എങ്ങും ചിന്നിച്ചിതറിയ ശരീരാവശിഷ്ടങ്ങള്‍; ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയെ കൂട്ടക്കുഴിമാടമാക്കി സയണിസ്റ്റ് സേനയുടെ പിന്മാറ്റം
ഗസ്സ: എങ്ങും തകര്‍ന്നു കിടക്കുന്ന കെട്ടിടങ്ങള്‍. കല്‍ക്കഷ്ണങ്ങള്‍. അവക്കിടയില്‍ പുതഞ്ഞു കിടക്കുന്ന ജീവനറ്റ മനുഷ്യര്‍. സ്ത്രീകള്‍. കുഞ്ഞുങ്ങള്‍...കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തേക്ക് നീളുന്ന തണുത്തുറഞ്ഞ കൈകള്‍. ബുള്‍ഡോസറുകള്‍ ചതച്ചരച്ച കുഞ്ഞുടലുകള്‍. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ശിഫയില്‍ നിന്നുള്ള അവസാന കാഴ്ചയാണിത്.
രണ്ടാഴ്ച നീണ്ട സൈനിക നടപടിക്ക് ശേഷം അല്‍ശിഫയില്‍ നിന്ന് ഇസ്‌റാഈല്‍ സൈന്യം പിന്മാറിയ ശേഷമുള്ള കാഴ്ച. കവചിത വാഹനങ്ങളുടെ അകമ്പടിയില്‍ ആശുപത്രി കെട്ടിടങ്ങള്‍ തകര്‍ത്തും എല്ലാം നശിപ്പിച്ചും സമാനതകളില്ലാത്ത ക്രൂരത നടത്തിയ ശേഷമാണ് സൈന്യം ആശുപത്രിയില്‍ നിന്ന് പിന്മാറിയത്.
സൈനിക പിന്മാറ്റമറിഞ്ഞ് ആധിയോടെ അല്‍ശിഫ ആശുപത്രിയിലേക്ക് ഒഴുകിയെത്തിയ ഫലസ്തീനികളെ കാത്തുനിന്നത് കരളലിയിക്കുന്ന കാഴ്ചകളായിരുന്നു. അരുംകൊല നടത്തിയും പട്ടിണിക്കിട്ടും ഇസ്‌റാഈല്‍ സേന ജീവനെടുത്ത നിരവധി പേര്‍. കെട്ടിടങ്ങളില്‍ പലതും അഗ്‌നിക്കിരയാക്കിയിരുന്നു. പുകയില്‍ പൊതിഞ്ഞ്, എല്ലാം കിളച്ചുമറിച്ച് തകര്‍ന്നുകിടക്കുന്ന പരിസരങ്ങള്‍.
ആശുപത്രിയില്‍ ചികിത്സ മുടക്കിയതിനെതുടര്‍ന്ന് നിരവധി രോഗികള്‍ മരിച്ചിരുന്നു. ഇപ്പോള്‍ കൂട്ടിരിപ്പുകാരായും അഭയാര്‍ഥികളായും അകത്തുണ്ടായിരുന്ന 200ലേറെ പേരെ കൊല്ലപ്പെടുത്തിയ സൈന്യം നൂറുകണക്കിന് പേരെ പിടിച്ചുകൊണ്ടുപോകുകയും ചെയ്തു. പരിസരമൊന്നാകെ നാമാവശേഷമാക്കുകയെന്ന ലക്ഷ്യത്തോടെ കെട്ടിടങ്ങള്‍ക്ക് തീയിടുകയും ബോംബിട്ട് കോണ്‍ക്രീറ്റ് കൂനകളാക്കുകയും ചെയ്തു. ചിലയിടങ്ങളില്‍ ഇപ്പോഴും മൃതദേഹങ്ങള്‍ കൂടിക്കിടക്കുകയാണ്. നൂറുകണക്കിന് മൃതദേഹങ്ങള്‍ പലയിടങ്ങളിലായി അനാഥമായി കിടക്കുകയാണെന്ന് ഫലസ്തീന്‍ വാര്‍ത്ത ഏജന്‍സി 'വഫ' റിപ്പോര്‍ട്ട് ചെയ്തു.
Al Shifa, Gaza's biggest hospital, a place of hope and healing. Turned to a burned out husk by Israel's marauding army.
— Rohan Talbot (@rohantalbot) April 1, 2024
There must be accountability for this crime. A shame on every politician who has failed to oppose this. pic.twitter.com/9caozTiCZH
ആശുപത്രിയോട് ചേര്‍ന്ന് താല്‍ക്കാലികമായി ഒരുക്കിയ ഖബറിടംപോലും നശിപ്പിച്ചുകളഞ്ഞിരുന്നു. അവിടങ്ങളില്‍ ഖബറടക്കിയ നിരവധി മൃതദേഹങ്ങള്‍ പരിസരങ്ങളിലായി വാരിവലിച്ചിട്ട നിലയിലും. 'സ്ഥിതി അതിഗുരുതരമാണിവിടെ. മെഡിക്കല്‍ ജീവനക്കാരില്‍ പലരും കൊല്ലപ്പെട്ടു. നിരവധി പേര്‍ ക്രൂര പീഡനത്തിനിരയായി. അവശേഷിച്ചവരെ പിടിച്ചുകൊണ്ടുപോയി. എല്ലാറ്റിലുമുപരി, ആശുപത്രിയില്‍ ബാക്കിയായവര്‍ക്കുമേല്‍ രണ്ടാഴ്ച ഭക്ഷണവും വെള്ളവും അവശ്യമരുന്നുകള്‍ പോലും അനുവദിക്കാതെ സമ്പൂര്‍ണ ഉപരോധവുമേര്‍പ്പെടുത്തി' ഫലസ്തീന്‍ റെഡ്ക്രസന്റ് പ്രതിനിധി റാഇദ് അല്‍നിംസ് പറഞ്ഞു. അഗ്‌നിബാധ അണക്കാന്‍ സിവില്‍ ഡിഫെന്‍സ് വിഭാഗത്തെ അനുവദിക്കാത്തതിനാല്‍ കെട്ടിടങ്ങള്‍ക്കുള്ളിലെ സൗകര്യങ്ങളേറെയും ചാരമായി. ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റു മെഡിക്കല്‍ സ്റ്റാഫ് എന്നിവരെയടക്കം വെടിവെച്ചുകൊന്നതായും അല്‍നിംസ് കൂട്ടിച്ചേര്‍ത്തു. സമാനമായി, കഴിഞ്ഞമാസം അതിക്രമം നടത്തിയ ഖാന്‍ യൂനുസിലെ വലിയ ചികിത്സാകേന്ദ്രമായ നാസര്‍ ആശുപത്രിയും ഉപയോഗശൂന്യമായിരുന്നു.
അക്രമത്തിന് ശേഷം പുറത്തു വന്ന ചിത്രങ്ങളില്‍ ആശുപത്രിയൊന്നാകെ കത്തി നശിച്ചതായി കാണാം. ശേഷിക്കുന്ന ചുമരുകളില്‍ ബുള്ളറ്റുകളുടെ അടയാളങ്ങളാണ്. എമര്‍ജന്‍സി, സര്‍ജിക്കല്‍, പ്രസവവാര്‍ഡ് തുടങ്ങി എല്ലാം നാമാവശേഷമാക്കിയിരിക്കുന്നു നരാധമന്‍മാര്‍. നൂറുകണക്കിന് മൃതദേഹങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടാവുമെന്നാണ് കരുതുന്നത്.
'മൃതദേഹങ്ങളെല്ലാം അതി ഭീകരമായ അവസ്ഥയിലാണ്. പലരുടെയും കൈകാലുകളും പിന്‍ഭാഗവുമെല്ലാം ബുള്‍ഡോസറുകള്‍ കയറി ചതഞ്ഞരഞ്ഞ നിലയിലാണ്. ശരീരഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ ഭക്ഷിക്കുകയാണ്. പലരേയും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാണ്' ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകനായ ഹൊസ്സാം ശബത് പറയുന്നു.
350ഓളം രോഗികളും ആയിരക്കണക്കിന് അഭയാര്‍ഥികളും കഴിഞ്ഞ ആശുപത്രിയില്‍നിന്ന് എല്ലാവരോടും ഒഴിയാന്‍ നിര്‍ബന്ധിച്ചായിരുന്നു സൈനിക അതിക്രമം. 900 ഫലസ്തീനികളെയാണ് ഇവിടെനിന്ന് കസ്റ്റഡിയിലെടുത്തത്. പരിസരത്തെ അല്‍അഹ്‌ലി ആശുപത്രിയിലേക്ക് രോഗികളിലേറെ പേരെയും മാറ്റിയിരുന്നെങ്കിലും അവശേഷിച്ചവരില്‍ 107 പേരെ ചികിത്സ സൗകര്യങ്ങളില്ലാത്ത ഒരു കെട്ടിടത്തിലാക്കിയിരുന്നു. ഇവര്‍ക്ക് എന്തുപറ്റിയെന്ന് പരിശോധിച്ചുവരികയാണ്.
അവസാന ദിവസം ഇവിടത്തെ മാധ്യമ പ്രവര്‍ത്തകരുടെ ടെന്റിനു നേരെയും ഇസ്‌റാഈല്‍ സൈന്യം ബോംബാക്രമണം നടത്തിയിരുന്നു. ഞായറാഴ്ചയാണ് മാധ്യമ പ്രവര്‍ത്തകരുടെ ടെന്റ് ലക്ഷ്യമാക്കി ആക്രമണം നടത്തിയത്. രണ്ടു പേര്‍ കൊല്ലപ്പെടുകയും മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സൈന്യം ആശുപത്രിയില്‍ നിന്ന് പിന്മാറിയത്. ഹമാസുകാരെ വധിച്ചെന്നും പിടികൂടിയെന്നും അവകാശപ്പെട്ടാണ് സൈന്യം അല്‍ശിഫയില്‍ നിന്ന് പിന്മാറിയത്. രോഗികളും കിടപ്പാടം നഷ്ടപ്പെട്ടവരുമായി ആശുപത്രിയിലും വളപ്പിലുമായി പതിനായിരത്തോളം പേരാണ് കഴിയുന്നത്.
അല്‍ശിഫ ആശുപത്രിയിലെ സൈനിക നടപടി പൂര്‍ത്തിയാക്കിയെന്നും ഈ പ്രദേശത്തു നിന്ന് പിന്മാറിയെന്നും ഇസ്‌റാഈല്‍ സൈന്യവും അറിയിച്ചു.
മാര്‍ച്ച് 18 മുതലാണ് അല്‍ശിഫ ആശുപത്രി വളപ്പില്‍ ഇരച്ചുകയറിയ സൈന്യം ഷെല്ലാക്രമണം നടത്തിയത്. ഹമാസുകാര്‍ ആശുപത്രിക്ക് താഴെയുള്ള ടണലില്‍ ഒളിച്ചിരിക്കുന്നുവെന്നും ഹമാസിന്റെ ഓപറേഷന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുവെന്നും ആരോപിച്ചാണ് ഇസ്‌റാഈല്‍ ആശുപത്രികള്‍ക്കെതിരേ ആക്രമണം നടത്തുന്നത്.
കഴിഞ്ഞ നവംബറിലും ആശുപത്രിയില്‍ സമാന അതിക്രമങ്ങള്‍ നടത്തിയിരുന്നു. അന്നും നിരവധി പേരാണ് ഇതിനകത്തും പുറത്തും കൊല്ലപ്പെട്ടത്. അതിലേറെ ക്രൂരമായാണ് ഇത്തവണ ഇസ്‌റാഈല്‍ സൈന്യം ആശുപത്രിക്കകത്ത് ഭീകരത തുടര്‍ന്നത്. സംഭവത്തില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഇസ്‌റാഈലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."