൽ ഗാന്ധി വൈകീട്ട് എത്തും
ന്യൂഡൽഹി: മേലുദ്യോഗസ്ഥരിൽനിന്നുള്ള ജാതിവിവേചനത്തെത്തുടർന്ന് ദലിത് ഐ.പി.എസ് ഓഫീസർ വൈ. പുരൺ കുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹരിയാന ഡയറക്ടർ ജനറൽ ഓഫ് പൊലിസ് (ഡി.ജി.പി) ശത്രുജീത് കപൂറിനെ സർക്കാർ അവധിയിൽ അയച്ചു. ആത്മഹത്യയ്ക്ക് കാരണക്കാരായ പ്രധാന പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് സർക്കാർ നടപടി. ഹരിയാന മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് രാജീവ് ജെയ്റ്റ്‌ലി ഇക്കാര്യം സ്ഥിരീകരിച്ചു.
“ഡി.ജി.പിയെ അവധിയിൽ അയച്ചിട്ടുണ്ട്. ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും” - രാജീവ് ജെയ്റ്റ്‌ലി ദി ഹിന്ദുവിനോട് പറഞ്ഞു.
പുരൺ കുമാറിന്റെ ആത്മഹത്യാ കുറിപ്പിൽ പേരുള്ള ഹരിയാന ഡി.ജി.പി ശത്രുജീത് കപൂർ ഉൾപ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും അവരെ സസ്‌പെൻഡ് ചെയ്യണമെന്നും ദലിത് മഹാപാഞ്ചായത്ത് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. സംഭവത്തിൽ ഹരിയാന സർക്കാരിനും ചണ്ഡിഗഡ് പൊലിസിനും മഹാപഞ്ചായത്ത് 48 മണിക്കൂർ അന്ത്യശാസനം നൽകിയിരുന്നു.
പുരൺ കുമാർ ആത്മഹത്യ ചെയ്തിട്ട് എട്ടാം ദിവസമായിട്ടും അദ്ദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം ഇതുവരെയും നടന്നിട്ടില്ല. കേസിലെ രണ്ട് പ്രധാന പ്രതികളായ ഹരിയാന ഡി.ജി.പി ശത്രുജീത് കപൂർ, മുൻ റോഹ്തക് പൊലിസ് സൂപ്രണ്ട് നരേന്ദ്ര ബിജാർനിയ എന്നിവരെ അറസ്റ്റ് ചെയ്യുന്നതുവരെ പോസ്റ്റ്‌മോർട്ടം ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് കുടുംബം. നരേന്ദ്ര ബിജാർനിയയെ സംസ്ഥാന സർക്കാർ സ്ഥലം മാറ്റിയിട്ടുണ്ട്. മരണക്കുറിപ്പിൽ ശത്രുജിത് കപൂർ, ഐ.ജി ബിജർനിയ എന്നിവരുൾപ്പെടെ എട്ട് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പേരുകളാണുള്ളത്
അന്തരിച്ച പുരൺ കുമാറിന്റെ ഭാര്യയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥയുമായ അമ്നീത് പി. കുമാറിനെ അവരുടെ ഔദ്യോഗിക വസതിയിൽ സന്ദർശിച്ച് പോസ്റ്റ്‌മോർട്ടം നടത്താൻ സമ്മതിക്കാൻ ഹരിയാന സർക്കാർ ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നു.
അതേസമയം, ജാതിവിവേചനത്തിന്റെ ഇരയായ ദലിത് ഐ.പി.എസ് ഉദ്യോഗസ്ഥൻ വൈ. പുരൺ കുമാറിന്റെ വീട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് സന്ദർശിക്കും. ചാണ്ഡിഗഡിലെ കുമാറിന്റെ വീട്ടിൽ വൈകിട്ട് അഞ്ചുമണിയോടെയാണ് രാഹുൽ എത്തുക. ദലിതർക്കു നേരെയുള്ള അതിക്രമങ്ങൾ ദേശീയതലത്തിൽ ഇതുവഴി കോൺഗ്രസ് ചർച്ചയാക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."