സ്‌പോണ്‍സറുടെ മര്‍ദ്ദനം: മലയാളി ആശുപത്രിയില്‍ ചികില്‍സ തേടി
ദോഹ: സ്‌പോണ്‍സറുടെ മര്‍ദ്ദനത്തില്‍ ചെവിയുടെ കേള്‍വിക്കു തകരാര്‍ നേരിട്ട മലയാളി ഹൗസ് ഡ്രൈവര്‍ ആശുപത്രിയില്‍ ചികില്‍ തേടി.
മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ അബ്്ദുല്‍ നാസറാണ് സ്‌പോണ്‍സറുടെ മുഖമടച്ചുള്ള അടിയേറ്റ് ഹമദ് ആശുപത്രിയിലെത്തിയത്. ഭക്ഷണം കഴിക്കാന്‍ പണം ചോദിച്ചതിനാണ് അടിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
1800 റിയാല്‍ ശമ്പളത്തിനാണ് മലപ്പുറം സ്വദേശി ഐന്‍ഖാലിദിലെ വീട്ടില്‍ ഹൗസ് ഡ്രൈവര്‍ വിസയിലെത്തിയത്. എന്നാല്‍ 1500 റിയാല്‍ മാത്രമായിരുന്നു ശമ്പളമായി നല്‍കിയിരുന്നത്. വീട്ടില്‍നിന്ന് ഭക്ഷണം നല്‍കിയിരുന്നില്ല. വീടിനു പുറത്ത് ഇവര്‍ താമസിക്കുന്ന ചെറിയ പോര്‍ട്ട കാബിനില്‍ ഭക്ഷണമുണ്ടാക്കാനുള്ള സൗകര്യമുണ്ടായിരുന്നില്ല.
മിക്കപ്പോഴും കുബ്ബൂസും തൈരുമൊക്കെ കഴിച്ചാണ് ദിവസങ്ങള്‍ തള്ളി നീക്കിയിരുന്നത്. കഴിഞ്ഞ ദിവസം സ്‌പോണ്‍സറോട് ഭക്ഷണത്തിനുള്ള പണം ആവശ്യപ്പെട്ടപ്പോഴായിരുന്നു മര്‍ദ്ദനം.
സ്‌പോണ്‍സറുടെ പിതാവ് ഇടപെട്ടതിനെ തുടര്‍ന്നാണ് താന്‍ മര്‍ദ്ദനത്തില്‍നിന്നു രക്ഷപ്പെട്ടതെന്ന് നാസര്‍ പറയുന്നു. തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ ചികില്‍സ തേടുകയും ഇന്‍ഡസ്ട്രിയല്‍ ഏരിയ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.
വിഷയത്തില്‍ പ്രവര്‍ത്തകരുടെ സഹായത്തോ സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ഇന്ത്യന്‍ എംബസിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും പൊലിസാണ് ചെയ്യേണ്ടതെന്നുമുള്ള മറുപടിയാണ് ലഭിച്ചത്.
മൂന്നു മാസം മുമ്പ് നാട്ടില്‍ നിന്നെത്തിയ നാസറിന്റെ പാസ്‌പോര്‍ട്ടും സൗദി ലൈസന്‍സും സ്‌പോണ്‍സറുടെ കൈയിലാണ്. വീട്ടില്‍ വലിയ പ്രാരാബ്ധം നേരിടുന്ന ഇദ്ദേഹത്തിന് ഒരു മലയാളി സുഹൃത്താണ് വിസ നല്‍കിയത്.
ജോലിയില്ലാതെ ഖത്തറില്‍ തുടരുക പ്രയാസമായതിനാല്‍ നാട്ടിലേക്കുള്ള വഴി തേടുകയാണ് നാസര്‍. പാസ്‌പോര്‍ട്ടും ലൈസന്‍സും സ്‌പോണ്‍സറുടെ കൈയിലാണെന്നതും ടിക്കറ്റെടുക്കാന്‍ പോലും കൈയില്‍ പണമില്ലെന്നതുമാണ് നാസറിനെ വലയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."