2026 ജെ.ഇ.ഇ മെയിൻ; അപേക്ഷയോടൊപ്പം പരീക്ഷാർഥിയുടെ മാതാവിന്റെ പേരുള്ള ആധാർ കാർഡ് മതി
കൊല്ലം: കേന്ദ്ര സർക്കാരിന്റെ നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന 2026ലെ ജെ.ഇ.ഇ (ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ) മെയിൻ അപേക്ഷയോടൊപ്പം പരീക്ഷാർഥിയുടെ മാതാവിന്റെ പേരുള്ള ആധാർ കാർഡ് ആയാലും മതി. സെപ്റ്റംബർ 29നുള്ള നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ നോട്ടിഫിക്കേഷനിൽ പരീക്ഷാർഥിയുടെ പിതാവിന്റെ പേര് ഉൾപ്പെട്ട ആധാർ കാർഡ് വേണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നു. ആധാർ കാർഡിൽ പിതാവിന്റെ പേര് ഉൾപ്പെടുത്തുവാനുളള പ്രത്യേകമായ വ്യവസ്ഥയില്ല.
ചട്ടപ്രകാരം പിതാവിന്റെയോ മാതാവിന്റെയോ രക്ഷകർത്താവിന്റെയോ ഭർത്താവിന്റെയോ ഭാര്യയുടെയോ പേര് കെയർ ഓഫ് ആയി രേഖപ്പെടുത്താനാണ് വ്യവസ്ഥ. നൂറ് കണക്കിന് വിദ്യാർഥികളാണ് മാതാവിന്റെ പേര് കെയർ ഓഫ് ആയി ആധാറിൽ രേഖപ്പെടുത്തിയിട്ടുളളത്.
പരീക്ഷയ്ക്കായി തയാറെടുക്കുന്ന നിരവധി വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും ഇതുമൂലം ആശങ്കയും ആശയകുഴപ്പവും ഉണ്ടായി. ഇക്കാര്യം എൻ.കെ പ്രേമചന്ദ്രൻ എം.പി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, നാഷനൽ ടെസ്റ്റിങ് ഏജൻസി ഡയറക്ടർ ജനറൽ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിയത് പ്രകാരമാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."