സ്കൂളുകളിൽ വിദ്യാർഥികളേ ഉള്ളൂ; ഹിന്ദു കുട്ടികൾ, മുസ്‌ലിം കുട്ടികൾ എന്ന് വേർതിരിച്ച് പരാമർശം നടത്തിയ അഭിഭാഷകക്ക് ഹൈക്കോടതിയുടെ താക്കീത്
കൊച്ചി: സ്കൂളുകളിലെ വിദ്യാർഥികളെ ഹിന്ദു-മുസ്‌ലിം എന്ന് മതാടിസ്ഥാനത്തിൽ വേർതിരിച്ച് പരാമർശിച്ച സ്കൂളിന്റെ അഭിഭാഷകക്ക് കേരള ഹൈക്കോടതിയുടെ താക്കീത്. ശിരോവസ്ത്ര വിലക്കുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷക വിദ്യാർഥികളെ മതാടിസ്ഥാനത്തിൽ വേർതിരിച്ച് പരാമർശം നടത്തിയത്. അഭിഭാഷക വിമല ബേബിക്കാണ് ജസ്റ്റിസ് വി.ജി അരുൺ താക്കീത് നല്കിയത്.
സ്കൂളിൽ ഹിന്ദു- മുസ്‌ലിം എന്ന തരത്തിൽ കുട്ടികളെ വേർതിരിച്ച് കാണുന്നത് എന്തിനാണ് എന്നും, മതം തിരിച്ച് പറയേണ്ടതില്ലെന്നും സ്കൂളിൽ വിദ്യാർഥികൾ മാത്രമാണ് ഉള്ളതെന്നും ജസ്റ്റിസ് വി.ജി അരുൺ അഭിപ്രായപ്പെട്ടു. അതേസമയം ശിരോവസ്ത്രം ധരിച്ച വിദ്യാർഥിനിയെ സ്‌കൂളിൽ പ്രവേശിപ്പിക്കണമെന്ന എഇഒ / ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. സ്‌കൂളിന്റെ ഹരജിയിൽ സർക്കാരിനോട് കോടതി വിശദീകരണം തേടി.
സ്‌കൂൾ നിയമം പാലിച്ച് വിദ്യാർഥി വന്നാൽ കുട്ടിക്ക് വിദ്യാഭ്യാസം നൽകാൻ തയാറാണെന്ന് പള്ളുരുത്തി സെന്റ്. റീത്താസ് സ്‌കൂൾ പ്രിൻസിപ്പൽ. വിദ്യാർഥി സ്‌കൂളിൽ തുടരുന്നില്ലെന്ന പിതാവ് പറഞ്ഞതിന് പിന്നാലെയാണ് പ്രിൻസിപ്പൽ വീണ്ടും പ്രതികരണവുമായെത്തിയത്. അങ്ങിനെ വന്നാൽ കുട്ടിയെ പൂർണമനസ്സോടെ സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ പറയുന്നു. പാഠ്യപദ്ധതികൾക്ക് പുറമെ സാംസ്‌കാരിക മൂല്യങ്ങൾ കൂടി പഠിപ്പിക്കുന്ന സ്‌കൂൾ ആണിതെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.
കോടതിയുടെ മുന്നിലിരിക്കുന്ന പല വിഷയങ്ങൾക്കും ഇപ്പോൾ മറുപടി നൽകുന്നില്ലെന്നും അവർ വ്യക്തമാക്കി. കോടതിയെയും സർക്കാരിനേയും എന്നും ബഹുമാനിച്ചാണ് മുന്നോട്ടുപോവുന്നതെന്ന് പറഞ്ഞ അവർ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും കൂട്ടിച്ചേർത്തു. വിഷയത്തിൽ സ്‌കൂളുമായി സഹകരിച്ച എല്ലാവർക്കും നന്ദി പറയുകയും ചെയ്തു.
ശിരോവസ്ത്ര വിലക്ക് നേരിട്ട എട്ടാം ക്ലാസ് വിദ്യാർഥിനി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ പഠനം അവസാനിപ്പിക്കുകയാണെന്ന് ഇന്ന് രാവിലെയാണ് പിതാവ് വ്യക്തമാക്കിയത്. ചാനലുകൾക്ക് നൽകിയ പ്രതികരണത്തിന് പുറമേ ഫേസ് ബുക്ക് വഴിയും അദ്ദേഹം തന്റെ നിലപാട് അറിയിച്ചു. സ്‌കൂൾ അധികൃതരുടെ നിലപാടും പി.ടി.എ പ്രസിഡന്റിന്റെ നേതൃത്വത്തിൽ വിഷയം വർഗീയവത്ക്കരിക്കാൻ ശ്രമിച്ചതും മകൾക്ക് കടുത്ത മാലസിക സംഘർഷമുണ്ടായിക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
മതസൗഹാർദം തകരുന്ന ഒന്നും സമൂഹത്തിൽ ഉണ്ടാകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പേടിയും പനിയും വന്ന് മകൾ മാനസികമായി വലിയ ബുദ്ധിമുട്ടിലാണ്. മതാചാരപ്രകാരമുള്ള ഹിജാബ് ധരിച്ച് സ്‌കൂളിൽ പോവണമെന്നായിരുന്നു അവളും ഞങ്ങളും ആഗ്രഹിച്ചിരുന്നത്. ആ ന്യായമായ ആവശ്യം ഉന്നയിച്ചപ്പോൾ സ്‌കൂൾ അധികൃതർ നിരസിക്കുകയായിരുന്നു. ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രിക്കുൾപ്പെടെ താൻ പരാതി നൽകുകയും സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തു. എന്നിട്ടും മകൾക്ക് ഹിജാബ് ധരിച്ച് പോകാൻ മാനേജ്മെന്റ് അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ശിരോവസ്ത്ര വിവാദത്തിൽ ഇരായായ കുട്ടി പഠനം നിർത്തിപ്പോയാൽ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂൾ അധികൃതർ സർക്കാരിനോട് മറുപടി പറയേണ്ടിവരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. ആ കുട്ടി അനുഭവിക്കുന്ന മാനസിക സമ്മർദം വളരെ വലുതാണ്. ഒരു കൊച്ചുമോളോട് അങ്ങനെ പെരുമാറാൻ പാടുണ്ടോ? ഒരു കുട്ടിയുടെ പ്രശ്നം ആണെങ്കിലും സംരക്ഷണം നൽകുക എന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു. ശിരോവസ്ത്രം ധരിച്ച് നിൽക്കുന്ന അധ്യാപിക കുട്ടി ഇത് ധരിക്കരുതെന്ന് പറയുന്നത് വലിയ വിരോധാഭാസമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
high court reprimands lawyer for referring to students as hindu and muslim children in schools
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."