ശബരിമലക്കാലത്ത് ട്രെയിനിന് തിരുവല്ലയില്‍ സ്റ്റോപ്പ്
തിരുവനന്തപുരം: ഓണം അവധിദിനങ്ങളിലും തുടര്‍ന്ന് ശബരിമല തീര്‍ഥാടനകാലത്തുമുണ്ടാകുന്ന തിരക്ക് കണക്കിലെടുത്ത് ദക്ഷിണ റെയില്‍വേ കൂടുതല്‍ പ്രത്യേക ട്രെയിന്‍ സര്‍വിസുകള്‍ ഏര്‍പെടുത്തി.
ഇന്ന് ചെന്നൈയില്‍ നിന്ന് തിരുവന്തപുരത്തേക്ക് സുവിധ സ്‌പെഷ്യല്‍ സര്‍വിസ് നടത്തും. ഇന്നു വൈകിട്ട് 3.15ന് ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (82623) നാളെ രാവിലെ 7.45ന് തിരുവനന്തപുരം സെന്‍ട്രലിലെത്തും. ഈ വണ്ടിക്ക് കൊല്ലം, കായംകുളം, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പ്പേട്ട, കാട്പാടി, ആര്‍ക്കോണം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
കൊച്ചുവേളിയില്‍ നിന്ന് ഗുവാഹത്തിയിലേക്കും തിരിച്ചും പ്രത്യേക സുവിധ ട്രെയിന്‍ ഏര്‍പെടുത്തി.
ഈ മാസം 11ന് ഉച്ചയ്ക്ക് 12 മണിക്ക് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (82632) 14ന് രാവിലെ 8.45ന് ഗുവാഹത്തിയിലെത്തും. തിരിച്ച് 14ന് രാത്രി 11.25ന് ഗുവാഹത്തിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06335) 17ന് രാത്രി 10.30ന് കൊച്ചുവേളിയിലെത്തും. ഈ വണ്ടിയില്‍ 12 സ്‌ളീപ്പര്‍, എട്ട് ജനറല്‍ കോച്ചുകളുണ്ടാകും. ഇതിനു കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് സ്റ്റേഷനുകളിലും കേരളത്തിനു പുറത്ത് പ്രധാന സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ടാകും.
ശബരിമല തീര്‍ഥാടന കാലത്ത് തിരുനെല്‍വേലി- ഗാന്ധിധാം റൂട്ടിലും സ്‌പെഷ്യല്‍ ട്രെയിനുകളുണ്ടാകും. ട്രെയിന്‍ നമ്പര്‍ 09458 ഒക്ടോബര്‍ മൂന്ന്, 10, 17, 24 തിയതികളില്‍ (തിങ്കളാഴ്ച) ഉച്ചയ്ക്ക് 1.5ന് ഗാന്ധിധാമില്‍ നിന്ന് പുറപ്പെട്ട് അടുത്ത ബുധനാഴ്ചകളില്‍ പകല്‍ 11.45ന് തിരുനെല്‍വേലിയിലെത്തും. തിരിച്ച് ട്രെയിന്‍ നമ്പര്‍ 09458 ഒക്ടോബര്‍ 13നും 20നും (വ്യാഴം) രാവിലെ 7.55ന് തിരുനെല്‍വേലിയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ശനിയാഴ്ചകളില്‍ ഗാന്ധിധാമിലെത്തും. ഒക്ടോബര്‍ ആറിനും 27നും സുവിധ സ്‌പെഷല്‍ ട്രെയിന്‍ (09459) ഇതേ സമയക്രമത്തില്‍ തിരുനെല്‍വേലിയില്‍ നിന്ന് ഗാന്ധിധാമിലേക്ക് ഓടും. ഈ വണ്ടികള്‍ക്ക് വള്ളിയൂര്‍, നാഗര്‍കോവില്‍ ടൗണ്‍, തിരുവനന്തപുരം സെന്‍ട്രല്‍, കൊല്ലം, ആലപ്പുഴ, എറണാകുളം ജങ്ഷന്‍, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മംഗളൂരു തുടങ്ങിയ പ്രധാന സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും.
കൊച്ചുവേളി- ഡെറാഡൂണ്‍ എക്‌സ്പ്രസിന് നവംബര്‍ 18 മുതല്‍ ജനുവരി 13 വരെയും ഡെറാഡൂണ്‍- കൊച്ചുവേളി എക്‌സ്പ്രസിന് നവംബര്‍ 21 മുതല്‍ ജനുവരി 16 വരെയും നിസാമുദ്ദീന്‍- തിരുവനന്തപുരം എക്‌സ്പ്രസിന് നവംബര്‍ 21 മുതല്‍ ജനുവരി 16 വരെയും, തിരുവനന്തപുരം- നിസാമുദ്ദീന്‍ എക്‌സ്പ്രസിന് നവംബര്‍ 19 മുതല്‍ ജനുവരി 14 വരെയും, കന്യാകുമാരി- ദിബ്രുഗഢ് എക്‌സ്പ്രസിന് നവംബര്‍ 17 മുതല്‍ ജനുവരി 19 വരെയും, ദിബ്രുഗഢ്- കന്യാകുമാരി എക്‌സ്പ്രസിന് നവംബര്‍ 19 മുതല്‍ ജനുവരി 14 വരെയും തിരുവല്ലയില്‍ പ്രത്യേക സ്റ്റോപ്പ് അനുവദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."