ഇതരമതസ്ഥനെ വിവാഹം കഴിക്കുന്നത് തടയാന്‍ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുന്നു; പരാതിയുമായി ഉദുമ സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകള്‍
കാസര്‍കോട്: ഉദുമയില്‍ സി.പി.എം നേതാവിനെതിരെ ഗുരുതരമായ പരാതിയുമായി മകള്‍. ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കുന്നത് തടയാന്‍ തന്നെ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുകയാണെന്നാണ് സി.പി.എം ഏരിയ കമ്മിറ്റി അംഗം പി.വി ഭാസ്‌കരന്റെ മകള്‍ സംഗീതയുടെ പരാതി. വീഡിയോ സന്ദേശം വഴിയാണ് തന്റെ അവസ്ഥ പുറംലോകത്തെ അറിയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അരയ്ക്ക് താഴെ തളര്‍ന്ന തന്റെ സ്വത്ത് തട്ടിയെടുത്ത് കുടുംബം തന്നെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നുവെന്നും അവര്‍ തന്റെ വീഡിയോയില്‍ ആരോപിക്കുന്നു. ഇതര മതസ്ഥനായ യുവാവിനെ വിവാഹം കഴിക്കണമെന്ന് അറിയിച്ചതോടെയാണ് വീട്ടില്‍ പൂട്ടിയിട്ടതെന്നും സംഗീത പറയുന്നു.
'ഏകദേശം അഞ്ചുമാസത്തോളമായി ഞാന്‍ വീട്ടുതടങ്കലിലാണ്. അരയ്ക്ക് താഴെ തളര്‍ന്ന എന്റെ ട്രീറ്റ്‌മെന്റെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. മുസ്‌ലിം ആയ വ്യക്തിക്ക് ജീവിതത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം കൊടുത്തതിന്റെ പേരിലും അദ്ദേഹത്തെ ട്രസ്റ്റ് ചെയ്തതിന്റെ പേരിലും എന്റെ കുടുംബം മാനസികമായും ശാരീരികമായും കടുത്ത പീഡനമാണ് നേരിടേണ്ടിവരുന്നത്. ഒരു മകളോട് പറയാനോ ചെയ്യാനോ പാടില്ലാത്തത്രയുമുള്ള കാര്യങ്ങളാണ് എന്റെ അച്ഛന്‍ ചെയ്യുന്നത്. അദ്ദേഹത്തെ പറഞ്ഞാല്‍ എല്ലാവര്‍ക്കും അറിയും. ഉദുമയിലെ ഒരു കമ്യൂണിസ്റ്റ് നേതാവാണ്. പി.വി ഭാസ്‌കരന്‍.
കമ്യൂണിസം എന്നുള്ളത് പുറത്ത് കാണിക്കാന്‍ മാത്രമുള്ളതാണെന്ന് ഈയിടെയാണ് എനിക്ക് മനസിലായത്. അച്ഛന്‍ മുഖത്ത് നോക്കി പറഞ്ഞു, കമ്യൂണിസമൊക്കെ വീട്ടിന് പുറത്ത് വീടിന് അകത്ത് അതൊന്നും നടക്കില്ല. അക്കാര്യം പറഞ്ഞ് ഇവിടെ നില്‍ക്കാമെന്ന് കരുതണ്ട. പറയുന്നത് അനുസരിച്ചില്ലേല്‍ കൊല്ലാനും അതില്‍ നിന്ന് ഊരിപോരാനും തനിക്കറിയാമെന്ന് അച്ഛന്‍ മുഖത്ത് നോക്കി പറഞ്ഞു. ഇനി നീ നടക്കാനും പോകുന്നില്ല. അരയ്ക്ക് താഴെ തളര്‍ന്ന നീ ഇതുപോലെ ഇവിടെ കിടന്ന് പുഴുത്തോ.'-പുറത്ത് വിട്ട വിഡിയോയില്‍ സംഗീത പറയുന്നു.
ഫോണ്‍ വാങ്ങിവെച്ചതിനെ തുടര്‍ന്ന് തന്റെ കൈയില്‍ രഹസ്യമായി സൂക്ഷിച്ച ഫോണ്‍ ഉപയോഗിച്ചാണ് അവര്‍ വീഡിയോ ചിത്രീകരിച്ചത്.
വിവാഹ മോചിതയാണ് ഇവര്‍. അതിനിടക്ക് അവര്‍ ഒരു വാഹനാപകടത്തില്‍ പെടുകയും അരക്ക് താഴെ തളരുകയും ചെയ്തിരുന്നു. ഒരുപാട് ചികിത്സകള്‍ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. വീട്ടില്‍ തന്നെ വീട്ടില്‍ ഒതുങ്ങികൂടുന്നതിനിടക്കാണ് നാഡീവൈദ്യ ചികിത്സക്കായി പോകുന്നത്. അവിടെ വെച്ചാണ് മുസ്‌ലിം യുവാവിനെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. വിവാഹം കഴിക്കാനുള്ള താല്‍പര്യം പറഞ്ഞതോടെ വീട്ടുതടങ്കലിലാക്കുകയായിരുന്നു. ചികിത്സയും മതിയാക്കി.
തടങ്കലിലാണെന്ന് കാണിച്ച് ഒരു സുഹൃത്ത് വഴി ഹെബിയസ് കോര്‍പസ് ഫയല്‍ ചെയ്‌തെങ്കിലും പൊലിസ് തന്നോട് ഒന്നും ചോദിക്കാന്‍ തയാറായില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. വിഡിയോ മാധ്യമങ്ങള്‍ക്ക് കൈമാറുന്നതിന് മുന്‍പ് തന്നെ യുവതി എസ്.പി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു.
a cpm area committee member’s daughter from udma, kasaragod, has alleged that her family confined and abused her to prevent her from marrying a man of another religion.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."