മകന്റെ മരണത്തിൽ മുൻ ഡിജിപിക്കും മുൻ മന്ത്രിക്കുമെതിരെ കൊലപാതക കേസ്; വീഡിയോകൾ വിവാദമാകുന്നു
പഞ്ച്കുല: പഞ്ചാബിലെ മുൻ ഡിജിപിയായിരുന്ന മുഹമ്മദ് മുസ്തഫക്കും ഭാര്യയും മുൻ മന്ത്രിയുമായിരുന്ന റസിയ സുൽത്താനക്കുമെതിരെ മകൻ അഖിൽ അഖ്തറിന്റെ മരണത്തിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്തു. 2017-2022 കാലഘട്ടത്തിൽ കോൺഗ്രസ് സർക്കാരിൽ മന്ത്രിയായിരുന്നു റസിയ സുൽത്താന.
അഞ്ച് ദിവസം മുൻപാണ് ഇവരുടെ മകൻ അഖിൽ അഖ്തറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നാലെ അഖിൽ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിരുന്ന വീഡിയോകൾ പുറത്തുവന്നതോടെയാണ് സംഭവം വലിയ വിവാദമായത്. തന്റെ ഭാര്യയ്ക്ക് പിതാവുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും തനിക്ക് വധഭീഷണിയുണ്ടെന്നും അഖിൽ മുൻപ് റെക്കോർഡ് ചെയ്ത ഒരു വീഡിയോയിൽ ആരോപിച്ചിരുന്നു.
എന്നാൽ, ചൊവ്വാഴ്ച പുറത്തുവന്ന മറ്റൊരു വീഡിയോയിൽ, കുടുംബാംഗങ്ങൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തന്റെ മാനസിക പ്രശ്നങ്ങൾ കാരണം സംഭവിച്ചതാണെന്നും തന്നോട് ക്ഷമിക്കണമെന്നും അഖിൽ പറയുന്നു. ഈ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് കുടുംബാംഗങ്ങൾക്കെതിരെ കേസ് എടുത്തതെന്ന് ഡെപ്യൂട്ടി കമ്മിഷണർ സൃഷ്ടി ഗുപ്ത അറിയിച്ചു.
കേസ് എടുത്തതിന് പിന്നാലെ ആരോപണങ്ങൾ നിഷേധിച്ചുള്ള വീഡിയോ പുറത്ത്
എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് നിലവിൽ ആരോപണങ്ങൾ അന്വേഷിക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം മരുന്നുകളുടെ ഓവർഡോസാണ് അഖിലിന്റെ മരണകാരണം. മയക്കുമരുന്ന് ഉപയോഗിച്ച ശേഷമാണോ അഖിൽ വീഡിയോകൾ ചെയ്തതെന്ന സംശയത്തിലാണ് പൊലിസ്.
ഒക്ടോബർ 16-നാണ് പഞ്ച്കുലയിലെ വീട്ടിൽ അഖിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതിനുശേഷമാണ് അഖിലിന്റെ വീഡിയോ പുറത്തുവന്നതും വൈറലായതും. ഓഗസ്റ്റ് 27-ന് അഖിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ്, ഭാര്യയുമായി അച്ഛന് അവിഹിത ബന്ധമുണ്ടെന്നും അമ്മയും സഹോദരിയും തന്നെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ആരോപിച്ചത്.
ഒക്ടോബർ 17-ന് കുടുംബത്തെ അടുത്തറിയുന്ന ഷംസൂദ്ദീൻ ചൗധരിയെന്നയാൾ അഖിലിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കാട്ടി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ചയാണ് പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്.
കേസ് എടുത്തതിന് പിന്നാലെയാണ് താൻ മുൻപ് പോസ്റ്റ് ചെയ്ത വീഡിയോ മാനസിക അസ്വാസ്ഥ്യം മൂലമാണെന്ന് അഖിൽ വിശദീകരിക്കുന്ന പുതിയ വീഡിയോ ചൊവ്വാഴ്ച പുറത്തുവന്നത്. തനിക്ക് സ്കീസോഫ്രീനിയ ഉണ്ടെന്നും മുൻപ് പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കാൻ പോലും താൽപര്യപ്പെടുന്നില്ലെന്നും ഈ വീഡിയോയിൽ അഖിൽ വ്യക്തമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."