സംസ്ഥാനത്ത് ഇന്നും കനത്ത മഴ; 12 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നൽ, ശക്തമായ കാറ്റ്
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്.
വെള്ളിയാഴ്ച (ഈ മാസം 24 വരെ) വരെ മഴ തുടരുമെന്നാണ് പ്രവചനം. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ന്യൂനമർദ്ദവും അതിശക്തമായ മഴ മുന്നറിയിപ്പും
തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് ഒരു പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഈ മാസം 24 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലവിലുള്ളത്.
ശക്തമായ മഴ എന്നാൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ നിന്ന് 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ്.കൂടാതെ, ഒക്ടോബർ 22, 23, 24 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും (Extremely Heavy Rainfall) സാധ്യതയുണ്ട്.അറബിക്കടലിലെ ന്യൂനമർദ്ദ പാത്തി കേരള തീരത്തിന് സമീപം തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിലൂടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ വരെ നിലനിൽക്കുന്നതും മഴയ്ക്ക് കാരണമാകും.ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 24 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഴയുമായി ബന്ധപ്പെട്ട് വിവിധ കടൽ മേഖലകളിൽ ശക്തമായ കാറ്റിന് സാധ്യത
തെക്കു കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം, തെക്കു കിഴക്കൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട് (മണിക്കൂറിൽ 35 മുതൽ 55 കിലോമീറ്റർ വരെ).തെക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നവർ ഇന്ന് രാവിലെയോടെ തീരത്തേക്ക് മടങ്ങണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."