ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതിക്കെതിരേ രൂക്ഷവിമര്‍ശനവുമായി യു.പി.പി രംഗത്ത്
മനാമ: ഇടവേളക്കു ശേഷം ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഭരണസമിതിയിലെ ഒരു വിഭാഗമായ യു.പി.പി രംഗത്ത്. ഇന്ത്യന്‍ സ്‌കൂള്‍ പ്രവേശന കാര്യത്തില്‍ തുടക്കം മുതല്‍ കനത്ത പരാജയമായിരുന്നു ഈ കമ്മറ്റിയെന്നും ഭരണം എല്ലാരീതിയിലും കുത്തഴിഞ്ഞ സാഹചര്യത്തില്‍ ഭരണസമിതി രാജിവയ്ക്കണമെന്നും യു.പി.പി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് പറഞ്ഞവര്‍ കാലങ്ങളായി കൈമുതലായുണ്ടായിരുന്ന മികവുപോലും നിലംപരിശാക്കിയിരിക്കുകയാണ്. വോട്ടുനല്‍കി അധികാരത്തിലേറ്റിയ രക്ഷിതാക്കളോടുള്ള വഞ്ചനയാണിത്. പത്താം ക്ലാസില്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷക്കിരുന്ന 59 കുട്ടികളില്‍ 55 പേരും പരാജയപ്പെട്ടത് ചരിത്രത്തില്‍ ആദ്യമാണ്. ഈ സംഭവത്തില്‍ രക്ഷിതാക്കള്‍ കടുത്ത ആശങ്കയിലാണെന്നും നേതാക്കള്‍ വ്യക്തമാക്കി. സ്‌കൂളുമായി ബന്ധപ്പെട്ട വിവിധ കാരണങ്ങളാല്‍ ഫാമിലി വിസയും മറ്റും സംഘടിപ്പിച്ച സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് ഒരു പാട് നഷ്ടങ്ങളുണ്ടായി. കുട്ടികള്‍ക്ക് സീറ്റ് കിട്ടാത്തതിന്റെ പേരില്‍ പലര്‍ക്കും കുടുംബത്തെ നാട്ടില്‍ വിടേണ്ടി വന്നിട്ടുണ്ട്. ഇതുതന്നെ വരുന്ന അധ്യയന വര്‍ഷാരംഭത്തിലും ആവര്‍ത്തിക്കാനാണ് സാധ്യത. പരിചയസമ്പന്നരായ സ്റ്റാഫിനെ പിരിച്ചുവിട്ട് സ്വന്തക്കാരെ വിദ്യാഭ്യാസ യോഗ്യത പോലും നോക്കാതെ, ആവശ്യമില്ലാത്ത തസ്തികകളുണ്ടാക്കി നിയമനം നടത്തിയപ്പോള്‍ സ്‌കൂളിന് വലിയ സാമ്പത്തിക നഷ്ടമാണുണ്ടായത്.
ഒരു വൈസ് പ്രിന്‍സിപ്പല്‍ സുതാര്യമായി ചെയ്തിരുന്ന ജോലി മൂന്നു പേര്‍ക്ക് വീതിച്ചു കൊടുത്തപ്പോള്‍ സ്‌കൂളിനുണ്ടായ അധിക ചെലവ് ഭീമമാണ്. വൈസ് പ്രിന്‍സിപ്പല്‍ മാത്രം ആവശ്യമുള്ള റിഫ ക്യംപസിലെ പ്രിന്‍സിപ്പല്‍ നിയമനവും അതിന്റെ അധിക ബാധ്യതകളും വിശദീകരിക്കേണ്ടതുണ്ട്.
തുടര്‍ച്ചയായി രണ്ടു വര്‍ഷം പുതിയ കമ്മിറ്റി മെഗാഫെയര്‍ നടത്താതിരുന്നതിലൂടെ ഉണ്ടായ നഷ്ടം ഏകദേശം രണ്ടര ലക്ഷം ദിനാറാണ്. ഇതുമൂലം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന നല്‍കാനോ സ്‌കൂളിന്റെ സാമ്പത്തികനില ഭദ്രമാക്കാനോ അര്‍ഹതപ്പെട്ടവര്‍ക്ക് ഫീസ് ഇളവ് നല്‍കാനോ സാധിച്ചില്ല. തെരഞ്ഞെടുപ്പ് പത്രികയില്‍, തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഉടന്‍ ഫീസ് കുറയ്ക്കുമെന്ന് വാഗ്ദാനം നല്‍കിയവര്‍ വാര്‍ഷിക ജനറല്‍ ബോഡിയിലെ അജണ്ടയില്‍ ഉള്‍പ്പെടുത്താതെ വളഞ്ഞ വഴിയിലൂടെ ഫീസ് വര്‍ധന നടപ്പാക്കാന്‍ ശ്രമിക്കുന്നത് അനീതിയും വിശ്വാസ വഞ്ചനയുമാണ്. മാത്രവുമല്ല, അധ്യയനവര്‍ഷത്തിന്റെ ഇടക്കുവെച്ചുള്ള ഫീസ് വര്‍ധന സി.ബി.എസ്.ഇ. അംഗീകരിക്കുന്നില്ല. ഇത്തരം നിയമവശങ്ങളെക്കുറിച്ച് നിലവിലുള്ള കമ്മിറ്റിക്ക് യാതൊരു ധാരണയുമില്ല. പിന്‍വാതില്‍ വഴി നിയമനം നേടിയ ചില അധ്യാപികമാര്‍ റിഫ ക്യാംപസിലെ കുട്ടികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുകയും പരാതി പറയാന്‍ ചെന്ന രക്ഷിതാക്കളോട് മോശമായി പെരുമാറുന്നതായും ആരോപണമുണ്ട്.
നിരന്തര സമ്മര്‍ദ്ദം ചെലുത്തി ഫീസ് അന്യായമായി വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ല. രക്ഷിതാക്കളെയും സമൂഹത്തെയും കബളിപ്പിക്കുന്നതിന് പകരം ഉടന്‍ പ്രത്യേക ജനറല്‍ ബോഡി യോഗം വിളിച്ച് കാര്യങ്ങള്‍ തീരുമാനിക്കണം. ഔദ്യോഗിക യു.പി.പി തങ്ങളാണെന്നും പിളര്‍ന്നു എന്നുപറയുന്നവരുമായി ബന്ധമില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ യു.പി.പി ചെയര്‍മാന്‍ അജയകൃഷ്ണന്‍, മീഡിയ കോ-ഓഡിനേറ്റര്‍ എഫ്.എം ഫൈസല്‍, ജ്യോതിഷ് പണിക്കര്‍, വി.എം.ബഷീര്‍, അബ്ബാസ് സേഠ്, റഷീദ് എന്‍.കെ.വാല്ല്യക്കോട്, ഡോ. മനോജ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."