മാലിദ്വീപിലെ പ്രവാസികൾക്ക് കനത്ത തിരിച്ചടി; റെമിറ്റൻസ് നയം വീണ്ടും കടുപ്പിച്ച് എസ്.ബി.ഐ; പന്ത്രണ്ടായിരത്തിലധികം തൊഴിലാളികളുടെ ഭാവി ആശങ്കയിൽ
മാലെ: മാലിദ്വീപിലെ ഇന്ത്യൻ തൊഴിലാളികൾക്ക് ഇരുട്ടടി നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റെമിറ്റൻസ് നയം വീണ്ടും കടുപ്പിച്ചു. പുതുക്കിയ നിയമപ്രകാരം ഇന്ത്യയിലേക്ക് മാസത്തിൽ അയക്കാവുന്ന തുക 150 ഡോളറാക്കി പുതുക്കി നിശ്ചയിച്ചു. നേരത്തെ ഇത് 400 ഡോളറായിരുന്നു. 2025 ഒക്ടോബർ 25 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നാണ് ബാങ്ക് അറിയിച്ചിട്ടുള്ളത്. ബാങ്കിന്റെ നടപടി ഉപഭോക്താക്കൾക്കിടയിൽ വലിയ ആശങ്കകൾക്ക് വഴി വെച്ചിരിക്കുകയാണ്.
നേരത്തെ 2024 ഒക്ടോബറിൽ നടത്തിയ പരിഷ്കരണത്തിലാണ് നാട്ടിലേക്ക് അയക്കാവുന്ന തുക 500ൽ നിന്ന് 400 ആക്കി കുറച്ചത്. ഇതിനെതിരെ ഇന്ത്യൻ പ്രവാസികൾക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഈ നിരക്കാണ് ഇപ്പോൾ 150 ഡോളറാക്കി കുറച്ചിട്ടുള്ളത്. ഇത് പ്രവാസികളുടെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുമെന്നാണ് വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്.
മാലിദ്വീപിൽ ഏകദേശം 12,000-ത്തിലധികം ഇന്ത്യൻ പൗരന്മാർ താമസിക്കുന്നുണ്ടെന്നാണ് കണക്കുകൾ. അധ്യാപകർ, ഡോക്ടർമാർ, നഴ്‌സുമാർ, റിസോർട്ട് സ്റ്റാഫ്, വിവിധ സ്വകാര്യ മേഖല ഉദ്യോഗസ്ഥർ എന്നിങ്ങനെ തൊഴിലിൽ ഏർപ്പെട്ടവരുടെ പ്രധാന ആശ്രയമാണ് മാസാന്ത്യ റെമിറ്റൻസുകൾ.
അതേസമയം വിദേശ നാണ്യത്തിന്റ വരവ് കുറഞ്ഞതു കൊണ്ടാണ് റെമിറ്റൻസ് പരിധി വെട്ടിക്കുറച്ചതെന്നാണ് എസ്.ബി.ഐ നൽകുന്ന വിശദീകരണം. എന്നാൽ വ്യക്തമായ കാരണങ്ങൾ ബോധിപ്പിക്കാതെയും, കൃത്യമായ മുന്നൊരുക്കൾ നടപ്പാക്കാതെയുമാണ് ബാങ്ക് ഏകപക്ഷീയമായ തീരുമാനത്തിൽ എത്തിയതെന്നാണ് ഉപഭോക്താക്കളുടെ വിശദീകരണം. പുതിയ നിയമം പല ഇന്ത്യൻ തൊഴിലാളികളുടെയും നിലനിൽപ്പ് അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. മാലിദ്വീപ് വിട്ട് ഇന്ത്യയിലേക്ക് മടങ്ങേണ്ട സാഹചര്യത്തിലേക്ക് പ്രതിസന്ധി കൊണ്ടെത്തിച്ചെന്നും പല പ്രവാസികളും ആശങ്ക രേഖപ്പെടുത്തി.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ ആവശ്യം
പ്രശ്നത്തിൽ ഇന്ത്യൻ പ്രവാസി സംഘടനകൾ ഇന്ത്യൻ ഹൈക്കമ്മീഷൻ, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം, മാലിദ്വീപ് വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു. 2025 ജൂലെെയിൽ മാലിദ്വീപ് സ്വാതന്ത്ര്യ ദിനത്തിൽ വിശിഷ്ട അഥിതിയായിരുന്ന ഇന്ത്യൻ പ്രധാന മന്ത്രിയും കേന്ദ്ര സർക്കാറും വിഷയത്തിൽ ഇടപ്പെട്ട് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് മാലിദ്വീപിലെ ഇന്ത്യൻ തൊഴിലാളികൾ. വിഷയത്തിൽ ഇടപെടാൻ ഇന്ത്യയിലെയും കേരളത്തിലെയും മുഴുവൻ പൊതു പ്രവർത്തകരും ഇടപെടണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു.
SBI has reduced the monthly remittance limit for Indian workers in the Maldives from $400 to $150, affecting many workers who send money home.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."