ദീപാവലിക്ക് മുന്നോടിയായി മുസ്‌ലിം വ്യാപാരികൾക്കെതിരെ വിദ്വേഷ പ്രചരണം: എക്സിൽ ബഹിഷ്കരണത്തിന് ആഹ്വാനം
ന്യൂഡൽഹി: വരാനിരിക്കുന്ന ദീപാവലി ആഘോഷത്തിന് മുന്നോടിയായി ഇന്ത്യയിലെ മുസ്‌ലിം വ്യാപാരികളെ സാമ്പത്തികമായി ബഹിഷ്കരിക്കാൻ ആഹ്വാനം. വർഗീയ വിദ്വേഷം പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകൾ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെ (മുൻപ് ട്വിറ്റർ) പ്രചരിക്കുന്നതായാണ് റിപ്പോർട്ടുകൾ. എക്സിലൂടെ നിരന്തരം തീവ്ര വലതുപക്ഷ ചിന്താഗതി വച്ച് പുലർത്തുന്നവരുടെ അക്കൗണ്ടുകളിലൂടെയാണ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മുസ്‌ലിം വിൽപ്പനക്കാരെ ബഹിഷ്കരിക്കാൻ ഹിന്ദുക്കളോട് അഭ്യർത്ഥിക്കുന്ന പോസ്റ്റുകൾ പങ്കുവെച്ചതിലധികവും.
ഇന്ത്യയിൽ ഒക്ടോബർ 20-നാണ് ദീപാവലി ആഘോഷിക്കുന്നത്. പ്രധാനമായും കളിമണ്ണ് കൊണ്ട് വിളക്കുകൾ നിർമ്മിച്ച് വിൽപ്പന നടത്തുന്ന മുസ്‌ലിം വ്യാപാരികളെ ലക്ഷ്യമിട്ടാണ് പോസ്റ്റുകളിലധികവും. ദീപാവലി ആഘോഷത്തിന് തീ തെളിയിക്കാൻ ഉപയോഗിക്കുന്ന വിളക്കുകൾ വാങ്ങുന്നത് "ഹിന്ദു മതത്തിൽപ്പെട്ടയാളുകളുടെ കടകളിൽ നിന്ന് തന്നെ വാങ്ങാൻ ശ്രമിക്കണം" എന്ന് ആഹ്വാനം ചെയ്താണ് പോസ്റ്റുകൾ പങ്കുവെച്ചിട്ടുള്ളത്. ജമ്മു-കാശ്മീരിൽ നടന്ന പഹൽഗാം ഭീകരാക്രമണം പോലുള്ള സംഭവങ്ങളെ ഉദ്ധരിച്ച് മുസ്‌ലിം വ്യാപാരികളെ വിവേചനപരമായി കാണാനും ആഹ്വാനം ചെയ്യുന്നുണ്ട്.
ആയിരക്കണക്കിന് ഫോളോവേഴ്സുള്ള നിരവധി എക്സ് അക്കൗണ്ടുകളിലൂടെയാണ് ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്. ചില പോസ്റ്റുകളിൽ എഐ ഉപയോഗിച്ചുള്ള സന്ദേശങ്ങളിലൂടെയും ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്യുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ ഹേറ്റ് ലാബ് പോലുള്ള സംഘടനകൾ ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ നിരന്തരമായി നിരീക്ഷിച്ചാണ് റിപ്പോർട്ട് ചെയ്യുന്നത്. സമാനമായി 2023-ൽ ഹരിയാനയിലെ ബിട്ടു ബജ്രംഗി എന്നയാൾ ദീപാവലിക്ക് മുമ്പ് മുസ്‌ലിം വ്യാപാരികളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത സംഭവങ്ങളും രാജ്യത്ത് നടന്നിട്ടുണ്ട്.
ഉത്തർപ്രദേശിലെ ആഗ്രയിലെ ഖേഡ ഗ്രാമത്തിൽ നടന്ന ഭഗവത് കഥാ പരിപാടിയിൽ മുസ്‌ലിംകളെ 'ഭീകരവാദികൾ' എന്ന് വിളിച്ച് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്ത സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യോഗി യുവബ്രിഗേഡ് ധർമ രക്ഷാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിലാണ് മുസ്‌ലിം വ്യാപാരികളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്.
അതേസമയം എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് പ്ലാറ്റ്ഫോം വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നില്ലെന്ന വ്യാപക വിമർശനവും ഉയരുന്നുണ്ട്.
ahead of deepavali, far-right influencers on x are promoting hate speech, urging hindus to boycott muslim traders, particularly those selling clay lamps, sparking controversy with divisive calls to "choose hindu" vendors.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."