മഴ വന്നപ്പോൾ ഓടി അടുത്തുള്ള വീട്ടിൽക്കയറി, വയനാട്ടിൽ 4 തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു
വയനാട്: കാലവർഷം കനത്തതോടെ സംസ്ഥാനത്ത് ഇടിമിന്നലേറ്റ് നിരവധി പേർക്ക് പരിക്കേറ്റു. വയനാട് പടിഞ്ഞാറത്തറ കാപ്പിക്കളത്ത് തൊഴിലുറപ്പ് തൊഴിലാളികളായ നാലുപേർക്കാണ് മിന്നലേറ്റത്.
അപ്രതീക്ഷിതമായി മഴ പെയ്തപ്പോൾ, അടുത്തുള്ള ഒരു വീടിനകത്തേക്ക് കയറി നിന്ന തൊഴിലാളികൾക്കാണ് വീടിനുള്ളിൽ വെച്ച് മിന്നലാക്രമണം ഏറ്റത്. ഭാഗ്യവശാൽ, ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരിൽ ഒരാളുടെ കാലിന് നേരിയ പൊള്ളലേറ്റിട്ടുണ്ട്. ഇവർക്ക് അടിയന്തര ചികിത്സ നൽകി.
പാലക്കാട്ട് പുസ്തകമെടുക്കാൻ പോയ യുവതിക്കും മിന്നലേറ്റു
വയനാടിന് പുറമെ പാലക്കാട് ജില്ലയിലും ഇടിമിന്നലേറ്റ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂറ്റനാട് അരി ഗോഡൗണിന് സമീപം താമസിക്കുന്ന മേനോത്ത് ഞാലിൽ വീട്ടിലെ അശ്വതിക്കാണ് ഇന്ന് ഇടിമിന്നലേറ്റത്.
വീട്ടിലിരുന്ന് കുട്ടികളെ പഠിപ്പിക്കുന്നതിനിടെ പുസ്തകമെടുക്കാൻ മുറിക്കകത്തേക്ക് കടക്കുന്ന സമയത്താണ് അതിശക്തമായ മിന്നൽ ആഞ്ഞടിച്ചത്. മിന്നലേറ്റതിനെ തുടർന്ന് അശ്വതിയുടെ കൈക്ക് പൊള്ളലേറ്റു. മിന്നലേറ്റ ഉടൻ അൽപ്പസമയം ചലനശേഷി നഷ്ടമായ ഇവരെ ഉടൻ തന്നെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിലുണ്ടായിരുന്ന കുട്ടികൾ അടക്കമുള്ള മറ്റ് കുടുംബാംഗങ്ങൾ ഇടിമിന്നലിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.ഇടിമിന്നൽ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.
ഇടിമിന്നൽ: മുൻകരുതലുകൾ
ഇടിമിന്നൽ മനുഷ്യർക്കും മൃഗങ്ങൾക്കും ജീവഹാനി വരുത്തുകയും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും ഗൃഹോപകരണങ്ങൾക്കും കേടുപാടുകൾ സൃഷ്ടിക്കുകയും ചെയ്യും. അതിനാൽ, കാർമേഘം കണ്ടു തുടങ്ങുമ്പോൾ മുതൽ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കണം
സുരക്ഷിത സ്ഥലം തേടുക: ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് അപകടകരമാണ്
വീടിനുള്ളിൽ ജാഗ്രത: ജനലുകളും വാതിലുകളും അടച്ചിടുക. ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക. വൈദ്യുതോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കുക.
ഫോൺ ഉപയോഗം: ലാൻഡ്‌ലൈൻ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ തടസമില്ല.
തുറസായ സ്ഥലങ്ങളിൽ: കുട്ടികൾ ഉൾപ്പെടെ, ടെറസിലോ മൈതാനങ്ങളിലോ കളിക്കുന്നത് ഒഴിവാക്കുക. വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
വാഹന യാത്ര: ഇടിമിന്നലുള്ളപ്പോൾ വാഹനത്തിനുള്ളിൽ തുടരുക. സൈക്കിൾ, ബൈക്ക്, ട്രാക്ടർ എന്നിവയിലെ യാത്ര ഒഴിവാക്കി സുരക്ഷിതമായ കെട്ടിടത്തിൽ അഭയം തേടുക.
ജലാശയങ്ങൾ: മിന്നലുള്ള സമയത്ത് ജലാശയങ്ങളിൽ മീൻപിടിക്കാനോ കുളിക്കാനോ ഇറങ്ങരുത്. മത്സ്യബന്ധനവും ബോട്ടിങും ഉടൻ നിർത്തി കരയിലേക്ക് മാറുക
ALSO READ: അതിശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച്, യെല്ലോ അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം
മറ്റ് മുൻകരുതലുകൾ
മഴക്കാറ് കണ്ടാൽ തുണി എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്. കുളിക്കുന്നതും ടാപ്പിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പട്ടം പറത്തുന്നതും നിർത്തിവയ്ക്കുക.
അടിയന്തര സാഹചര്യങ്ങൾ
ഇടിമിന്നലേറ്റാൽ പൊള്ളൽ, കാഴ്ചയോ കേൾവിയോ നഷ്ടപ്പെടൽ, ഹൃദയാഘാതം എന്നിവ സംഭവിക്കാം. മിന്നലേറ്റ വ്യക്തിയുടെ ശരീരത്തിൽ വൈദ്യുതി അവശേഷിക്കില്ല. അതിനാൽ, ഉടൻ പ്രഥമ ശുശ്രൂഷ നൽകി വൈദ്യസഹായം എത്തിക്കണം. ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള നിർണായക നിമിഷങ്ങളാണ്.
സുരക്ഷാ ഉപകരണങ്ങൾ: കെട്ടിടങ്ങൾക്ക് മിന്നൽ രക്ഷാ ചാലകവും വൈദ്യുതോപകരണങ്ങൾക്ക് സർജ് പ്രൊട്ടക്ടറും ഘടിപ്പിക്കുന്നത് സുരക്ഷ വർധിപ്പിക്കും. ഇടിമിന്നലിന്റെ അപകടസാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."