ബിആർ ഷെട്ടി എസ്ബിഐയ്ക്ക് 46 മില്യൺ ഡോളർ നൽകണം; വ്യാജ സത്യവാങ്മൂലം സമർപ്പിച്ച കേസിൽ ഉത്തരവുമായി ദുബൈ കോടതി
ദുബൈ: തകർന്ന എൻഎംസി ഹെൽത്ത്കെയർ സാമ്രാജ്യത്തിന്റെ സ്ഥാപകൻ ബിആർ ഷെട്ടിയോട് ഇന്ത്യൻ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് (എസ്ബിഐ) 46 മില്യൺ ഡോളർ (ഏകദേശം 383 കോടി രൂപ) നൽകാൻ ഉത്തരവിട്ട് ദുബൈ ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്‌സി) കോടതി. 50 മില്യൺ ഡോളറിൻ്റെ വായ്പയ്ക്ക് വ്യക്തിഗത ഗ്യാരണ്ടി ഒപ്പിട്ടതായി ആവർത്തിച്ച് കള്ളം പറഞ്ഞതായി കണ്ടെത്തിയതിനെ തുടർന്നാണ് കോടതി വിധി.
നുണകളുടെ അവിശ്വസനീയമായ പരേഡ്
ഒക്ടോബർ 8-ന് വിധി പ്രസ്താവിച്ച ജസ്റ്റിസ് ആൻഡ്രൂ മൊറാൻ, സെപ്റ്റംബർ 29-ലെ വിചാരണയിൽ ഷെട്ടിയുടെ മൊഴികളെ "നുണകളുടെ അവിശ്വസനീയമായ ഒരു പരേഡ്" എന്നും അദ്ദേഹം ഹാജരാക്കിയ തെളിവുകൾ "പൊരുത്തമില്ലാത്തതും അർത്ഥശൂന്യവുമാണെന്ന്" നിരീക്ഷണിക്കുകയും ചെയ്തു.
എൻഎംസി ഹെൽത്ത് കെയറിന് നൽകിയ 50 മില്യൺ ഡോളർ വായ്പയ്ക്ക് 2018 ഡിസംബറിൽ ഷെട്ടി വ്യക്തിഗത ഗ്യാരണ്ടിയിൽ ഒപ്പുവെച്ചോ എന്നതിനെ കേന്ദ്രീകരിച്ചായിരുന്നു കേസ്. ഒപ്പ് വ്യാജമാണെന്നും ഒപ്പിടലിന് സാക്ഷിയായ ബാങ്കിന്റെ സിഇഒയെ താൻ ഒരിക്കലും കണ്ടിട്ടില്ലെന്നും ഷെട്ടി നടപടിക്രമങ്ങളിലുടനീളം അവകാശപ്പെട്ടിരുന്നു.
എന്നാൽ, ഈ വാദങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ ജസ്റ്റിസ് മോറൻ തൻ്റെ 70 ഖണ്ഡികകളുള്ള വിധിന്യായത്തിൽ ഇങ്ങനെ എഴുതി, "വ്യക്തിഗത ഗ്യാരണ്ടിയിൽ ഒപ്പിട്ടതായി ഒന്നിലധികം തവണ നിഷേധിച്ചതിൽ മിസ്റ്റർ ഷെട്ടി ഈ കോടതിയിൽ കള്ളം പറഞ്ഞിട്ടുണ്ടെന്ന് എന്നെ തൃപ്തിപ്പെടുത്തുന്ന ധാരാളം സാക്ഷ്യങ്ങളും രേഖാമൂലമുള്ള തെളിവുകളും എൻ്റെ മുമ്പാകെ ഉണ്ട്."
ഈ വിധിയോടെ, 4.6 കോടി ഡോളർ എസ്ബിഐക്ക് ലഭിക്കും. തിരിച്ചടവ് വരെ പ്രതിവർഷം 9 ശതമാനം അധിക പലിശയും നൽകണം.
വായ്പയെക്കുറിച്ച് ആദ്യം ഷെട്ടി പൂർണ്ണമായും നിഷേധിച്ചുവെങ്കിലും, 2020 മെയ് മാസത്തിലെ തൻ്റെ സ്വകാര്യ ഇമെയിൽ ഹാജരാക്കിയപ്പോൾ അത് അറിഞ്ഞിരുന്നുവെന്ന് സമ്മതിക്കാൻ നിർബന്ധിതനായി.
ഗ്യാരണ്ടിയിൽ ഷെട്ടി ഒപ്പിടുന്നത് കണ്ടതായി ബാങ്കിന്റെ സിഇഒ അനന്ത ഷേണായി സാക്ഷ്യപ്പെടുത്തിയിരുന്നു. 2018 ഡിസംബർ 25-ന് താൻ എൻഎംസിയുടെ അബൂദബിയിലെ ഓഫീസിൽ പോയതായും അദ്ദേഹം മൊഴി നൽകി. കൂടാതെ, 2019 ജനുവരി 13-ന് ബാങ്ക് ചെയർമാന് ഷെട്ടി നന്ദി പറയുന്ന ഫോട്ടോകളും മീറ്റിംഗ് റിപ്പോർട്ടും അദ്ദേഹം തെളിവായി ഹാജരാക്കി.
"താൻ ഒരിക്കലും മിസ്റ്റർ ഷേണായിയെ കണ്ടിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് രേഖകളിൽ ഒപ്പിട്ടിട്ടില്ലെന്ന തെളിവ് ശക്തിപ്പെടുത്താൻ ഷെട്ടി നടത്തിയ ശ്രമങ്ങൾ വ്യാജവും അപകീർത്തികരവുമായ തന്ത്രമാണെന്ന് ഞാൻ കണ്ടെത്തുന്നു," ജഡ്ജി വിധിന്യായത്തിൽ കുറിച്ചു.
എൻഎംസി ജീവനക്കാർ തൻ്റെ ഒപ്പ് പകർത്താൻ മത്സരങ്ങൾ നടത്തിയെന്നും വിജയിക്ക് സമ്മാനം നൽകിയെന്നും ഷെട്ടി കോടതിയിൽ ഉന്നയിച്ചു. സമ്മാനം എന്താണെന്ന് ചോദിച്ചപ്പോൾ, ഇപ്പോൾ താൻ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ആണെന്നാണ് അദ്ദേഹം മറുപടി നൽകിയത്.
കയ്യെഴുത്ത് വിദഗ്ദ്ധരുടെ തെളിവുകളും കോടതി പരിഗണിച്ചു. ഷെട്ടി ചോദ്യം ചെയ്ത ഒപ്പുകൾ അദ്ദേഹത്തിന്റേതാണ് എന്നതിന് വളരെ ശക്തമായ തെളിവുകൾ ബാങ്കിൻ്റെ പക്കലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."