ഗോൾഡൻ വിസ ഉടമകൾക്ക് പുതിയ സേവനങ്ങൾ പ്രഖ്യാപിച്ച് യുഎഇ; പ്രത്യേക ഹോട്ട്‌ലൈനടക്കം നിരവധി ആനുകൂല്യങ്ങൾ
അബൂദബി: ഗോൾഡൻ വിസ ഉടമകൾക്ക് വിദേശത്ത് അടിയന്തര സഹായം നൽകുന്നതടക്കമുള്ള പുതിയ കോൺസുലാർ സേവനങ്ങൾ പ്രഖ്യാപിച്ച് യുഎഇ. വിദേശകാര്യ മന്ത്രാലയമാണ് (MoFA) ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
അടിയന്തര സാഹചര്യങ്ങളിൽ സഹായം
ദുരന്തങ്ങൾ, പ്രതിസന്ധികൾ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ഗോൾഡൻ വിസ ഉടമകളെ ഒഴിപ്പിക്കാനുള്ള പദ്ധതികളിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രാലയം ഉറപ്പുവരുത്തും. അസാധാരണമായ സാഹചര്യങ്ങളിൽ ആവശ്യമായ പരിചരണവും പിന്തുണയും നൽകുന്നതിനായി, ഇവർക്കായി MoFA ഒരു പ്രത്യേക ഹോട്ട്‌ലൈൻ നമ്പർ സജ്ജീകരിച്ചിട്ടുണ്ട്.
മരണാനന്തര നടപടിക്രമങ്ങൾ വേഗത്തിലാക്കും
വിദേശത്ത് മരണമടയുന്ന ഗോൾഡൻ വിസ ഉടമകളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനും സംസ്കരിക്കുന്നതിനുമുള്ള സഹായവും പുതിയ സേവനത്തിൽ ഉൾപ്പെടുന്നു. ദുഷ്‌കരമായ ഇത്തരം സമയങ്ങളിൽ ഇവരുടെ കുടുംബങ്ങൾക്ക് എല്ലാ ഇടപാടുകളും കാര്യക്ഷമമായ കോൺസുലാർ നടപടിക്രമങ്ങളിലൂടെ വേഗത്തിൽ പൂർത്തിയാക്കാൻ ഇത് സഹായകമാകും.
24/7 ഹോട്ട്‌ലൈൻ നമ്പർ
ഗോൾഡൻ വിസ ഉടമകൾക്ക് MoFA-യുടെ കോൾ സെന്ററുമായി (+97124931133) നേരിട്ട് ബന്ധപ്പെടാൻ ഇപ്പോൾ ഒരു പ്രത്യേക ഹോട്ട്‌ലൈൻ ലഭ്യമാണ്. ഈ സേവനങ്ങൾ ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും ലഭ്യമാണ്.
പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ മടങ്ങിയെത്താൻ സഹായം
കൂടാതെ, യോഗ്യരായ പ്രവാസികൾക്ക് വിദേശത്തായിരിക്കുമ്പോൾ പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ, യുഎഇയിലേക്ക് മടങ്ങുന്നതിനായി ഒരു ഇലക്ട്രോണിക് റിട്ടേൺ ഡോക്യുമെന്റ് നൽകാനും ഈ സേവനം സഹായിക്കും.
എന്താണ് ഗോൾഡൻ വിസ?
2019-ൽ യുഎഇ അവതരിപ്പിച്ച ദീർഘകാല റെസിഡൻസി വിസയാണ് ഗോൾഡൻ വിസ. ഒരു സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ യുഎഇയിൽ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും ഇത് വിസ ഉടമകളെ അനുവദിക്കുന്നു. നിക്ഷേപകർ, റിയൽ എസ്റ്റേറ്റ് നിക്ഷേപകർ, സംരംഭകർ, മികച്ച വിദ്യാർത്ഥികൾ, എൻജിനീയറിങ്, സയൻസ് മേഖലയിലെ വിദഗ്ധർ തുടങ്ങിയവർക്ക് ഈ വിസയ്ക്ക് അർഹതയുണ്ട്.
അടുത്തിടെ ഗെയിമർമാർ, കണ്ടൻ്റ് ക്രിയേറ്റേഴ്സ് (ഇൻഫ്ലുവൻസർ വിസ), മികച്ച വിദ്യാർത്ഥികൾ എന്നിവർക്കും ദുബൈ ഗോൾഡൻ വിസ വാഗ്ദാനം ചെയ്തിരുന്നു. മികച്ച അധ്യാപകർക്ക് പെർമിറ്റ് നൽകുമെന്ന് റാസൽഖൈമയും സൂപ്പർ യാച്ച് ഉടമകൾക്ക് വിസ നൽകുമെന്ന് അബൂദബിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ICP), അല്ലെങ്കിൽ ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
the uae has introduced a comprehensive support package for golden visa holders, including a 24/7 hotline, rapid return documents, and repatriation services, ensuring continuous care and support while abroad.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."