ഷാർജയിലെ പള്ളികൾക്ക് ചുറ്റുമുള്ള വാഹനങ്ങളിൽ പൊലിസ് പ്രത്യേക ലഘുലേഖകൾ പതിച്ചതിന് കാരണമിത്
ഷാർജ: പള്ളികൾക്ക് ചുറ്റുമുള്ള അനധികൃത പാർക്കിംഗ് നിയന്ത്രിക്കുന്നതിനായി പുതിയ ബോധവൽക്കരണ കാമ്പയിന് തുടക്കം കുറിച്ച് ഷാർജ പൊലിസ്. പ്രത്യേകിച്ച് വെള്ളിയാഴ്ച പ്രാർത്ഥനാ സമയത്ത് ഉണ്ടാകുന്ന ക്രമരഹിതമായ പാർക്കിംഗ് കുറയ്ക്കുകയാണ് ഈ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ക്രമാതീതമായ പാർക്കിംഗ് ഗതാഗതക്കുരുക്കിന് കാരണം
ഷാർജ പൊലിസ് ജനറൽ കമാൻഡിലെ ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം മേധാവി മർസൂഖ് ഖൽഫാൻ അൽ നഖ്ബി കാമ്പയിനെ കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. ഫീൽഡ് പരിശോധനകളിൽ നിരവധി പേർ ക്രമരഹിതമായ പാർക്ക് ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നീക്കം. ഇത് വൻ ഗതാഗതക്കുരുക്കിനും വാഹന ഗതാഗതം തടസ്സപ്പെടുത്തുന്നതിനും കാരണമാകുന്നു.
ലഘുലേഖകളിലൂടെ ബോധവൽക്കരണം
"മറ്റ് വാഹനങ്ങൾക്ക് പിന്നിൽ പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിന് കാരണമാവുകയും മറ്റുള്ളവരുടെ സമയം പാഴാക്കുകയും ചെയ്യുന്നു" എന്ന സന്ദേശം ഉൾക്കൊള്ളുന്ന മുന്നറിയിപ്പ് ലഘുലേഖകൾ വിതരണം ചെയ്താണ് ഷാർജ പൊലിസ് ഈ പ്രശ്നത്തെ നേരിടുന്നത്. വിദ്യാഭ്യാസപരമായ സമീപനമാണ് പൊലിസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്രാഫിക് അച്ചടക്കം
ഗതാഗത അവബോധം വർദ്ധിപ്പിക്കുന്നതിനും ഗതാഗത നിയമങ്ങൾ പാലിക്കുന്ന ഒരു സംസ്കാരം ശക്തിപ്പെടുത്തുന്നതിനുമുള്ള പൊലിസിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് കാമ്പയിൻ നടപ്പാക്കുന്നത്.
"ഗതാഗത അച്ചടക്കം എന്നത് ഒരു വ്യക്തിക്ക് സമൂഹത്തോടുള്ള ആദരവിനെ പ്രതിഫലിപ്പിക്കുന്ന പരിഷ്കൃതമായൊരു പെരുമാറ്റമാണ്," അൽ നഖ്ബി പറഞ്ഞു.
വാഹനങ്ങൾ ശരിയായ രീതിയിൽ പാർക്ക് ചെയ്യണമെന്നും മറ്റ് വാഹനങ്ങൾക്ക് പിന്നിലോ അനധികൃത സ്ഥലങ്ങളിലോ നിർത്തുന്നത് ഒഴിവാക്കണമെന്നും ഷാർജ പൊലിസ് ആവശ്യപ്പെട്ടു. ഗതാഗത നിയമങ്ങൾ പാലിക്കുന്നത് സുഗമമായ ഗതാഗതത്തിനും എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷയ്ക്കും കാരണമാകുമെന്നും പൊലിസ് ഓർമ്മിപ്പിച്ചു.
sharjah police are pasting warning leaflets on vehicles randomly parked near mosques to combat traffic congestion during prayer times, especially fridays. the notices highlight how blocking other cars causes jams and wastes time, urging drivers to follow rules for smoother flow and safety. this civic campaign aims to foster respect and discipline on uae roads without immediate fines.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."