മലയാളി വ്യാപാരിയെ ആക്രമിച്ച് 10 ലക്ഷം കൊള്ളയടിച്ച കേസ്; ഹെഡ് കോണ്‍സ്റ്റബിളടക്കം 5 പേര്‍ പിടിയില്‍
മംഗളൂരു: കര്‍ണാടകയില്‍ മലയാളി വ്യാപാരിയെ കൊള്ളയടിച്ച സംഭവത്തില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളെ കുടക് പൊലിസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ നിന്നുള്ള ഓട്ടോറിക്ഷ ഡ്രൈര്‍ സച്ചിന്‍ യാമാജി ധൂധല്‍ (24), താനെ സിറ്റിയിലെ കല്‍വ പൊലിസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ബാബ സാഹിബ് ചൗഗല്‍ (32), അബ സാഹിബ് ഷെന്‍ഡേജ് (33), യുവരാജ് സിന്ധെ (25), ബന്ദു ഹക്കെ (20) എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച്ച രാവിലെ പതിനൊന്നരയോടെയാണ് വടകര സ്വദേശി അബ്ബാസിനെയാണ് പ്രതികള്‍ വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. അബ്ബാസിന്റെ പക്കലുണ്ടായിരുന്ന 10 ലക്ഷം രൂപയും, മൊബൈല്‍ ഫോണും സംഘം കൊള്ളയടിക്കുകയും ചെയ്തു. കുടക് വിരാജ്‌പേട്ടയിലെ ബാലുഗോഡുവിനടുത്ത് വെച്ചായിരുന്നു സംഭവം. പെരുമ്പാടി-ഹുന്‍സൂര്‍ വഴി മൈസുരുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു അബ്ബാസ്.
മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള വാഹനത്തിലാണ് പ്രതികളെത്തിയത്. വാഹനം തടഞ്ഞ പ്രതികള്‍ ഗ്ലാസ് താഴ്ത്തിയപ്പോള്‍ അബ്ബാസിന്റെ തലക്കടിച്ചു. തുടര്‍ന്ന് കാറില്‍ നിന്ന് വലിച്ചിറക്കി റോഡില്‍ ഉപേക്ഷിച്ച ശേഷം കാറുമായി കടന്നുകളയുകയായിരുന്നു. അതുവഴി വന്ന പിക്കപ്പ് വാന്‍ ഡ്രൈവറാണ് തലപൊട്ടി രക്തം ഒഴുകുന്ന നിലയില്‍ കണ്ട അബ്ബാസിനെ ആശുപത്രിയില്‍ എത്തിച്ചത്.
ഡ്രൈവറുടെ സഹായത്തോടെ അബ്ബാസ് നാട്ടിലെ ബന്ധുക്കളെ വിവരമറിയിച്ചു. അവര്‍ ജിപിഎസ് ഉപയോഗിച്ച് വാഹനം ഓഫ് ചെയ്തു. ഇതോടെ അക്രമികള്‍ കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. കാര്‍ പിന്നീട് പൊലിസ് കണ്ടെത്തി. അക്രമി സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്ന് കുടക് ജില്ല പൊലിസ് സൂപ്രണ്ട് അറിയിച്ചു.
ഹോട്ടല്‍, ടെക്‌സ്‌റ്റൈല്‍സ് വ്യാപാരിയായ അബ്ബാസ് ദീപാവലി പ്രമാണിച്ച് കടയിലേക്ക് സ്റ്റോക്ക് എടുക്കാനാണ് മൈസുരുവിലേക്ക് പോയത്.
Keralite Trader Robbed in Karnataka; 5 Arrested Including Head Constable
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."