കെയ്ൻ വില്യംസൺ ഇന്ത്യൻ വൈറ്റ് ബോൾ ഡ്രീം ടീം തെരഞ്ഞെടുത്തു; ടീമിൽ ഇടമില്ലാതെ ഇന്ത്യൻ കീരിട വിജയങ്ങളിലെ നിർണായക താരം
മുംബൈ: ന്യൂസിലൻഡിന്റെ മുൻ ക്യാപ്റ്റനും ക്രിക്കറ്റ് ലോകത്തെ ഇതിഹാസങ്ങളിലൊരാളുമായ കെയ്ൻ വില്യംസൺ തന്റെ സ്വപ്നതുല്യമായ ഇന്ത്യൻ വൈറ്റ് ബോൾ ഇലവനെ തിരഞ്ഞെടുത്തു. മിഡിൽസെക്സ് ക്രിക്കറ്റിന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെ പങ്കുവെച്ച ഈ ഇലവനിൽ നിരവധി പ്രതീക്ഷിത തിരഞ്ഞെടുപ്പുകളും അപ്രതീക്ഷിത തീരുമാനങ്ങളും ഉൾപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച്, ഇന്ത്യയുടെ നിലവിലെ ഓൾറൗണ്ടർ സൂപ്പർതാരം ഹാർദിക് പാണ്ഡ്യയെ പൂർണമായി ഒഴിവാക്കിയത് ക്രിക്കറ്റ് പ്രേമികളുടെ ഇടയിൽ ചർച്ചയായി.
വില്യംസൺ ഓപ്പണിങ് താരങ്ങളായി വീരേന്ദർ സെവാഗിനെയും, രോഹിത് ശർമ്മയെയും തിരഞ്ഞെടുത്തു. ഇന്ത്യയുടെ ടി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച റൺസ്കോററായ രോഹിത് 4,231 റൺസുമായി ഈ നേട്ടത്തിൽ മുൻനിരയിലാണ്. ഏകദിനത്തിൽ 11,168 റൺസുമായി നാലാമൻ സ്ഥാനത്ത് നിൽക്കുന്ന അദ്ദേഹത്തിന്റെ ആക്രമണ ബാറ്റിങ് ശൈലി വില്യംസണിന്റെ തിരഞ്ഞെടുപ്പിന് കാരണമായി. അതേസമയം, സെവാഗിന്റെ പവർപ്ലേ ആക്രമണം ഇന്ത്യയുടെ 2007 ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് വിജയങ്ങളുടെ അടിത്തറയായിരുന്നു. അദ്ദേഹത്തിന്റെ ഉജ്ജ്വലമായ തുടക്കങ്ങൾ ഏത് ടീമിനെയും ശക്തിപ്പെടുത്തുമെന്ന് വില്യംസൺ പറഞ്ഞു.
മൂന്നാം സ്ഥാനത്ത് വിരാട് കോഹ്ലിയെയാണ് തെരഞ്ഞെടുത്തത്, നാലാമനായി 'ലിറ്റിൽ മാസ്റ്റർ' സച്ചിൻ ടെണ്ടുൽക്കറിനെ കൊണ്ടുവന്നു. ഏകദിനത്തിലും ടി20യിലും ഇന്ത്യയ്ക്കായി റൺസ്കോറർമാരിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന കോഹ്ലി, രണ്ട് ഫോർമാറ്റുകളിലായി 18,000-ത്തിലധികം റൺസ് നേടിയിട്ടുണ്ട്. സച്ചിൻ, ടി20യിൽ ഒരു മത്സരം മാത്രമാണ് കളിച്ചിട്ടുള്ളതെങ്കിലും, ഏകദിനത്തിലെ എക്കാലത്തെയും മികച്ച സ്കോററാണ്. 18,426 റൺസുമായി അദ്ദേഹത്തിന്റെ ആധിപത്യം വൈറ്റ് ബോൾ ക്രിക്കറ്റിന്റെ അടിസ്ഥാനമാണ്.
അഞ്ചാമനായി 2007, 2011 ലോകകപ്പ് വിജയങ്ങളുടെ നായകനായ യുവരാജ് സിംഗിനെയാണ് തെരഞ്ഞെടുത്തത്. ഇടംകൈ സ്പിൻ ഓൾറൗണ്ടറായ യുവി, 2011 ലോകകപ്പിൽ പ്ലെയർ ഓഫ് ദി ടൂർണമെന്റ് സ്ഥാനം സ്വന്തമാക്കിയിരുന്നു. ആറാമനായി ഇന്ത്യയുടെ നിലവിലെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെയും, ഏഴാമനായി കാപ്റ്റൻ 'കൂൾ' എം.എസ്. ധോണിയെയും വില്യംസൺ ടീമിലെടുത്തു. ടി20യിൽ 2,670 റൺസുമായി ഇന്ത്യയുടെ മൂന്നാമത്തെ മികച്ച സ്കോററായ സൂര്യകുമാർ, 2024 ടി20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. ധോണി, 2007 ടി20, 2011 ഏകദിന ലോകകപ്പ് വിജയങ്ങളിലേക്ക് ഇന്ത്യയെ നയിച്ചു. ശ്രീലങ്കയ്ക്കെതിരായ 2011 ഫൈനലിൽ പ്ലെയർ ഓഫ് ദി മാച്ച് പ്രകടനം അദ്ദേഹത്തിന്റെ മികവിന്റെ തെളിവാണ്.
കെയ്ൻ വില്യംസൺ തന്റെ ടീമിൽ എട്ട് മുതൽ പതിനൊന്ന് വരെ സ്പെഷ്യലിസ്റ്റ് ബൗളർമാരെ തിരഞ്ഞെടുത്തു. പേസ് ആക്രമണത്തിന് ജസ്പ്രീത് ബുംറ, സഹീർ ഖാൻ, മുഹമ്മദ് ഷാമി എന്നിവരെയും, സ്പിൻ ശക്തിക്ക് അനിൽ കുംബളെയും ഉൾപ്പെടുത്തി. ടി20യിൽ 96 വിക്കറ്റുകളുമായി ഇന്ത്യയുടെ മൂന്നാമത്തെ മികച്ച ബൗളറായ ബുംറ, 2024 ടി20 ലോകകപ്പിൽ പ്ലെയർ ഓഫ് ദി ടൂർണമെന്റ് സ്ഥാനം നേടി. ഏകദിന ലോകകപ്പിൽ 55 വിക്കറ്റുകളും 13.52 ശരാശരിയും സഹിതം ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളറാണ് ഷാമി. 194 മത്സരങ്ങളിൽ 269 വിക്കറ്റുകളുമായി ഏകദിനത്തിലെ നാലാം സ്ഥാനത്ത് നിൽക്കുന്ന സഹീർ, 2011-ൽ ഇന്ത്യയുടെ ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നൽകി. സ്പിൻ സ്പെഷ്യലിസ്റ്റ് കുംബളെ, 269 മത്സരങ്ങളിൽ 334 വിക്കറ്റുകളുമായി ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനാണ്.
കെയ്ൻ വില്യംസൺ തെരഞ്ഞെടുത്ത സ്വപ്ന ഇന്ത്യൻ വൈറ്റ്-ബോൾ ഇലവൻ:
- വീരേന്ദർ സെവാഗ് (ഓപ്പണർ)
- രോഹിത് ശർമ്മ (ഓപ്പണർ)
- വിരാട് കോഹ്ലി
- സച്ചിൻ ടെണ്ടുൽക്കർ
- യുവരാജ് സിംഗ്
- സൂര്യകുമാർ യാദവ്
- എം.എസ്. ധോണി (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ)
- ജസ്പ്രീത് ബുംറ (പേസർ)
- അനിൽ കുംബളെ (സ്പിൻ)
- സഹീർ ഖാൻ (പേസർ)
- മുഹമ്മദ് ഷാമി (പേസർ)
ഈ ഇലവൻ ഇന്ത്യയുടെ വൈറ്റ്-ബോൾ ചരിത്രത്തിലെ മികച്ച താരങ്ങളെ സമന്വയിപ്പിക്കുന്നതായി വില്യംസൺ വിശദീകരിക്കുന്നു. ഹാർദിക് പാണ്ഡ്യ പോലുള്ള യുവതാരങ്ങളെ ഒഴിവാക്കിയത്, അദ്ദേഹത്തിന്റെ പരിമിതമായ ടെസ്റ്റ് അനുഭവത്തെ അടിസ്ഥാനമാക്കിയാണെന്ന് നീരിക്ഷകർ പറയുന്നു. ഈ തിരഞ്ഞെടുപ്പ് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായി, പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ. വില്യംസണിന്റെ ഈ 'ഡ്രീം ടീം' ഇന്ത്യൻ ക്രിക്കറ്റിന്റെ മഹത്വത്തെ വീണ്ടും ഓർമിപ്പിക്കുന്നു.എന്നാൽ ഇന്ത്യയുടെ കീരിട വിജയങ്ങളിൽ നിർണായക പങ്കുവഹിച്ച ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിന്റെ പേര് ഇല്ലാത്തതിനും ഏറെ വിമർശനം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."