സ്‌കോളര്‍ഷിപ്പുകള്‍ക്ക് ആധാര്‍ നിര്‍ബന്ധം: എന്തിനെന്ന് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ നേടാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നത് എന്തിനെന്നു ഡല്‍ഹി ഹൈക്കോടതി.
ഇക്കാര്യത്തില്‍ വിശദീകരണം ആരാഞ്ഞു കേന്ദ്രസര്‍ക്കാരിന് ചീഫ് ജസ്റ്റിസ് ജി രോഹിനി, ജസ്റ്റിസ് സംഗീത ദിങ്ക്‌റ സെഗാള്‍ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസയച്ചു.
പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികളോട് ഉദ്യോഗസ്ഥര്‍ എന്തുകൊണ്ടാണ് ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കുന്നതെന്നു ചോദിച്ച ബെഞ്ച്, ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്നും വിശദീകരണം തേടിയശേഷം ഈ മാസം 23നകം മറുപടി അറിയക്കണമെന്നും നിര്‍ദേശിച്ചു.
ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടണമെന്ന് ഉദ്ദേശിച്ചുള്ള സ്‌കോളര്‍ഷിപ്പിന് ആധാര്‍ നിര്‍ബന്ധമാക്കുന്നതിലെ അസാംഗത്യം കോടതി ചോദ്യംചെയ്തു.
ആധാര്‍ കാര്‍ഡുള്ളവര്‍ക്കു മാത്രമേ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂവെന്ന നിബന്ധന ഏകപക്ഷീയവും വിവേചനവുമാണെന്ന് ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാസിമുദ്ദീന്‍ എജുക്കേഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
ഓണ്‍ലൈന്‍ വഴി സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കണമെന്ന നിര്‍ദേശം ഭരണഘടനാ വിരുദ്ധവും സുപ്രിംകോടതി വിധിയുടെ ലംഘനവുമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, നേഹ രതി എന്നിവര്‍ മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സര്‍ക്കാര്‍ ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രിംകോടതി ഉത്തരവും ഹരജിയില്‍ പരാമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."